ADVERTISEMENT

സമൂഹ മാധ്യമങ്ങളിൽ കുറച്ചു ദിവസമായി നടക്കുന്ന ചർച്ച ‘തൊപ്പി’ എന്നറിയപ്പെടുന്ന യൂട്യബർ നിഹാദിനെ പറ്റിയാണ്. അദ്ദേഹത്തിന്റെ അശ്ലീലം നിറഞ്ഞ കണ്ടന്റുകൾക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ തൊപ്പിക്കെതിരെ വിമർശനവുമായെത്തിയിരിക്കുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന. സമൂഹ മാധ്യമങ്ങളിലൂടെ ഒരു സമൂഹത്തെ തന്നെ അരാഷ്ട്രീയതയിലേക്കും, അനാശാസ്യങ്ങളിലേക്കും വഴിതിരിച്ചു വിടുന്ന നിഹാദ് എന്ന സഹോദരനെ അടിയന്തരമായി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ശ്രീജിത്ത് പെരുമന സമൂഹ മാധ്യമത്തിൽ കുറിച്ചു. അദ്ദേഹത്തിന് കൗൺസിലിംഗ് ഉൾപ്പെടെയുള്ള ചികിത്സ സർക്കാർ ഉറപ്പാക്കണമെന്നും ശ്രീജിത്ത് കുറിച്ചു.

സമാന്തര ഇൻസ്റ്റാ ലോകത്തെ ചികിത്സിക്കണം എന്നു തുടങ്ങുന്ന പോസ്റ്റിൽ തൊപ്പിക്ക് എത്രയും പെട്ടന്ന് ചികിത്സ ഉറപ്പാക്കണമെന്നും ശ്രീജിത്ത് പറയുന്നു. തൊപ്പി എന്ന നിഹാദ് പ്രചരിപ്പിച്ച ഒഫൻസീവായ ഏതെങ്കിലും വീഡിയോകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഈ പോസ്റ്റിൽ കമന്റ് ചെയ്യണമെന്നും. അത് ആ ചെറുപ്പക്കാരനെ ജയിലിൽ അടയ്ക്കാനല്ല, അയാളിലൂടെ സമൂഹത്തെ തിരുത്താനും, അയാളെ രക്ഷിക്കാനുമാണെന്നും ശ്രീജിത്ത് കുറിച്ചു. 

‘നമുക്ക് ആർക്കും തൊപ്പിയെന്ന നിഹാദിനെ അറിയില്ലായിരുന്നു. പക്ഷേ എന്റെയും നിങ്ങളുടെയും വീട്ടിലെ കുട്ടികൾക്ക് അയാളെ അറിയാം. നമ്മുടെ വീട്ടിൽ നമ്മുടെ കുട്ടികൾ അസ്വസ്ഥരാണ്, നമ്മിൽ പലർക്കും അറിയാത്ത ഒരു സമാന്തര ലോകം സോഷ്യൽ മീഡിയയിലുണ്ട്. അവിടെ രാഷ്ട്രീയമോ, സംവാദങ്ങളോ, മൂല്യങ്ങളോ, അസമത്വങ്ങളോ, പൊളിറ്റിക്കൽ കറക്ടനെസോ ഒന്നുമില്ല. മസ്തിഷ്ക പ്രക്ഷാളനം നടത്തി ആ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ ലൈംഗികമായും, അശ്ലീലത പറഞ്ഞും, തെറി പറഞ്ഞും, കോമാളിത്തരങ്ങൾ കാണിച്ചും, ഇത്തരം വിഷയങ്ങൾ  അവരിലേക്ക് എത്തിക്കുകയും അത് മാർക്കറ്റ് ചെയ്യുകയുമാണ് നടക്കുന്നത്. അയാളുടെ ഇന്റർവ്യൂ കാണുമ്പോൾ മനസിലാകും അദ്ദേഹത്തിന് കടുത്ത ഡിപ്രഷൻ ഉണ്ട്’– അഡ്വ. ശ്രീജിത്ത് പെരുമന

‘സാമൂഹിക സാഹചര്യങ്ങളോട് ചേർന്നു നില്കുന്നതോ സാമൂഹിക പുരോഗതിയ്ക്കു ഉതകുന്നതതോ ആയ ഒന്നും തന്നെ ഇവിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നില്ല എന്നതിനേക്കാൾ സമൂഹത്തെ ചിന്നഭിന്നമാകുന്ന അരാക്ഷ്ട്രീയതയിൽ ഊന്നിയ, നിയമസംവിധാനത്തെയും ജനാധിപത്യത്തെയും പോലും വെല്ലുവിളിയ്ക്കുന്ന ഒരു പുതു തലമുറയെ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളായി ഈ മാധ്യമങ്ങൾ ഒരു പരിധി വരെ മാറുന്നു എന്നതാണ് ഇന്നിന്റെ സത്യം’. വിഷയത്തിൽ നിഹാദിനെ കൗൺസിലിംഗ് നടത്താനും, അയാൾക്ക് ചികിത്സ ആവശ്യമെങ്കിൽ നൽകാനും, അതോടൊപ്പം ഒരു സമൂഹത്തെത്തന്നെ വികലമാകുന്ന നിയമവിരുദ്ധമായ എല്ലാ അശ്ലീല / നിയമവിരുദ്ധ യൂട്യൂബ് / സോഷ്യൽ മീഡിയ വീഡിയോകളും മറ്റ് കണ്ടെന്റ്കളും നീക്കം ചെയ്യാനും ആവശ്യ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com