കല്യാണം മുടങ്ങിയാലെന്താ തമാശയില്ലേ കൂട്ട്; ഞങ്ങളുടെ ഒരു ‘വട്ടാണിത്’, ഇപ്പോഴെല്ലാവരും ഹാപ്പി!
Mail This Article
കല്യാണമെന്നത് ജീവിത്തിലെ ഏറ്റവും സുന്ദരമായൊരു നിമിഷമായാണ് പലരും കാണുന്നത്. അത് ആഘോഷപൂർവം നടത്താൻ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കാറുമുണ്ട്. എന്നാൽ കല്യാണ ഓഡിറ്റോറിയം വരെ ബുക്ക് ചെയ്തു കഴിഞ്ഞതിനു ശേഷം കല്യാണം മുടങ്ങിപ്പോയാൽ എന്തുചെയ്യും ? മാസങ്ങൾക്കു മുമ്പ് തിരുവനന്തപുരം സ്വദേശിയായ ദീപക് ജീവിതത്തിൽ അനുഭവിച്ച സംഭവമാണിത്. വിവാഹസൽക്കാരത്തിനായി തിരുവനന്തപുരത്തെ ഒരു ഓഡിറ്റോറിയം ബുക്ക് ചെയ്തു. വിവാഹം മുടങ്ങിയപ്പോൾ ബുക്കിങ്ങ് പിൻവലിക്കാൻ പോയെങ്കിലും പൂർണമായും തുക തിരികെ കിട്ടില്ലെന്നറിഞ്ഞതോടെ ഒന്നു പതറി. എന്നാൽ അന്നത്തെ ദീപക്കിന്റെ പതറൽ നാട്ടുകാർക്ക് വലിയ അനുഗ്രഹമായെന്നു തന്നെ പറയാം. വിവാഹ സൽക്കാരം നടത്താൻ തീരുമാനിച്ച ആ ഹാളില്‍ ചിരിപ്പടക്കത്തിന് തീകൊളുത്താൻ പോകുകയാണ് ദീപക്കും കൂട്ടുകാരും. സ്റ്റാന്റഡ്അപ്പ് കോമഡിയിലൂടെ നഗരത്തെ ചിരിപ്പൂരത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് നാലു ചെറുപ്പക്കാർ.
കല്യാണമേളമല്ല, ചിരപ്പൂരമാണ്
വിവാഹം മുടങ്ങിയതോടെ ഓഡിറ്റോറിയം കാൻസൽ ചെയ്താൽ പൈസ അതുപോലെ തന്നെ കിട്ടില്ലെന്നറിഞ്ഞതോടെയാണ് ദീപക്ക് കൂട്ടുകാരുമായി ഇക്കാര്യം സംസാരിക്കുന്നത്. എന്തുചെയ്യുമെന്നാലോചിച്ച് സുഹൃത്തുക്കൾക്ക് ഒരുപാടങ്ങ് തല പുകയ്ക്കേണ്ടി വന്നില്ല. സ്റ്റാൻഡ് അപ്പ് കൊമേഡിയൻസായ 4 സുഹൃത്തുക്കളും ചേർന്ന് ഒരേസമയം തീരുമാനിച്ചു. ‘നമുക്കൊരു സ്റ്റാൻഡ് അപ്പ് കോമഡി ഷോ പ്ലാൻ ചെയ്താലോ?’. ആ ഒരൊറ്റ ചോദ്യം. പിന്നെ അവർ കൂടുതലൊന്നും ചിന്തിക്കാൻ നിന്നില്ല. വിവാഹം നടത്താൻ നശ്ചയിച്ച 11–ാം തീയതി തന്നെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ പ്ലാൻ ചെയ്തു. 800 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഓഡിറ്റോറിയത്തിലുള്ളത്. തിരുവനന്തപുരം സ്വദേശിയായ ദീപക്കിനൊപ്പം തൃശ്ശൂർ സ്വദേശി ജോൺ ജോ, ആലപ്പുഴ സ്വദേശി മഹാദേവൻ, പത്തനംതിട്ട സ്വദേശി അനീസും ചേർന്നാണ് പരിപാടി അവതരിപ്പിക്കുന്നത്. ‘വിറ്റ്ഗ്രാം’ എന്ന ബ്രാൻഡിന്റെ കീഴിലാണ് പരിപാടി അവതരിപ്പിക്കുന്നത്. ‘കേരളത്തിൽ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വലിയ സ്റ്റാൻഡ്അപ്പ് കോമഡി ഷോയാക്കി പരിപാടി മാറ്റാനാണ് ആഗ്രഹം. ഇതുവരെ കേരളത്തിൽ നടന്നതിൽ വച്ച് ഏറ്റവും വലിയ ഷോയ്ക്ക് 650 ടിക്കറ്റുകളാണ് വിറ്റുപോയത്. എന്നാൽ ഇത് 800 സീറ്റാണ്. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ മുഴുവൻ കോമഡി ഷോയിലേക്ക് എത്തിക്കാനാണ് ശ്രമം’. ഷോ മാനേജർ മനോരമ ഓൺലൈനിനോട് പറഞ്ഞു.
