‘ഇന്നലെ വേദനിച്ചു, പോരാടാനായി മടങ്ങിയെത്തും’; സുപ്രീംകോടതിക്ക് മുന്നിൽ വച്ച് മോതിരം കൈമാറി ഗേ കപ്പിൾ
Mail This Article
സ്വവർഗ വിവാഹം നിയമപരമാക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്നുള്ളവർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ കോടതിയുടെ തീരുമാനത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു ഗേ കപ്പിളിന്റെ ചിത്രങ്ങളാണ്. സുപ്രീംകോടതിക്ക് മുന്നിൽ നിന്ന് മോതിരം കൈമാറി എൻഗേജ്മെന്റ് നടത്തുകയാണ് ഇരുവരും.
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പിഎച്ച്ഡി വിദ്യാർഥിയായ അനന്യ കോട്ടിയും അദ്ദേഹത്തിന്റെ പങ്കാളിയും അഭിഭാഷകനുമായ ഉത്കർഷ് സക്സേനയുമാണ് ചിത്രങ്ങളിലുള്ളത്. കോടതിക്ക് മുന്നിൽ വച്ച് എൻഗേജ്മെന്റ് നടത്തിയ ചിത്രം അനന്യ തന്നെയാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്.
മുട്ടുകുത്തി നിന്നാണ് സുപ്രീംകോടതിക്ക് മുന്നിൽ നിന്ന് ഉത്കർഷ് അനന്യക്ക് മോതിരം ഇട്ടത്. സ്വവർഗ വിവാഹത്തിന് സുപ്രീംകോടതി അംഗീകാരം നൽകാത്തതിനുള്ള പ്രതിഷേധമായിട്ടായിരുന്നു മോതിരമാറ്റം.
‘ഇന്നലെ വേദനിച്ചു. ഇന്ന് ഞാനും ഉത്കർഷ് സക്സേനയും ഞങ്ങളുടെ അവകാശങ്ങൾ നിഷേധിച്ച അതേ കോടതിയിൽ തിരിച്ചെത്തി. മോതിരം കൈമാറി. ഈ ആഴ്ച ഞങ്ങൾക്ക് നിയമപരമായുണ്ടായ നഷ്ടം മാത്രമല്ല, ഞങ്ങളുടെ വിവാഹ നിശ്ചയം കൂടിയാണ്. പോരാടാനായി ഞങ്ങൾ മടങ്ങിയെത്തും’. അനന്യ സമൂഹ മാധ്യമത്തിൽ കുറിച്ചു.