ആലിയയുടെ ലിപ്സ്റ്റിക്കിൽ രൺബീറിനെന്തു കാര്യം? ആനന്ദിപ്പിക്കേണ്ടത് മറ്റുള്ളവരെയല്ല !
Mail This Article
യൂട്യൂബ് ചാനലിൽ സ്വന്തം സൗന്ദര്യ സംരക്ഷണത്തെ കുറിച്ച് ആലിയ ഭട്ട് സംസാരിക്കുന്നതു കണ്ടിട്ടുണ്ട്. എത്ര ഭംഗിയോടെയാണ് അവർ സ്വന്തം സൗന്ദര്യ ശീലങ്ങളെ കുറിച്ച് സംസാരിക്കാറുള്ളത്! വോഗിന് വേണ്ടി ചെയ്ത ഏറ്റവും പുതിയ സൗന്ദര്യ ടിപ്പിൽ അവർ ലിപ്സ്റ്റിക്കിനെ കുറിച്ചാണ് സംസാരിച്ചു കണ്ടത്. ചുണ്ടിന്റെ നിറവുമായി ചേരുന്ന ഒരു ഷേഡ്, അതിനെ കുറിച്ച് സംസാരിക്കാൻ വേണ്ടി ചുണ്ടിൽ വരച്ച ശേഷം അത് മായ്ച്ചു കളഞ്ഞു കൊണ്ട് ആലിയ പറഞ്ഞത്, ലിപ്സ്റ്റിക് ഇടുന്നത് തന്റെ ഭർത്താവിന് ഇഷ്ടമല്ല എന്നാണ്. തനിക്ക് ആലിയയുടെ അധരങ്ങളുടെ സ്വാഭാവിക നിറമാണത്രേ ഇഷ്ടം! അതുകൊണ്ട് ആലിയ തന്റെ ചുണ്ടിൽ ചേർത്ത നിറങ്ങളെ മായ്ച്ചു കളയുകയാണ്. പെട്ടെന്നോർത്തത് സോഷ്യൽ മീഡിയയിലും റീലുകളിലും യു ട്യൂബുകളിലും ഒക്കെ വൈറൽ ആയ കലിപ്പന്മാരെയും അവരുടെ കാന്താരിമാരെയുമാണ്.
‘‘ഏട്ടായിക്ക് ഇഷ്ടമല്ലാത്തത് ഒന്നും ഞാൻ ചെയ്യില്ല’’ എന്ന് പറഞ്ഞ അതേ കാന്താരിയുടെ മുഖമല്ലേ ആലിയയ്ക്ക് എന്ന് തോന്നി.
സ്വന്തം ശരീരവും അതിനു വേണ്ടി ചെയ്യുന്നവയും അവനവനെയാണ് ആദ്യം ആനന്ദിപ്പിക്കേണ്ടത് എന്നാണു തോന്നിയിട്ടുള്ളത്. സ്വയം സന്തോഷം തോന്നാത്തവ ഒരിക്കലും ഉപയോഗിക്കേണ്ട കാര്യമേയില്ല, അതുപോലെ ഇഷ്ടമുള്ളവ മറ്റൊരാളുടെ ഉപദേശം ചോദിച്ച ശേഷമല്ലാതെ ഉപയോഗിക്കാനും കഴിയണം. സ്വാതന്ത്ര്യം കിട്ടിയിട്ട് എഴുപത്തിയാറ് വർഷങ്ങൾ ആയിരിക്കുന്നു. എന്താണ് ശരിക്കും സ്വാതന്ത്ര്യം എന്ന് എത്ര പേർക്കറിയാം? സ്നേഹത്തിന്റെ അന്ധതയിൽ, കൂടെയുള്ള വ്യക്തി പറയുന്നതെല്ലാം, അത് തനിക്ക് ഇഷ്ടമല്ലെങ്കിൽ കൂടി അനുകരിക്കുകയോ അനുസരിക്കുകയോ ചെയ്യുന്നതിനെ എങ്ങനെ സ്വാതന്ത്ര്യം എന്ന് അടയാളപ്പെടുത്താനാകും? പലപ്പോഴും ഇത്തരക്കാർ സ്നേഹത്തിലും പ്രണയത്തിലും പുരട്ടിയ വാക്കുകളിലാണ് തങ്ങളുടെ ഇഷ്ടക്കേടുകൾ അറിയിക്കുന്നത്.
