ഒരു പതിറ്റാണ്ടിലധികം ഒറ്റമുറിയിൽ പ്രണയജീവിതം: റഹ്മാൻ–സജിത ദമ്പതികൾക്ക് പൊന്നോമന പിറന്നു
Mail This Article
ഒരു പതിറ്റാണ്ടിലധികം ഒറ്റമുറിയിൽ ഒളിവു ജീവിതം നയിച്ച് പിന്നീട് നിയമപരമായി വിവാഹിതരായ പാലക്കാട് സ്വദേശികൾക്ക് കുഞ്ഞ് പിറന്നു. അയിലൂർ സ്വദേശികളായ റഹ്മാനും സജിതയ്ക്കുമാണ് ജൂൺ 6ന് ആൺകുഞ്ഞ് പിറന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു പ്രസവം. റിസ്‌വാൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
ഏറെ കോളിളക്കം സൃഷ്ടിച്ച പ്രണയകഥയാണ് റഹ്മാന്റെയും സജിതയുടെയും. 2010 ഫെബ്രുവരിയിൽ റഹ്മാനൊപ്പം കഴിയാനാണു അയൽവാസിയായ 18കാരി സജിത വീടു വിട്ടിറങ്ങിയത്. റഹ്മാൻ തന്റെ വീട്ടിലെ ചെറിയ മുറിയിൽ വീട്ടുകാർ പോലും അറിയാതെ സജിതയെ താമസിപ്പിച്ചു. ഇലക്ട്രിക്കൽ ജോലിയും പെയിന്റിങ്ങും ചെയ്തിരുന്ന റഹ്മാൻ അയാളുടെ മുറി തുറക്കാൻ വീട്ടുകാരെ അനുവദിച്ചിരുന്നില്ല. പത്ത് വർഷം സജിത ആരുമറിയാതെ ആ മുറിയിൽ കഴിഞ്ഞു.
2021 മാർച്ചിൽ ഇരുവരും ആരുമറിയാതെ വിത്തനശ്ശേരിയിൽ വാടക വീട്ടിലേക്കു മാറി. ഇതിനിടെ റഹ്‌മാനെ കാണാനില്ലെന്നു വീട്ടുകാർ പൊലീസിൽ പരാതി നൽകി. റഹ്‌മാന്റെ സഹോദരൻ നെന്മാറയിൽ വച്ചു റഹ്‌മാനെ കണ്ടു. ഇക്കാര്യം പൊലീസിനെ അറിയിച്ചതിനെത്തുടർന്നാണു ഒരു പതിറ്റാണ്ടിന്റെ ഒളിവുജീവിത കഥ പുറത്തറിഞ്ഞത്. ഇരുവരും സ്വന്തം ഇഷ്ട പ്രകാരമാണു താമസിക്കുന്നതെന്നു മൊഴി നൽകിയതോടെ പൊലീസ് നടപടികൾ അവസാനിപ്പിച്ചു.
2021 സെപ്റ്റംബർ 15ന് ഇരുവരും നിയമപരമായി വിവാഹിതരായി. രണ്ട് വർഷം വാടകയ്ക്ക് താമസിച്ചു. ഗർഭകാലത്ത് സജിതയുടെ വീട്ടിലേക്ക് താമസം മാറ്റി. കുഞ്ഞിന്റെ 90–ാംദിനം വിവിധ പള്ളികളിലും ക്ഷേത്രങ്ങളിലും പോയാണ് ദമ്പതികൾ ആഘോഷിച്ചത്.
Content Highlights: Palakkad Couple| Love story | Child birth