ADVERTISEMENT

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മോഡലുകളില്‍ ഒരാളാണ് തിരുവനന്തപുരം സ്വദേശി അഗ്നിമിത്ര കൃഷ്ണൻ. ആറടി രണ്ടിഞ്ചാണ് (187.96 സെ.മീ) അഗ്നിമിത്രയുടെ ഉയരം. ഉയരക്കൂടുതലാണ് തനിക്കു ലഭിച്ച അനുഗ്രഹമെന്നു പറയുമ്പോഴും അതിന്റെ പേരിൽ നേരിട്ട അധിക്ഷേപങ്ങളും അഗ്നിമിത്രയുടെ മനസ്സിലുണ്ട്. ‘‘മോഡലിങ് രംഗത്തും കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ട്. ‘അഡ്ജസ്റ്റ്മെന്റി’നു തയാറാകണമെന്ന് പറയുമ്പോൾ ഭയം തോന്നുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങൾക്കു തയാറാകാത്തതിനാൽ പലപ്പോഴും അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. ന്യൂഡിറ്റി ഫോട്ടോഷോട്ട് ചെയ്തപ്പോൾ മോശക്കാരിയാണെന്നു മുദ്രകുത്തി. പക്ഷേ, ഇതെല്ലാം മോഡലിങ്ങിന്റെ ഭാഗമാണ്.’’ സാരിയുടുത്തു മാത്രമേ ഫോട്ടോഷൂട്ട് നടത്തൂ എന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും അഗ്നിമിത്ര വ്യക്തമാക്കുന്നു. മോഡലിങ് മാത്രം സ്വപ്നം കണ്ടു വരുന്നവർക്ക് ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ പാടാണെന്നും അഗ്നിമിത്ര പറയുന്നു.

Read More: ‘യു ആർ സൂപ്പർ, തന്റെ കുറെ പിക്...’, അശ്ലീല സന്ദേശത്തിന് മറുപടിയുമായി അശ്വതി

∙ ശരീരവടിവ് നിലനിർത്തിയാല്‍ പ്രായം പ്രശ്നമല്ല!

‘‘ചെറുപ്പത്തിൽ എനിക്കു മോഡലിങ്ങിനോടൊന്നും വലിയ താൽപര്യമുണ്ടായിരുന്നില്ല. അങ്ങനെ ഒരു ചിന്ത മനസ്സിൽ പോലും ഉണ്ടായിരുന്നില്ല. കൂട്ടുകാരാണ് എനിക്കു മോഡലിങ് സാധിക്കുമെന്നു പറഞ്ഞത്. എനിക്ക് ആറടി രണ്ടിഞ്ച് ഉയരമുണ്ട്. അതുകൊണ്ട് മോഡലിങ്ങിൽ ശ്രമിക്കാമെന്ന് അവർ പറഞ്ഞു. ഉയരം മോഡലിങ്ങിന്റെ ഒരുഭാഗം മാത്രമാണ്. അത്യാവശ്യം വണ്ണമുള്ളതു പ്രശ്നമായിരുന്നു. ഇപ്പോൾ പ്ലസ് സൈസ് കുടിയുള്ളതിനാലാണ് ഞാനീ മേഖലയിൽ പിടിച്ചു നിന്നത്. പ്ലസ് സൈസ് മോഡൽ എന്നതിന് പരിധിയുണ്ട്. ബാക്കി എല്ലാം മെലിഞ്ഞാൽ മാത്രമേ സാധിക്കൂ. എല്ലാവരും വണ്ണം കുറയ്ക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ഓവറായി വ്യായാമം ചെയ്തത് എനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കി.

chat-with-model-agnimithra-krishnan1
Image Credits: Instagram/agnimithra_krishnan_

