‘ഭർത്താവാണെന്ന് പറഞ്ഞ് നടക്കാൻ നാണമില്ലേ, നീ ആണാണോ’; സോഷ്യൽ മീഡിയ എന്തും പറയാനുള്ള പ്ലാറ്റ്‍ഫോമായെന്ന് ജീവ
![aparna-and-jeeva-opens-up-about-cyber-attack Image Credits: Instagram/aparnathomas](https://img-mm.manoramaonline.com/content/dam/mm/mo/style/love-n-life/images/2023/7/18/aparna-and-jeeva-opens-up-about-cyber-attack.jpg?w=1120&h=583)
Mail This Article
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് അപർണയും ജീവയും. അവതാരകരായും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായും തിളങ്ങിയ ഇരുവരും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പലപ്പോഴും സോഷ്യൽ മീഡിയ ടോക്സിസിറ്റിക്ക് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. പല വിഷയങ്ങളിലും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇരുവരും വ്യക്തമാക്കി.
‘സോഷ്യൽ മീഡിയയെ ചിലർ ടോക്സിസിറ്റിക്ക് വേണ്ടി മാത്രം ഉപയോഗിക്കാറുണ്ട്. സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കാമെന്ന് പൂർണമായും നമുക്ക് ഒരു ഐഡിയ കിട്ടിയിട്ടില്ല. വ്യക്തിപരമായ ദേഷ്യം വെച്ച് ഒരാളെ മോശം പറയാനും തെറി വിളിക്കാനും വായിൽ തോന്നിയത് എന്തും വിളിച്ച് പറയാനുള്ള പ്ലാറ്റ്ഫോമായി അത് മാറി. എത്ര പോസിറ്റീവായും ക്രീയേറ്റീവായും ഇത് ഉപയോഗിക്കാം. എത്ര പേർ നല്ല രീതിയിൽ ചെയ്യുന്നുണ്ട്. നിങ്ങൾക്ക് ഒരാളെ ഇഷ്ടപ്പെടുന്നില്ലേൽ വേണ്ട. അത് മൈന്റാക്കാതെ പോയിക്കൂടെ?. ഇതൊക്കെ മാറുമെന്ന് തോന്നുന്നില്ല. ഇതൊക്കെ നമ്മളെ ശരിക്കും മോശക്കാരാനാക്കും’. ഇരുവരും പറഞ്ഞു.
![aparna-and-jeeva-opens-up-about-cyber-attack1 aparna-and-jeeva-opens-up-about-cyber-attack1](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
‘എനിക്ക് സ്ത്രീകൾ മെസേജ് അയച്ചിട്ടുണ്ട്. നീയൊരു ഭർത്താവാണെന്ന് പറഞ്ഞ് നടക്കാൻ നാണമില്ലേ. നീ അവളെ അഴിച്ച് വിട്ടേക്കുകയാണോ. നീ ആണ് ആണോ എന്നൊക്കെ. ഇത് തലയിൽ എടുത്ത് കഴിഞ്ഞാൽ നമ്മുടെ ജീവിതം എന്താകും? എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം ഭാര്യയെ കൊണ്ട് ഇടീക്കുന്നതാണോ ആണത്തം. ഞാൻ പറയുന്നിടത്ത് എന്റെ ഭാര്യ നിൽക്കുന്നതാണോ ആണത്തം? ഭാര്യക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യിക്കാതിരിക്കുന്നിടത്താണോ ആണത്തം ഉള്ളത്. അതൊന്നും എനിക്ക് മനസിലാക്കാൻ പറ്റാത്ത കാര്യങ്ങളാണ്, ആലോചിക്കാൻ പറ്റാത്ത കാര്യങ്ങളാണ്’. പലരും മോശം കമന്റുകൾ പറഞ്ഞിട്ടുണ്ടെന്നും ജീവ പറഞ്ഞു.
വസ്ത്രങ്ങളുടെ പേരിൽ തനിക്ക് വരുന്ന മോശം കമന്റുകളെ പറ്റി നേരത്തെ അപർണ വ്യക്തമാക്കിയിരുന്നു. വസ്ത്രം തിരഞ്ഞെടുക്കുന്നതിൽ ഭർത്താവിന്റെ അനുവാദം വാങ്ങേണ്ടതില്ലെന്നും നമ്മളുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് നമ്മളാണെന്നും അപർണ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ്സു തുറന്നത്.