ADVERTISEMENT

ശാലീന സുന്ദരിയായി സാരിയുടുത്ത് നിൽക്കുന്ന ഷാലിൻ സോയ. പേര് അന്വർഥമാക്കുന്നതുപോലെ അതീവ സുന്ദരിയായിരിക്കും ഷാലിൻ സാരിയുടുത്താൽ. മലയാളിയ്ക്ക് വലിയ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത താരസുന്ദരിയാണ് ഷാലിൻ സോയ. സമൂഹ മാധ്യമങ്ങളിൽ ശാലിന്റെ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ്. ഏത് ഫോട്ടോ പോസ്റ്റ് ചെയ്താലും അതൊക്കെ ഏറെ പ്രശംസയും നേടാറുണ്ട്, എന്നാൽ ഈ ചിത്രങ്ങൾക്ക് പിന്നിലൊരു രഹസ്യമുണ്ടെന്ന് ഷാലിൻ പറയുന്നു. ഇന്ന് ഫോട്ടോഷൂട്ടുകൾ ആണല്ലോ ട്രെൻഡ്. പുതുപുത്തൻ സ്റ്റൈലിൽ വമ്പൻ താരങ്ങൾ മുതൽ സാധാരണക്കാർ വരെ ഇന്ന് ഫോട്ടോഷൂട്ട് നടത്തുന്നുണ്ട്. എന്നാൽ ഫോട്ടോഷൂട്ടുകൾ പൊതുവെ ചെയ്യാത്ത, സമപ്രായക്കാരായവരെ വച്ച് നോക്കുമ്പോൾ തീര കുറവ് മാത്രം ഫോട്ടോഷൂട്ടുകളും മറ്റും നടത്തുന്ന യുവ അഭിനേത്രിയെന്ന് വേണമെങ്കിൽ നമുക്ക് ഷാലിൻ സോയയെ വിളിക്കാം. 

“എന്റെ മമ്മിയാണ് എല്ലാ ഫോട്ടോകളും എടുക്കുന്നത്. ഞാൻ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യുന്ന ഏത് ഫോട്ടോയും എന്റെ മമ്മി ഫോണിൽ എടുക്കുന്നതാണ്. അല്ലാതെ ഞാൻ അങ്ങനെ വലിയ ഫോട്ടോപ്രേമിയൊന്നുമല്ല, പിന്നെ ജോലിയുടെ ഭാഗമായി അവർ ആവശ്യപ്പെടുന്നത് പോലെ ചെയ്യാറുണ്ട് എന്നുമാത്രം. ഇപ്പോൾ നോക്കിയാൽ അറിയാം, സാധാരണ ഇൻഫ്ലുവൻസേഴ്സ് ആണെങ്കിൽപ്പോലും എത്രമാത്രം സമയവും കഴിവും ചെലവഴിച്ചാണ് ഓരോ ഫോട്ടോഷൂട്ടൊക്കെ ചെയ്യുന്നത്. എന്നോടും എല്ലാവരും പറയാറുണ്ട്, എഫർട്ട് എടുത്ത് ഫോട്ടോഷൂട്ട് ഒക്കെ ചെയ്യണം, എല്ലാവരും ചെയ്യുന്നതല്ലേ അതോക്കെ എന്ന്. ആക്റ്റീവ് ആകണം എന്ന് തോന്നാറുണ്ട്, പക്ഷേ എന്തോ ഞാൻ അതിനായി എഫർട്ട് ഒന്നും എടുക്കാറുമില്ല, ഫോട്ടോഷൂട്ടിനെന്നും പറഞ്ഞ് ഇറങ്ങി പുറപ്പെടാറുമില്ല. പിന്നെ എന്റെ കൂടെ ഒരു ഗംഭീര ഫോട്ടോഗ്രാഫർ ഉള്ളപ്പോൾ എനിക്ക് അധികം ചിന്തിക്കേണ്ടി വരാറില്ല എന്നതാണ് സത്യം. മമ്മി എടുത്തിട്ടുള്ള എന്റെ മിക്ക ഫോട്ടോയും ഹിറ്റാണ്.” 

