കൊലപാതകത്തിന് പിന്നാലെ ഹീറോയിക് മ്യൂസിക്, സിഗരറ്റ് പുകയൂതി റീലുകൾ; അരുതുകൾക്കുള്ള ഉത്തരമോ ജോക്കർ ഫെലിക്സ്
Mail This Article
സമൂഹത്തിലെ ചെറുതല്ലാത്ത ഒരു വിഭാഗം ആളുകളെ സ്വാധീനിക്കുന്ന സോഷ്യൽ മീഡിയ താരങ്ങളാണ് ‘ഇൻഫ്ലുവെൻസേഴ്സ്’ എന്ന് അറിയപ്പെടുന്നത്. പതിനായിരങ്ങൾ ഫോളോ ചെയ്യുന്ന സമൂഹമാധ്യമ അക്കൗണ്ട്, റിയാലിറ്റി ഷോകളിലും മറ്റും ക്ഷണിതാവായി പോയി ലഭിക്കുന്ന ആരാധകവൃന്ദം ഇവയൊക്കെ ഇവരുടെ പ്രത്യേകതയാണ്. ഏറ്റവും മികച്ച രീതിയിൽ സമൂഹത്തിൽ, രാഷ്ട്രീയത്തിൽ, പ്രാധാന്യമുള്ള വിഷയങ്ങളിൽ ഒക്കെ ഇടപെടുന്ന താരങ്ങളുണ്ട്. അതോടൊപ്പം തനിക്കുള്ള ഫോളോവേഴ്‌സിന്റെ എണ്ണം കൊണ്ട് ഉൽപന്നങ്ങളുടെ പരസ്യത്തെ വരുമാന മാർഗമായി കാണുന്നവരുമുണ്ട്. വീട്ടിൽനിന്ന് ലഭിക്കാത്ത പരിഗണനയും ബഹുമാനവും തിരിച്ചു പിടിക്കാനുള്ള വഴിയാണ് ചിലർക്കിത്. മറ്റു ചിലർക്ക് അവരുടെ കല പ്രകടിപ്പിക്കാനുള്ള ഇടവും.
കുട്ടികളുൾപ്പെടെ വലിയ ഒരു ആരാധകവൃന്ദം സ്വന്തമായുള്ള തൊപ്പിയുടെയൊക്കെ സ്ത്രീവിരുദ്ധ വാചകങ്ങളും ആൽഫ മെയിലിസവും ആഘോഷിക്കുന്ന കുട്ടികളുണ്ട് എന്നത് ഇൻഫ്ലുവെൻസേഴ്സ് സമൂഹത്തോട് ചെയ്യുന്ന ഏറ്റവും മോശം പ്രവണതയായി നിൽക്കുന്നു. ഏറ്റവും പുതിയതായി ആ ലിസ്റ്റിലേക്ക് കയറുകയാണ് ജോക്കർ ഫെലിക്സ്. ബെംഗളൂരു സ്വദേശിയായ ഇയാൾ ബിസിനസ് വൈരാഗ്യത്താൽ രണ്ടു പേരെ വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി. ഇൻസ്റ്റഗ്രാമിൽ പതിനേഴായിരത്തോളം ഫോളോവേഴ്സ് ആണ് ഇയാൾക്കുള്ളത്. കൊലപാതകത്തിന് മുൻപ് ‘ഈ ഭൂമിയിലെ മനുഷ്യർ എപ്പോഴും മുഖസ്തുതി പറയുന്നവരും വഞ്ചകരുമാണ്. അതിനാൽ, ഈ ഗ്രഹ മനുഷ്യരെ ഞാൻ വേദനിപ്പിക്കും. ചീത്ത മനുഷ്യരെ മാത്രമെ ഞാൻ വേദനിപ്പിക്കൂ, നല്ല ഒരാളെയും വേദനിപ്പിക്കില്ല’’ എന്ന് ഇയാൾ ഇൻസ്റ്റയിൽ സ്റ്റോറി ഇട്ടിരുന്നു. കൊലപാതകത്തിന് ശേഷവും ഹീറോയിക് മ്യൂസിക് ഇട്ട് തന്റെ മുഖമുള്ള കൊലപാതക വാർത്തയും ഇയാൾ സ്റ്റോറിയിൽ പങ്കു വച്ചിട്ടുണ്ട്. താൻ ചെയ്തത് വളരെ നായകത്വമുള്ള ഒരു പരിപാടിയാണെന്നു തന്നെ ഇയാൾ വിശ്വസിക്കുന്നു എന്നാണ് ഇത് വെളിപ്പെടുത്തുന്നത്.