തമാശയാണ് ഞങ്ങളുടെ ലൈഫ്
‘വിറ്റ്ഗ്രാം’ എന്ന ബ്രാൻഡിന്റെ കീഴിലാണ് കുറച്ചുകാലമായി നാലുപേരും കോമഡി ഷോകൾ ചെയ്യാറുള്ളത്. പലയിടങ്ങളിൽ നിന്നെത്തിയവരെ ഒരുമിപ്പിച്ചത് തമാശകളാണ്. മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള ഇഷ്ടമാണ് എല്ലാവരുടെയും മുഖമുദ്ര. എഞ്ചിനിയറിങ്ങ് എൻട്രൻസിൽ ഒന്നാം റാങ്കുകാരനായിരുന്ന ദീപക്ക് ഐഐടി മദ്രാസിലാണ് പഠിച്ചത്. കോർപറേറ്റ് ജോലി വിട്ടാണ് മറ്റുള്ളവരെ ചിരിപ്പിക്കാനിറങ്ങിയത്. 2018ൽ ബെംഗളൂരുവിൽ വച്ച് ഇംഗ്ലീഷ് സ്റ്റാൻഡ് അപ്പ് കോമഡി ഷോയിലൂടെയാണ് ഈ രംഗത്തേക്കുള്ള കടന്നുവരവ്. പിന്നീടാണ് എന്തുകൊണ്ട് മലയാളത്തിലും ഇതു ശ്രമിച്ചു കൂട എന്ന് ചിന്തിച്ചത്. കൊച്ചിൻ കോമഡി പ്രൊജക്ടിലൂടെ ഒരുപാട് ഷോകൾ ചെയ്തു. അന്നാണ് തന്റെ അതേ ഇഷ്ടം ജീവിതത്തിൽ കൊണ്ടു നടക്കുന്ന 3 പേരെ കണ്ടെത്തിയത്. 2 വർഷത്തോളമായി ഈ നാലുപേരും ഒരുമിച്ചാണ്. കേരളത്തിലങ്ങോളമിങ്ങോളം 80 ഷോകൾ ഇതുവരെ ചെയ്തു.
‘ടിവി ചാനലുകളിലെ കോമഡി ഷോകളിലൂടെയാണ് ഞങ്ങൾ നാലുപേരും ഒരുമിച്ചെത്തുന്നത്. ഒരു വട്ടിന്റെ പേരിലാണ് ഞങ്ങളൊക്കെ ഇവിടെ വരെ എത്തിയത്. കേരളത്തിന് പുറത്ത് ഒരുപാട് കോമഡി ഷോകൾ കണ്ടതോടെയാണ് ഇതിന് കേരളത്തിലും മാർക്കറ്റ് ഉണ്ട് എന്ന് മനസ്സിലായത്. നല്ല തമാശകൾ എന്നും ആളുകൾ ഇഷ്ടപ്പെടും. തമാശയുണ്ടാക്കാൻ ഞങ്ങൾക്കും ഇഷ്ടമാണ്. മറ്റുള്ളവരെ ചിരിപ്പിക്കാം. അതിലൂടെ ജീവിതത്തിൽ സന്തോഷം ഉണ്ടാക്കാം. അതായിരുന്നു ഞങ്ങളുടെ ആഗ്രഹം’. ദീപക്ക് പറഞ്ഞു.
വീട്ടുകാരൊക്കെ വിട്ട കേസാണ്, ഇത് ഞങ്ങളുടെ ഒരു ‘വട്ട്’
‘ഇന്നും സ്റ്റാൻഡ് അപ്പ് കോമഡി ഒരു ജീവിത മാർഗമായി ആരും അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എല്ലാവരുടെ വീട്ടിലും വലിയ പ്രശ്നങ്ങളൊക്കെ ഉണ്ട്. കൃത്യമായി ശമ്പളം കിട്ടുന്ന, ജീവിക്കാൻ പറ്റുന്ന ജോലി വിട്ടിട്ടാണ് ഞങ്ങളൊക്കെ ഇതിലേക്ക് ഇറങ്ങിയത്. അതുകൊണ്ട് വീട്ടിലെ പ്രശ്നം പറയാതെ തന്നെ അറിയാമല്ലോ...ഒരുപാട് പറഞ്ഞ് പറഞ്ഞ് അവരൊക്കെ അത് വിട്ട അവസ്ഥയാണ്. പക്ഷേ, ഇതിലൂടെ തന്നെ വീട്ടുകാരുടേയും നാട്ടുകാരുടേയുെമാക്കെ പ്രശ്നം മാറ്റണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഒരു തൊഴിലായി ഇവിടെയും സ്റ്റാൻഡ് അപ്പ് കോമഡി അംഗീകരിക്കണം.