‘‘നിന്നെ കാണാൻ എന്ത് ഭംഗിയാ, പക്ഷേ മുടി ഇങ്ങനെ വെട്ടിയിട്ടാൽ കൊള്ളില്ല, എനിക്കിഷ്ടം നീ മുടി നീട്ടി വളർത്തുന്നതാ. അപ്പൊ നിന്നെ കാണാൻ എന്ത് ഭംഗിയാ’’
ഇഷ്ടമുള്ള ഒരാൾ അയാളുടെ ഇഷ്ടം വളരെ മനോഹരമായി അറിയിക്കുമ്പോൾ അങ്ങനെ ചെയ്യാൻ തോന്നിപ്പോകും. സത്യത്തിൽ അതൊരു കെണിയാണ്. തന്റെ പങ്കാളിയെ എങ്ങനെ അനുസരിപ്പിക്കണമെന്ന് അതോടെ ആ വ്യക്തി അവിടെ കണ്ടെത്തുകയാണ്. ഒരു പ്രശസ്ത ടി വി ഷോയിൽ ഒരു മത്സരാർഥി തന്റെ ഇഷ്ടത്തെ കുറിച്ച് പറയുകയായിരുന്നു. ‘‘എനിക്ക് അങ്ങനെ ഇഷ്ടങ്ങളൊന്നുമില്ല. സഹോദരൻ പറയും. അദ്ദേഹത്തിന് എന്നെ ജീവനാണ്. എനിക്കും. ഞാനത് അനുസരിക്കും.’’
അതിനു സഹോദരന്റെ മറുപടി സത്യത്തിൽ ചിരിപ്പിച്ചിരുന്നു. ‘‘അവൾക്ക് മുടി മുറിക്കുന്നത് ഇഷ്ടമാണെന്ന് എനിക്കറിയാം. അവൾ മുടിയുടെ കാര്യം ചോദിക്കുമ്പോൾ അവൾക്ക് ഇഷ്ടമുള്ള അളവ് വരെ മുറിക്കാൻ ഞാൻ അങ്ങോട്ട് പറയും. അപ്പോൾ ഞാൻ പറഞ്ഞതുകൊണ്ടാണ് അവൾ അത് ചെയ്തത് എന്ന് അവൾ സന്തോഷിക്കട്ടെ.’’
കൂടെ നിൽക്കുന്ന സ്ത്രീയെ ഇഷ്ടമാണെങ്കിലും അവരുടെ എല്ലാ കാര്യങ്ങളും തന്റെ ഉത്തരവിൽ മാത്രമേ മുന്നോട്ടു പോകാവൂ എന്ന തരത്തിൽ അവരുടെ ഇഷ്ടങ്ങളെ വരെ അവർ അറിയാതെ നിയന്ത്രിക്കുന്ന ഇത്തരം കലിപ്പന്മാർ ഒരുപാടുണ്ട്. ഇവരൊന്നും കലിപ്പന്മാർ അല്ല, സ്നേഹത്തോടെ ഉള്ള നിയന്ത്രണം ആയതിനാൽ അത് അനുസരിക്കാൻ പെൺകുട്ടികൾ ഇഷ്ടപ്പെടുകയും ചെയ്യുന്നു. പക്ഷെ യഥാർഥത്തിൽ മറ്റൊരു വ്യക്തിയുടെ ഇഷ്ടങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും ചിന്തകളുടെയും അവകാശമാണ് അവർ കയ്യടക്കി വയ്ക്കുന്നത് എന്ന് അവരും അത് അനുഭവിക്കുന്നവരും മനസ്സിലാക്കുന്നതേയില്ല.
സ്നേഹിക്കപ്പെടുന്നവരാൽ അടിച്ചമർത്തി വയ്ക്കപ്പെടുന്നതാണ് തന്റെ ശീലങ്ങൾ എന്നറിഞ്ഞിട്ടും എങ്ങനെയാവും ചില സ്ത്രീകൾക്ക് അത് ആസ്വദിക്കാനാകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? തന്നെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ച രാക്ഷസനെ വരെ പ്രണയിച്ച കഥകൾ വായിക്കാൻ കിട്ടും. അയാൾ രാക്ഷസൻ ആയതുകൊണ്ടല്ല പ്രണയിക്കുന്നതും അനുസരിക്കുന്നതും തെറ്റാകുന്നത്, മറിച്ച് സ്വാർഥ ലാഭത്തിനു വേണ്ടി തട്ടിക്കൊണ്ടു പോയ ഒരാളെ പ്രണയിക്കുന്നതിലെ ശരികേട് മാത്രമാണ് വിഷയം. പക്ഷേ നമുക്ക് സ്നേഹത്തിൽ പൊതിഞ്ഞ് എന്ത് നൽകിയാലും അത് രണ്ടു കയ്യും നീട്ടി വാങ്ങുന്നതാണ് ഇഷ്ടം. സ്‌നേഹിക്കുമ്പോൾ അങ്ങനെ പറയുന്നതിൽ ഒരു തെറ്റും കാണപ്പെടുകയുമില്ല.
‘‘എനിക്ക് നിന്നോട് സ്നേഹം ഉള്ളോണ്ട് അല്ലേ നീയിനി ഇതുപോലുള്ള ഉടുപ്പുകൾ ഇടേണ്ട എന്ന് ഞാൻ പറഞ്ഞത്. കണ്ട ആണുങ്ങൾ ഒക്കെ നോക്കുന്നത് കണ്ടില്ലേ, എന്റെ പെണ്ണിനെ വേറെ ആരും നോക്കണ്ട.’’