ബ്രാൻഡുകളുടെ ഫോട്ടോഷൂട്ടുകൾ ലഭിക്കാത്തതിന്റെ പ്രധാന കാരണവും എനിക്ക് അൽപം വണ്ണമുള്ളതുകൊണ്ടാണ്. അവർക്കെപ്പോഴും ആവശ്യം മെലിഞ്ഞവരെയാണ്. 30 വയസ്സു കഴിഞ്ഞാൽ പലപ്പോഴും അവസരം കുറയുന്നതും നമ്മൾ വണ്ണം വയ്ക്കുന്നതിനാലാണ്. ശരീരവടിവ് നിലനിർത്തിയാൽ മോഡലിങ്ങിന് പ്രായപരിധിയില്ല. സൗന്ദര്യം നിലനിർത്താൻ പാലുൽപന്നങ്ങൾ ഉപയോഗിക്കുന്നതു നല്ലതാണ്. നന്നായി വർക്കൗട്ട് ചെയ്യണം. 42 വയസ്സിലും പതിനെട്ടു വയസ്സിന്റെ ചെറുപ്പം നിലനിർത്താൻ ഇന്റർനാഷനൽ മോഡലുകൾക്കു സാധിക്കുന്നുണ്ട്. അവരെ പോലെയാകാനാണ് ഞാൻ ശ്രമിക്കാറുള്ളത്. കേരളത്തിൽ പലപ്പോഴും അവസരം കുറവാണ്. പക്ഷേ, നമ്മുടെ കഴിവിലൂടെ, ശരീരം നന്നായി നിലനിർത്തുന്നതിലൂടെയൊക്കെ നമുക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.’’

∙ ‘ഫേവറബിളാ’യി നിന്നാൽ കൂടുതൽ അവസരം

‘‘മോഡലിങ് മേഖലയിൽ ചില കാര്യങ്ങളുണ്ട്. ഉയർന്നു വരണമെങ്കിൽ പലർക്കും ‘ഫേവറബിളാ’യി നിൽക്കേണ്ടി വരും. അവർക്കു ഫേവറബിളായി നിൽക്കുകയാണെങ്കിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും. എനിക്ക് അതിൽ താൽപര്യം ഉണ്ടായിരുന്നില്ല. ചിലർ വർക്കുകൾ നൽകുമ്പോൾ ‘അഡ്ജസ്റ്റ്മെന്റി’ൽ നിൽക്കണമെന്ന് പറയും. ഇത് വര്‍ക്ക് പിടിക്കുന്നവരുടെ പ്രശ്നമല്ല. ചില ബിസിനസുകാർ അങ്ങനെയാണ് സമീപിക്കുന്നത്. നിങ്ങള്‍ അവരെ പിണക്കരുതെന്നൊക്കെ പറയുമ്പോൾ ഭയം തോന്നും.

chat-with-model-agnimithra-krishnan2
Image Credits: Instagram/agnimithra_krishnan_

കുറച്ചു കാലമായി ഞാൻ വർക്കൊന്നും എടുക്കാത്തതിന്റെ പ്രധാന കാരണവും ഇതാണ്. എനിക്കു ഫേവറബിളായി നിന്ന് വർക്ക് എടുക്കേണ്ട. നമുക്കു കഴിവുണ്ടെങ്കിൽ നിന്നാല്‍ മതിയല്ലോ. ഞാൻ ഒരു നാട്ടിൻപുറത്തു ജീവിച്ചു വളർന്ന ആളാണ്. അതിന്റെതായ പ്രശ്നങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. അഡ്ജസ്റ്റ്മെന്റ് ചെയ്ത് വർക്കു നേടാൻ എനിക്കു താൽപര്യമില്ല. അവളൊരു ഗ്രാമീണ പെൺകുട്ടിയാണെന്നു പറഞ്ഞ് പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. വെളുത്തു മെലിഞ്ഞ ആളുകൾക്കാണ് എപ്പോഴും അവസരം ലഭിക്കുന്നത്. നിറത്തിന്റെ അടിസ്ഥാനത്തിലുള്ള മാറ്റിനിർത്തലുകൾ ഇപ്പോഴും ഉണ്ട്. കറുപ്പും വെളുപ്പും എത്ര ഇല്ലെന്നു പറഞ്ഞാലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പലപ്പോഴും ഇത്തരം അവഗണനകൾ നേരിട്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ വലിയ രീതിയിലുള്ള മാനസിക സമ്മർദങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. വർക്ക് ചെയ്ത ശേഷം പണം ലഭിക്കാത്ത അവസ്ഥപോലും ഉണ്ടായിട്ടുണ്ട്.’’ 