shalin2
ശാലിൻ സോയ, Image Credits: Instagram/shaalinzoya

സാരിയാണ് ഏറെ ഇഷ്ടം. എപ്പോഴും പ്രിയം കറുപ്പിനോട്
ചുമ്മാ ഒന്ന് പുറത്തിറങ്ങുമ്പോൾ പോലും സാരിയുടുത്താലോ എന്ന് ആലോചിക്കുന്ന വ്യക്തിയാണ് താനെന്ന് ഷാലിൻ സോയ. ‘സാരിയുടുക്കുമ്പോൾ ഒരു കോൺഫിഡൻസ് ലഭിക്കും. പലരും പറഞ്ഞിട്ടുണ്ട്, സാരിയുടുത്ത് കാണാൻ നല്ലതാണെന്ന്. മമ്മിയുടെ കയ്യിൽ സാരിയുടെ നല്ലൊരു കളക്ഷനുണ്ട്. ഞാൻ ഉടുക്കുന്നതിലധികവും ആ കളക്ഷനിൽ നിന്നുള്ള സാരികളാകും. 10-15 വർഷം പഴക്കമുള്ളവയുണ്ടതിൽ, പക്ഷേ ഒരു കേടുപാടും സംഭവിക്കാതെയാണ് മമ്മി അതൊക്കെ സൂക്ഷിച്ചുവച്ചിരിക്കുന്നത്. സാരിയാണെങ്കിലും മറ്റ് ഏത് ഡ്രസ് ആണെങ്കിലും എപ്പോഴും പ്രിയപ്പെട്ട കളർ കറുപ്പ് തന്നെ. എങ്ങനെ വന്നാലും കൈ നേരേ ചെന്ന് നിൽക്കുന്നത് കറുപ്പിലായിരിക്കും. അത് മാറ്റിപ്പിടിക്കണം എന്നുവരുമ്പോൾ മാത്രമാണ് റെഡ്, വൈറ്റ് ഒക്കെ തെരഞ്ഞെടുക്കാറുള്ളത്. എങ്കിലും എന്റെ ഏറ്റവും പ്രിയപ്പെട്ട നിറം കറുപ്പ് തന്നെ. 

shalin3
ശാലിൻ സോയ, Image Credits: Instagram/shaalinzoya

അതുപോലെ തന്നെ എനിക്ക് കംഫർട്ടബിളായിട്ടുള്ള ഡ്രസുകൾ മാത്രമേ ഞാൻ ധരിക്കാറുള്ളു. മിക്കവാറും എന്റെ സൈസിനേക്കാൾ വലിയ ഡ്രസുകളാണ് ഞാൻ ഇടുന്നത്. അതിന് വീട്ടിൽ നിന്നും എപ്പോഴും വഴക്കുകിട്ടാറുണ്ട്. എനിക്ക് നല്ല ലൂസ് വസ്ത്രങ്ങൾ ഇടാനാണ് ഇഷ്ടം. അതാകുമ്പോൾ നമുക്ക് ഭയങ്കര ഫ്രീയായി നടക്കാൻ പറ്റും. ഓവർ സൈസ് ടീഷർട്ടും ജീൻസുമാണ് മിക്കവാറും ധരിക്കുന്നത്. അതാണ് കംഫർട്ടബിൾ’. 

shalin-zoya
ശാലിൻ സോയ, Image Credits: Instagram/shaalinzoya

നമ്മുടെ സ്റ്റൈലാണ് നമ്മുടെ പേഴ്സണാലിറ്റി
‘നമ്മൾ ഒരാളെ കാണുമ്പോഴോ സംസാരിക്കുമ്പോഴോ, കൂടിക്കാഴ്ച നടത്തുമ്പോഴോ, നമ്മൾ ഇട്ടിരിക്കുന്ന വസ്ത്രം നമ്മളെ സ്വാധീനിക്കും എന്നുള്ളത് നൂറ് ശതമാനം ഉറപ്പുള്ള കാര്യമാണ്. അതുകൊണ്ട് നമ്മുടെ സ്റ്റൈൽ നമ്മുടെ പേഴ്സണാലിറ്റിയേയും ആത്മവിശ്വാസത്തേയും ഒരു പരിധിവരെ പ്രതിഫലിപ്പിക്കുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഒരു പ്രധാനപ്പെട്ട മീറ്റിംഗിനുപോകുമ്പോഴോ, അല്ലെങ്കിൽ ഇന്റർവ്യു ആണെങ്കിലോ ഞാൻ ചുരിദാർ ധരിക്കാൻ ഇഷ്ടപ്പെടുന്നു. എപ്പോഴുമല്ല, പക്ഷേ ഇത്തരം അവസരങ്ങളിൽ ചുരിദാർ എനിക്ക് നല്ലാതണെന്ന് തോന്നാറുണ്ട്. അത് ധരിക്കുമ്പോൾ എനിക്ക് എന്നിൽ ഒരു കോൺഫിഡൻസ് ലെവൽ കൂടുന്നതായി തോന്നാറുണ്ട്. പിന്നെ നേരത്തെ പറഞ്ഞതുപോലെ ഞാൻ ഇടുന്ന ചുരിദാറുകളിലധികവും മമ്മിയുടെ തന്നെയാണ്. നമുക്ക് യോജിക്കാത്ത, കംഫർട്ടബിൾ ആകാത്ത വസ്ത്രം ധരിക്കാതിരിക്കുക. അതാണ് എന്റെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ്’. 