ഒരാൾക്ക് തനിക്കു ലഭിക്കുന്ന താര പരിവേഷം എന്തിനും ഉപയോഗിക്കാം. ചെറുപ്പക്കാരും കുട്ടികളും തങ്ങളുടെ ഇഷ്ടങ്ങളും നടക്കാത്ത സ്വപ്നങ്ങളും പ്രാവർത്തികമാക്കിയ ഒരാളെ താരമായി കാണുന്നത് പതിവാണ്. പണ്ടൊക്കെ കുട്ടികളെ മഹാന്മാരുടെ കഥകൾ വായിക്കാൻ പ്രേരിപ്പിക്കുന്നതിന്റെ കാരണം, തനിക്കു മുൻപേ നടന്നവർ എങ്ങനെ മഹാന്മാരായെന്ന് അവർ മനസ്സിലാക്കി അവരെ അനുകരിക്കട്ടെ എന്ന് കരുതിയതാണ്. ഇന്ന് പുസ്തക വായന എന്നത് ടിക്ക് ടോക്കും ഇൻസ്റ്റ റീൽസും ഒക്കെ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. അവിടെ ഉള്ള താരങ്ങളെയാണ് അവർ ഇഷ്ടപ്പെടുന്നതും അനുകരിക്കാൻ ശ്രമിക്കുന്നതും. വീടുകളിൽ മിക്കപ്പോഴും സമ്മതിക്കാത്ത കാര്യങ്ങൾ തങ്ങളുടെ താരങ്ങൾ ചെയ്യുന്നതും സ്വാതന്ത്ര്യത്തോടെ നടക്കുന്നതും അവർ ആവേശത്തോടെ കണ്ടു നിൽക്കും. അവർ പറയുന്ന ആശയങ്ങൾ മറ്റൊരു ചിന്തയില്ലാതെ തന്നെ സ്വന്തമാക്കും. കഴിഞ്ഞ മാസം കേരള പൊലീസ് കസ്റ്റഡിയിൽ എടുത്ത തൊപ്പി എന്ന റീൽസ് താരത്തിന് വേണ്ടി വാദിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ള ആരാധക വൃന്ദത്തെ നമ്മൾ കണ്ടിരുന്നു. ജോക്കർ ഫെലിക്സിന്റെയും അവസ്ഥ വ്യത്യസ്തമല്ല.
"ഞാൻ താങ്കളുടെ ഫാൻ ആണ്", തുടങ്ങിയ കമന്റുകൾ ഫെലിക്സിന്റെ പോസ്റ്റുകളുടെ താഴെയും വായിക്കാനാകും. സിഗരറ്റ് വലിച്ചുകൊണ്ടു ക്യാമറയിലേക്കു പുകയൂതി വിടുന്ന റീലുകൾ ആയിരത്തിനു മുകളിൽ ലൈക്ക് മാത്രം കിട്ടിയവയാണ്. അതിന്റെ റീച്ച് അതിനും മുകളിൽ കയറിയിട്ടുണ്ടാകാം. തങ്ങൾ പിന്തുടരുന്ന താരത്തിന്റെ നായക പരിവേഷം അനുകരിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ സിഗരറ്റ് വലി ആരംഭിച്ചാൽ അതിനു വേറെ കാരണങ്ങൾ അന്വേഷിക്കേണ്ടതില്ല.