കേൾക്കുമ്പോൾ തന്നെ മാത്രം പ്രണയിക്കുന്ന ഒരുവന്റെ ഏറ്റവും ആർദ്രമായ വാചകങ്ങൾ. പക്ഷേ ആ സ്ത്രീ മറ്റൊരു വ്യക്തിയാണെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ലിപ്സ്റ്റിക് ഇടാനും മുടി മുറിക്കാനും ഒക്കെ അവൾക്ക് സ്വയം ചിന്തിച്ച് ചെയ്യേണ്ടതുണ്ടെന്നും അവർ മനസ്സിലാക്കുകയെ ഇല്ല.
‘‘എന്റെ സ്നേഹമാണ് ഇതെല്ലാം’’ എന്ന വാചകത്തിൽ അവർ അടുത്ത് നിൽക്കുന്ന പങ്കാളിയെ ചേർത്ത് പിടിക്കും. പക്ഷേ ഇതിലെ അപകടം തുടർ ജീവിതത്തിലാണ് സംഭവിക്കുക. സ്വാർഥതയുടെ തോത് കൂടി വരുന്നതോടെ നിയന്ത്രണത്തിന്റെ ആഴവും കൂടി വരും. ഒരു പരിധിയിൽ കൂടുമ്പോൾ സ്വാഭാവികമായും അത് അനുഭവിക്കുന്ന ആൾക്ക് അതിലെ ശരികേട് മനസ്സിലാവുകയും ചെയ്യും, പക്ഷേ അപ്പോഴേക്കും ഒരു "നോ" പോലും പറയാൻ പറ്റാത്ത തലത്തിലേയ്ക്ക് ആ ബന്ധം എത്തിച്ചേർന്നിരിക്കും. പറഞ്ഞാൽ പോലും അത് ടോക്സിക് ആയ പങ്കാളിയെ മാനസികമായി തകർക്കുകയും മറ്റേ ആളെ നഷ്ടപ്പെടുമെന്ന തോന്നലിൽ എന്ത് അതിക്രമവും ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തേക്കാം.
സമയവും സ്വാതന്ത്ര്യവും ഓരോ വ്യക്തിയിലും അവരുടെ ശീലങ്ങൾ ഇഷ്ടങ്ങൾ എന്നിവയനുസരിച്ചാണ് അനുഭവിക്കേണ്ടത്. അത് മറ്റൊരാളാൽ നിയന്ത്രിക്കപ്പെടേണ്ട ഒന്നല്ല. സ്നേഹത്തിൽ പൊതിഞ്ഞാകുമ്പോഴും അത് നിയന്ത്രണം തന്നെയാണ്. അനിയത്തിക്കു മുടി മുറിയ്ക്കുന്നത് ഇഷ്ടമാണെങ്കിൽ, "നീ നിന്റെ ഇഷ്ടത്തിന് മുറിക്ക്" എന്ന് വളരെ ലഘുവായി പറയാൻ നമ്മുടെ പുരുഷന്മാർക്ക് കഴിഞ്ഞാൽ അവിടെയൊരു വിട്ടു കൊടുക്കലുണ്ട്. സ്നേഹത്തിൽ നിലനിൽക്കുമ്പോൾ ഇഷ്ടമുള്ള ആളോട് ഇഷ്ടങ്ങളെ കുറിച്ച് സംസാരിക്കുന്നത് തെറ്റൊന്നുമല്ല. പക്ഷേ ഓരോരുത്തർക്കും സ്വന്തമായ ശീലങ്ങളും ഇഷ്ടങ്ങളും ഉണ്ടെന്നും അതാണ് അവരെ നിർവചിക്കുന്നതെന്നും ഓർക്കേണ്ടതുണ്ട്. അപ്പോഴാണ് സ്വാതന്ത്ര്യം അതിന്റെ പൂർണതയിലെത്തുന്നത്. അത് തീരുമാനിക്കാനുള്ള അവകാശം അവർക്ക് പൂർണമായി വിട്ടു നൽകിയത് കൊണ്ട് ആർക്കും ആരെയും നഷ്ടമായിപ്പോകുന്നില്ല. കൂട് ഉറപ്പുള്ളതെങ്കിൽ പറക്കുന്ന കിളിക്ക് തിരികെ കൂട്ടിൽ തിരിച്ചെത്തിയേ മതിയാകൂ. കൂട് എന്നത് ഒരു വ്യക്തി ആയാലും അതങ്ങനെ തന്നെയാണ്. ആ ഉറപ്പും ചേർത്തു പിടിക്കലുമാണ് ഓരോ പങ്കാളിയിൽ നിന്നും അടുത്തയാൾ ആഗ്രഹിക്കുന്നതും.
(ലേഖികയുടെ അഭിപ്രായങ്ങൾ വ്യക്തിപരം)
Content Highlights: Alia Bhatt | Ranbir Kapoor | Relationship | Love | Life | Lifestyle | Manoramaonline