shalin1
ശാലിൻ സോയ, Image Credits: Instagram/shaalinzoya

എന്റെ ബ്യൂട്ടി സീക്രട്ട് കണ്ട് ഞെട്ടിയവരുണ്ട്
ഷാലിന്റെ മിക്ക ഫോട്ടോകളുടെ താഴെയും വരുന്ന കമന്റുകളിൽ ഏറ്റവും അധികമായി കണ്ടുവരാറുളളത് സുന്ദരിയാണ്, സ്കിൻ നല്ലതാണല്ലോ, എന്താണ് ബ്യൂട്ടി സീക്രട്ട്, എന്താണ് ഈ മുഖസൗന്ദര്യത്തിന്റെ രഹസ്യം എന്നൊക്കെയാവും. തന്നോട് പലരും ഇങ്ങനെ നേരിട്ട് ചോദിച്ചിട്ടുണ്ടെന്ന് ഷാലിൻ സോയയും പറയുന്നു. ‘ഇങ്ങനെ ചോദ്യം കൂറേയായപ്പോൾ “ ഗെറ്റ് റെഡി വിത്ത് മീ” എന്നൊരു വിഡിയോ ചെതിരുന്നു. അതു കണ്ടിട്ട് പലരും ഇതിൽ കുട്ടി ഒന്നും ചെയ്യുന്നില്ലല്ലോ എന്നാണ് പറഞ്ഞത്. അതാണ് സത്യം, ഞാൻ അധികം മേക്കപ്പ് ഉപയോഗിക്കാറില്ല. അലർജി പോലെ എന്തോ ഉള്ളതായി തോന്നാറുണ്ട്. ഷൂട്ടിനും മറ്റം ആവശ്യമെങ്കിൽ മേക്കപ്പ് ചെയ്യും എന്നല്ലാതെ ഞാനങ്ങനെ റെഗുലറായി മേക്കപ്പ് ഉപയോഗിക്കുന്ന ആളല്ല. ലിപ്സ്റ്റിക് ആണ് എന്റെ ആകെയുള്ള മേക്കപ്പ. പിന്നെ സൺസ്ക്രീൻ ഈയടുത്തായി ഉപയോഗിച്ചുതുടങ്ങി അത്ര തന്നെ’. 