Read More: നാടൻ അല്ല, ഇത് വെസ്റ്റേൺ കണ്ണകി; വീര്യവും അഴകും വരച്ചുകാട്ടി വ്യത്യസ്തമായ ഫോട്ടോഷൂട്ട്
ഒരു യൂട്യൂബ് ചാനൽ കഴിഞ്ഞ ദിവസം അപ്‌ലോഡ് ചെയ്ത ഒരു ബ്യൂട്ടി പേജന്റ് മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പായ ഫെലിക്സിന്റെ അഭിമുഖവുമുണ്ട്. സമൂഹത്തിൽ അറിയപ്പെടാൻ ഇയാൾ നടത്തുന്ന ശ്രമങ്ങൾ തീർച്ചയായും അഭിനന്ദനപരം തന്നെയാണ്. പക്ഷേ ജോക്കർ എന്ന കഥാപാത്രത്തെ ഏറ്റവും ഭീകര രൂപിയായി സ്വന്തം മുഖത്ത് വരച്ചു ചേർത്തിരിക്കുന്നത് കൊലപാതകത്തിനുള്ള തീരുമാനം എടുത്തതിനു ശേഷമാകാം. വായ നിറയെ പുരണ്ടിരിക്കുന്ന രക്തത്തിന്റെ നിറം അയാൾ ഏതോ സിനിമയിൽനിന്നു കടമെടുത്തതുമാകാം. പക്ഷേ ഇപ്പോഴും സിനിമ അല്ലെങ്കിൽ കല എന്നാൽ ജീവിതത്തിന്റെ നല്ലതും ഇരുണ്ടതുമായ എല്ലാ വശങ്ങളെയും തുറന്നിടുന്ന ഒരു കലാരൂപമാണ്. അതിൽ നിന്നും ഒരു മനുഷ്യന്റെ നന്മയെ മുഴുവനായി റദ്ദു ചെയ്ത് അയാൾ ചെയ്ത തിന്മകൾ മാത്രം ആഘോഷിക്കുകയും അനുകരിക്കുകയും ചെയ്യുന്നവർക്ക് കലയെ കുറ്റം പറയാൻ അവകാശമില്ല. അവനവന്റെ മനോഭാവം മാത്രമാണത്. അത് തന്നെയാണ് ഫെലിക്സിനെ പോലെയുള്ളവർ ചെയ്യുന്നതും. അയാൾ ജീവിതത്തിൽ സ്വന്തമാക്കുന്ന നല്ല കാര്യങ്ങളെയൊക്കെ വെറുതെ ലൈക്ക് കൊടുത്ത് വിടുകയും എന്നാൽ സ്ത്രീ വിരുദ്ധത പറയുന്നതും മെയിൽ ഷോവനിസം പ്രകടിപ്പിക്കുന്നതും പുക വലിക്കുന്നതും ഒക്കെ നായകത്വമാണെന്നും ആണത്തമാണെന്നും പ്രസ്താവിക്കുകയും ചെയ്യുമ്പോൾ അതിൽ മാത്രമാണ് പല യുവാക്കളും ശ്രദ്ധ കൊടുക്കുന്നത്.
സോഷ്യൽ മീഡിയയ്ക്ക് നിയന്ത്രണം കൊണ്ടുവരിക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇൻഫ്ലുവെൻസേഴ്സ് എന്ന, പൊതുവിടത്തിൽ സ്വാധീന ശക്തിയുള്ള വിഭാഗത്തിന് കുട്ടികളുടെ ഇടയിലും യുവാക്കളുടെ ഇടയിലും വൻ ഇടപെടൽ നടത്താനാകും എന്നതും സത്യമാണ്. ഇനിയെന്തെങ്കിലും ചെയ്യണമെങ്കിൽ അത് ഈ താരങ്ങൾക്കു മാത്രമേ ചെയ്യാനാകൂ. തങ്ങളെ പിന്തുടരുന്നവർ തങ്ങളുടെ ഉത്തരവാദിത്തം തന്നെയാണെന്നും അവരെ അരാജകത്വമല്ല മനുഷ്യത്വവും മറ്റുള്ളവരെ ബഹുമാനിക്കാനുമാണ് പറഞ്ഞു കൊടുക്കേണ്ടതെന്നും അവർ മനസ്സിലാക്കേണ്ടിയിരിക്കുന്നു. കുട്ടിക്കാലത്തു തന്നെ അടിച്ചമർത്തി വച്ചിരിക്കുന്ന പല അരുതുകൾക്കും കുട്ടികളുടെ മുന്നിലുള്ള ഉത്തരമാണ് ജോക്കർ ഫെലിക്‌സും തൊപ്പിയും പോലെയുള്ള ഇൻഫ്ലുവെൻസേഴ്സ്. അതുകൊണ്ടു തന്നെ അവരുടെ കൊലപാതകങ്ങളും സ്ത്രീ വിരുദ്ധ വാചകങ്ങളും കുട്ടികളും കയ്യടിച്ച് ആഘോഷിക്കുകയാണ്. നമ്മുടെ നിയമങ്ങൾ പോലും കൈകാര്യം ചെയ്യേണ്ട രീതിയിലല്ല മിക്കപ്പോഴും ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നും പറയേണ്ടതുണ്ട്. ഒരു വലിയ ക്രിമിനൽ കേസിലെ പ്രതിയെ പിടിക്കുന്നതു പോലെ വീടിന്റെ വാതിൽ പൊളിച്ച് അകത്തു കയറി തൊപ്പിയെ അറസ്റ്റ് ചെയ്യുമ്പോൾ അത് അയാൾക്കുണ്ടാക്കിക്കൊടുക്കുന്ന സാമൂഹിക അംഗീകാരം മറ്റൊരു വിധത്തിലാണ്. ഇവിടെ രാഷ്ട്രീയക്കാരും ആരാധനാലയങ്ങളും നടത്തുന്ന പരിപാടികൾക്കോ അല്ലെങ്കിൽ ഒരു സിനിമാ താരത്തെ കാണുമ്പോഴുള്ള പരിപാടികളിലോ കൂടുന്ന ജനത്തിരക്കായിരുന്നു തൊപ്പിയെ കാണാനും ഉണ്ടായിരുന്നത്. എന്നാൽ അയാൾ യഥാർഥത്തിൽ കുഞ്ഞുങ്ങളോടും ചെറുപ്പക്കാരോടും ചെയ്യുന്നത് റദ്ദു ചെയ്യപ്പെടുകയാണ്. നിസ്സാര കുറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ട ആ ചെറുപ്പക്കാരനാണ് അറസ്റ്റ് ചെയ്ത നിയമ പാലകരെക്കാൾ പൊതുജനതയുടെ സപ്പോർട്ടും കിട്ടുക. വീടും വീട്ടുകാരും നാട്ടുകാരും ചേർന്നുണ്ടാകുന്ന തൊപ്പികളും ജോക്കർമാരും ഇനിയും കൂടാൻ തന്നെയാണ് സാധ്യത. കാരണം ഒരു സമൂഹത്തെ ഒന്നാകെ സ്വാധീനിക്കാനാവുക, അവർക്ക് ആവശ്യമുള്ളത് കൊടുക്കുക, പണം ലഭിക്കുക, കയ്യടി നേടുക, എന്നതൊക്കെ നിസ്സാരമല്ല. പലയിടങ്ങളിൽ നിന്നും ലഭിക്കുന്ന അവഗണനയും കുറ്റപ്പെടുത്തലും എല്ലാം ഇത്തരം സന്തോഷങ്ങൾ കൊണ്ട് അവർ മാറ്റിയെടുക്കും. നല്ലതാണ്, നാളെ മികച്ചൊരു ജനതയായി തീരേണ്ട സമൂഹത്തെ അത്തരത്തിൽ മാറ്റിയെടുക്കാനായാൽ അത് മികച്ചൊരു ആശയമാണ്. പക്ഷെ അപ്പോഴും ഫെലിക്സിനെ പോലെയുള്ള ഇൻഫ്ളുവൻസേഴ്സ് നിലനിൽക്കുന്നു. അവരുടെ കൊലപാതകങ്ങൾ പോലും വാഴ്ത്തപ്പെടുന്നു. എല്ലാം മോശമല്ലെങ്കിലും എല്ലാം നല്ലതുമല്ല, അത്ര തന്നെ.
(ലേഖികയുടെ അഭിപ്രായങ്ങൾ വ്യക്തിപരം)