∙ അതിജീവനം അത്ര എളുപ്പമല്ല

കേരളത്തിൽ ഏറ്റവും ഉയരമുള്ള സ്ത്രീകളില്‍ മൂന്നാംസ്ഥാനത്താണ് ഞാൻ ഉള്ളത്. കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി ഒരു ഷോയുടെ ഭാഗമായത്. ഉയരത്തിന്റെ ഒരു മുൻഗണന എനിക്ക് എപ്പോഴും ലഭിക്കാറുണ്ട്. മോഡല്‍ എന്നതിലുപരിയായി, ഉയരമുള്ള ഒരാൾ എന്ന നിലയിലാണ് ആ ഷോയിൽ എന്നെ വിളിച്ചത്. ഈ മേഖലയിൽ പിടിച്ചു നിൽക്കുക അത്ര എളുപ്പമല്ല. ആറടിക്കു മുകളിൽ ഉയരം വരുന്നതിന്റെ ബുദ്ധിമുട്ടുകൾ ഏറെ നേരിട്ടിട്ടുണ്ട്. യോജിച്ച വസ്ത്രങ്ങൾ ലഭിക്കില്ല. പല ഷോകൾക്കും പോകുമ്പോൾ അവര്‍ നൽകുന്ന വസ്ത്രം എനിക്കു ചേരില്ല. അതൊക്കെ വലിയ പ്രശ്നമാണ്. ബ്രാൻഡ് വർക്കുകൾ ചെയ്യുമ്പോൾ മാത്രമാണ് എനിക്ക് അനുയോജ്യമായ വസ്ത്രം ലഭിക്കുന്നത്. അല്ലാത്ത ഷോകൾക്കു പോകുമ്പോള്‍ അവസാനം അവർ നമുക്കു പാകമുള്ള വസ്ത്രം കൊണ്ടുവരാൻ നമ്മളോടു തന്നെ ആവശ്യപ്പെടും. അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. 

Image Credits: Instagram/agnimithra_krishnan_
Image Credits: Instagram/agnimithra_krishnan_

എന്റെ ഉയരം സ്വാഭാവികമായി ഉണ്ടായതല്ല. ഹോർമോൺ പ്രശ്നങ്ങളാണ് കാരണം. മരുന്നു കഴിച്ചും ഇൻജക്‌ഷൻ എടുത്തുമാണ് ഉയരം കൂടാതെ നോക്കിയത്. അല്ലെങ്കിൽ ഏഴടി പൊക്കം ഉണ്ടാകുമായിരുന്നു. വളരെ ബുദ്ധിമുട്ടാണ്. 

∙ ന്യൂഡിറ്റി മോഡലിങ് വീട്ടുകാർ പോലും അംഗീകരിച്ചിരുന്നില്ല

‘‘സാരിയുടുത്തു മാത്രമേ ഫോട്ടോഷൂട്ട് നടത്തൂ എന്ന് ഞാൻ ആർക്കും വാഗ്ദാനം നൽകിയിട്ടില്ല. രാജ്യാന്തര മോഡലിങ് രംഗത്തേക്കു വരുമ്പോൾ പലപ്പോഴും ന്യൂഡിറ്റി ഫോട്ടോകളും ചെയ്യേണ്ടിവരും. അങ്ങനെ ഒരു വർക്ക് ഞാൻ ചെയ്തിട്ടുണ്ട്. നമ്മൾ ഷെയ്ഡിൽ നില്‍ക്കുമ്പോൾ നഗ്നമാണെന്നു തോന്നുന്ന വിധമാണ് അത് ചെയ്തിരിക്കുന്നത്. അത് വലിയ പ്രശ്നമായി. ഞാൻ ചെയ്യുന്നതിൽ തെറ്റില്ലെന്ന് എനിക്കു ബോധ്യമുണ്ട്. അന്ന് ആ ഫോട്ടോഷൂട്ട് നടത്തിയ ശേഷം ആളുകൾ മോശക്കാരിയായാണ് എന്നെ കണ്ടത്. വസ്ത്രത്തിന് അൽപം നീളം കുറഞ്ഞാലൊക്കെ പ്രശ്നമാണല്ലോ. എന്റെ ഉയരത്തിന് അനുസരിച്ച് പലപ്പോഴും സാരി ലഭിക്കില്ല. 

വീട്ടിൽനിന്ന് യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല. എന്റെ കയ്യിൽ പണം ലഭിക്കാൻ തുടങ്ങിയപ്പോഴാണ് വീട്ടുകാർ പോലും അംഗീകരിക്കാൻ തുടങ്ങിയത്. ആദ്യത്തെ ഫോട്ടോഷൂട്ടിന് എനിക്കു പണം ലഭിച്ചില്ല. രണ്ടാമത്തെ വർക്ക് ഞാൻ അങ്ങോട്ടു പണം നൽകിയാണ് ചെയ്തത്. ശരിക്കും പറഞ്ഞാൽ ഇതെല്ലാം ഒരു ബിസിനസ് ഡീലാണ്.’’

chat-with-model-agnimithra-krishnan4
Image Credits: Instagram/agnimithra_krishnan_

∙ ട്രാൻസ്ജെൻഡറാണോ എന്ന ചോദ്യം

‘‘ഉയരമുള്ളതിനാൽ പലപ്പോഴും ശാരീരിക അധിക്ഷേപങ്ങൾക്ക് ഇരയായിട്ടുണ്ട്. ട്രാൻസ്ജെൻഡറാണെന്നൊക്കെ പലരും കളിയാക്കി പറഞ്ഞിട്ടുണ്ട്. പുരുഷനാണോ സ്ത്രീയാണോ എന്നത് നമ്മുടെ ശരീരഭാഷ കാണുമ്പോൾത്തന്നെ മനസ്സിലാകും. ആറടിക്കു മുകളിൽ ഉയരമുള്ള ഞാനൊക്കെ ഒന്ന് ഒരുങ്ങി വന്നാൽ അത് ആണാണോ പെണ്ണാണോ എന്നൊക്കെ രീതിയിലുള്ള ചർച്ചകൾ പലപ്പോഴും ഉണ്ടാകാറുണ്ട്, സാധാരണ പെണ്ണുങ്ങളൊക്കെ ഇങ്ങനെയാണ് ജീവിക്കുന്നത്. നമുക്ക് ഒരുങ്ങിക്കൂടാ. മുൻപ് ഞാൻ അങ്ങനെ പ്രതികരിക്കില്ലായിരുന്നു. ഇപ്പോൾ കൃത്യമായ മറുപടി നൽകാറുണ്ട്. പുരുഷന്മാർക്കൊരു പ്രത്യേകതയുണ്ട്. അവർക്ക് എല്ലാം അറിയണം. പലരും മെസേജിലൊക്കെ വന്ന് ചോദിക്കും. നിങ്ങൾ ട്രാൻസാണോ എന്ന്. എന്താണ് അങ്ങനെ ചോദിച്ചതെന്ന് ഞാൻ തിരിച്ചു ചോദിക്കും. മുഖവും ഉയരവും കണ്ടപ്പോൾ ചോദിച്ചതാണന്നായിരിക്കും മിക്കവരുടെയും മറുപടി. ഷൂട്ടിനു വിളിക്കുമ്പോൾ പോലും എനിക്ക് അത്തരം ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 20–ാം വയസ്സിലാണ് ആദ്യമായി ആർത്തവമുണ്ടാകുന്നത്. ജീവിതസാഹചര്യം മോശമായിരുന്നു. അവിടെനിന്ന് ഒറ്റയ്ക്കു ഞാൻ കയറി വന്നതിനെപ്പറ്റി ഓർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നുണ്ട്.’’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com