shalin6
ശാലിൻ സോയ, Image Credits: Instagram/shaalinzoya

തടിച്ചി എന്ന് മുഖത്തുനോക്കി വിളിച്ചിട്ടുണ്ട്
കുറച്ച് ചബ്ബിയായി ഇരിക്കുന്ന ശരീരപ്രകൃതിയാണ് ഷാലിൻ സോയയുടേത്. ചിലപ്പോൾ തടി തോന്നിപ്പിക്കുമെങ്കിലും താരം അത് മിക്കപ്പോഴും ഓവർകം ചെയ്യാറുണ്ടെന്ന് നമുക്ക് പല ഫോട്ടോകളിൽ നിന്നും മനസിലാക്കാം. പലപ്പോഴും തടിച്ചിയെന്ന കമന്റുകൾ വരാറുണ്ടെങ്കിലും അങ്ങനെ മുഖത്തുനോക്കി വിളിയ്ക്കുമ്പോൾ വല്ലാത്ത വിഷമം തോന്നാറുണ്ടെന്ന് ഷാലിൻ പറയുന്നു. ‘നേരിട്ട് കാണുമ്പോൾ പലരുമെന്നെ തടിച്ചിയെന്ന് വിളിച്ചിട്ടുണ്ട്. മൈ ബോഡി മൈ റൂൾസ് എന്നൊക്കെയാണെങ്കിലും ഇങ്ങനെ കേൾക്കുമ്പോൾ അത് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്, ഞാനും ഒരു സാധാരണ മനുഷ്യനാണ്, ചിലപ്പോഴൊക്കെ തിരിച്ചുപറയാൻ നമുക്ക് സാധിക്കാറില്ല. ബോഡി ഷെയിമിങ്ങിനെതിരെ സംസാരിക്കണമെന്ന് ഒരു ഇന്റർവ്യൂവിനിടെ ആവശ്യപ്പെട്ടപ്പോൾ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. കാരണം ബോഡി ഷെയ്മിങ്ങ് കാരണം തടി കുറയ്ക്കാൻ ശ്രമിക്കുന്നൊരാളാണ് ഞാൻ. ചിലപ്പോൾ ഇത് തെറ്റാകാം, കാരണം ബോഡി ഷെയ്മിങ്ങിനെതിരെ ശബ്ദമുയർത്തപ്പെടുന്ന സമയത്ത് ഞാൻ ഇങ്ങനെ പറയുന്നത് ഉചിതമാണോ എന്നറിയില്ല. പക്ഷേ ഈ പറച്ചിലുകളും കമന്റുകളുമെല്ലാം സാരമായി ബാധിക്കുന്ന വ്യക്തിയായതിനാൽ അതൊന്നും കേൾക്കാതിരിക്കാനുള്ള മാർഗ്ഗങ്ങളാണ് ഞാൻ മിക്കപ്പോഴും നോക്കുന്നത്. 

shalin4
ശാലിൻ സോയ, Image Credits: Instagram/shaalinzoya

പെട്ടെന്ന് തടി വയ്ക്കുകയും മെലിയുകയും ചെയ്യുന്ന ഒരു ശരീരപ്രകൃതിയാണ് എന്റേത്. ഞാൻ ഡയറ്റ് നോക്കാറുണ്ട്. ഒരിക്കൽ 15 കിലോയോളം ഭാരം കുറച്ചിരുന്നു. പട്ടിണി കിടന്നും ഭക്ഷണം കുറച്ചുമൊന്നും ഒന്നും ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്റെ സന്തോഷങ്ങളിലൊന്ന് നല്ല ഫുഡ് കഴിയ്ക്കുക എന്നതാണ്. ടെൻഷൻ വരുമ്പോൾ ഇഷ്ടമുള്ള എന്തെങ്കിലും കഴിച്ചാൽ അത് മാറുന്ന ആളാണ് ഞാൻ. വണ്ണം വയ്ക്കുന്നതും അല്ലാത്തതുമെല്ലാം ഓരോ വ്യക്തിയുടേയും കാര്യമാണ്. അതിൽ മറ്റുള്ളവർ അഭിപ്രായം പറയേണ്ട കാര്യമുണ്ടോ ? എനിക്കറിയില്ല. അതുകൊണ്ട് അത്തരം കമന്റുകൾ എന്നെ ബാധിക്കാറുണ്ട്, ബുദ്ധിമുട്ടിക്കാറുണ്ട്. വളരെയധികം വിഷമിപ്പിക്കാറുമുണ്ട്. ഇങ്ങനെ പറയുന്നവരോട് എനിക്കൊന്നേ പറയാനുള്ളു, പറ്റുമെങ്കിൽ മറ്റുള്ളവരെ ഇത്തരം വാക്കുകൾ കൊണ്ട്  വേദനിപ്പിക്കാതിരിക്കുക, നിങ്ങൾക്കറിയില്ല, അവർ എത്രത്തോളം മാനസിക ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോവുകയെന്ന്. ആ ഒരു ദിവസം തന്നെ ചിലപ്പോൾ അവരുടെ മോശമായിപ്പോകും. മെന്റലി തളർന്നുപോകുന്ന അവസ്ഥയാണത്. ഒന്നുകിൽ നല്ലതുപറയു, അല്ലെങ്കിൽ ഒന്നും പറയാതെ ഇരുന്നാലും മതി അതായിരിക്കും നല്ലത്’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com