സ്ത്രീകളെ കണ്ടാൽ പേടി, 15 അടി ഉയരത്തിൽ മതിൽ; 55 വർഷമായി പുറംലോകവുമായി ബന്ധമില്ലാതെ 71കാരൻ
Mail This Article
പല വിധത്തിലുള്ള പേടികളുള്ള മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. ചിലർക്ക് മൃഗങ്ങളെയും പക്ഷികളെയുമൊക്കെയാവാം പേടി. എന്നാൽ മറ്റു ചിലർക്കാകട്ടെ ഇരുട്ടിനെയും അടച്ചിട്ട മുറിയെയുമെല്ലാം പേടിയുണ്ടാകാം. എന്നാൽ സ്ത്രീകളെ പേടിക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ അത്തരത്തിലൊരു വാർത്തയാണ് റുവാണ്ടയിൽ നിന്നു കേൾക്കുന്നത്. ഇവിടെ സ്ത്രീകളെ പേടിച്ച് 71 കാരൻ വർഷങ്ങളായി സ്വന്തം വീട്ടിൽ തന്നെ അടച്ചിരിക്കുകയാണ്.
കാലിറ്റ്സെ സാംവിറ്റ എന്ന 71 കാരനാണ് 55 വർഷമായി വീട്ടിൽ സ്വയം തടവിൽ കഴിയുന്നത്. 16–ാം വയസ്സിലാണ് ഇദ്ദേഹം സ്ത്രീകളിൽ നിന്ന് അകന്ന് താമസിക്കാൻ തുടങ്ങിയത്. വീടിന് ചുറ്റും 15 അടി ഉയരത്തിൽ വേലി കെട്ടി മറച്ചാണ് അദ്ദേഹം താമസിക്കുന്നത്.
ഒരു കാരണവശാലും സ്ത്രീകളെ കാണാതിരിക്കാനായി അദ്ദേഹം വീടിനുള്ളിൽ തന്നെ തനിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമത്തിലെ സ്ത്രീകളെ പുറത്തു കണ്ടാൽ സാംവിറ്റ ഓടി വീടിനകത്ത് കയറുകയാണ് പതിവ്. എല്ലാവരും പോയെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമാണ് പുറത്തിറങ്ങുക.
സ്ത്രീകളെ കണ്ടാൽ ഭയമാണെങ്കിലും അദ്ദേഹം ജീവിച്ചിരിക്കാൻ കാരണം സമീപത്തുള്ള സ്ത്രീകൾ തന്നെയാണ്. പ്രദേശത്തെ സ്ത്രീകൾ വീടിന്റെ മുറ്റത്തേക്ക് വലിച്ചെറിയുന്ന ഭക്ഷണ സാധനങ്ങളാണ് അദ്ദേഹം കഴിക്കുന്നത്.
‘ഗൈനോഫോബിയ’ (Gynophobia) എന്ന മാനസികാവസ്ഥ കൊണ്ടാണ് സാംവിറ്റ സ്ത്രീകളെ ഭയപ്പെടുന്നത്. സ്ത്രീകളോടുള്ള അമിതമായ ഭയവും അവരെ കുറിച്ചുള്ള അതീവ ഉത്കണ്ഠയുമാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം. പാനിക് അറ്റാക്ക്, അമിതമായി വിയർക്കൽ, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് ഗൈനോഫോബിയയുടെ ലക്ഷണങ്ങൾ.