പണ്ടൊക്കെ ഒരുപാട് പുഷ് ചെയ്താൽ മാത്രമേ ഷോ കിട്ടാറുണ്ടായിരുന്നുള്ളു. പക്ഷേ, ഇപ്പോൾ അതൊക്കെ മാറി. ഇനിയും അതു മാറും എന്നാണ് തോന്നുന്നത്. ചലഞ്ച് ഇഷ്ടമാണ്. കോർപറേറ്റ് ജീവിതം ബോറായപ്പോൾ ചെയ്തു തുടങ്ങിയതാണ്. തുടക്കത്തിൽ അതു വല്ലാത്തൊരു രസമായി തോന്നി. പിന്നെ ഇതിലൊരു കിക്ക് തോന്നുന്നുണ്ട്. നമ്മുടെ തലയിൽ വന്ന ഒരു ആശയം കേട്ട് മറ്റുള്ളവർ ചിരിക്കുന്നു. അതു പിന്നീട് പലപ്പോഴായി പറയുന്നു.. ആവർത്തിക്കുന്നു. അതൊക്കെ കേൾക്കുമ്പോൾ ഭയങ്കര എക്സൈറ്റിങ്ങായി തോന്നി. ഒരു കിക്ക് കിട്ടായണ് തുടങ്ങിയത്, അത് പിന്നീട് വൻ കിക്കായി മാറി’.
സംഭവം അത്ര എളുപ്പമല്ല. പലപ്പോഴും തമാശകൾ പാളി പോകാറുണ്ട്. നമ്മൾ ഒന്നോ രണ്ടോ ആളുകളോട് പറയുന്ന തമാശ ചിലപ്പോൾ വലിയ കൂട്ടം ഓഡിയൻസിന് ഇഷ്ടപ്പെടണമെന്നില്ല. എനിക്ക് ചിരി വരുന്നത് ചിലപ്പോൾ മറ്റുള്ളൊരാൾ ഇഷ്ടപ്പെട്ടെന്ന് വരില്ല. അതുകൊണ്ട് തന്നെ വലിയ ഷോകൾ ചെയ്യുമ്പോൾ ഒരുപാട് ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന തമാശയായി മാറണമെങ്കിൽ അതിന് ഒരുപാട് ബാക്ക്അപ്പ് വർക്കുകൾ വേണം. ഒരുപാട് തവണ പറഞ്ഞുനോക്കിയൊക്കെയാണ് എല്ലാം സെറ്റ് ചെയ്യുന്നത്. എന്തൊക്കെ പ്ലാൻ ചെയ്താലും ചിലപ്പോള്‍ പാളി പോകുന്ന അവസ്ഥയുമുണ്ട്’. നാലുപേരും ഒരു ചെറുചിരിയോടെ പറഞ്ഞു നിർത്തി.
‘സാധനം കയ്യിലുണ്ട്’
തമാശ ഞങ്ങളുടെ കയ്യിലുണ്ട്. എല്ലാവരും എത്തിക്കോളൂ എന്നാണ് ഇവർക്ക് പറയാനുള്ളത്. ‘കല്യാണം മുടങ്ങുന്നത് ഒരു നല്ല കാര്യമല്ല, അതിൽ ഒരുപാട് സങ്കടം വരും. എന്നാൽ അതൊരു എൻഡല്ല. എല്ലാവരുടെ ജീവിതത്തിലും സംഭവിക്കാവുന്ന കാര്യമാണിത്. തമാശകൾ പറഞ്ഞാൽ നമുക്ക് അതൊക്കെ മറക്കാം. ടെൻഷനും സങ്കടവും മാറ്റാം. തമാശ കേൾക്കുമ്പോഴും ചിരിക്കുമ്പോഴും നമ്മൾ വേറെ ഒന്നും ചിന്തിക്കാറില്ലല്ലോ....എല്ലാവർക്കും അങ്ങ് സമാധാനത്തോടെ ചിരിക്കാം. അത് ഞങ്ങൾ ഉറപ്പു തരുന്നു’.... സെപ്റ്റംബർ 11ന് വൈകീട്ട് 7.30ന് തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബ്ബിലാണ് ചിരിപ്പൂരം...
Content Highlights: Stand-up comedy | Stand-up comedy Show | Lifestyle | Wedding | Manoramaonline