മിഥുൻ ചേട്ടൻ വേണ്ട എന്നു പറഞ്ഞു, എന്റെ വിശ്വാസമായിരുന്നു; മുടി മൊട്ടയടിച്ചതിലും ചിലർ നെഗറ്റീവ് കണ്ടെത്തി: ലക്ഷ്മി
Mail This Article
മലയാളികളുടെ പ്രിയതാരമാണ് മിഥുൻ രമേഷ്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഭാര്യ ലക്ഷ്മിയ്ക്കും ആരാധകർ ഏറെയാണ്. അടുത്തിടെയാണ് താരത്തിന് ബെൽസ് പാൾസി എന്ന അസുഖം ബാധിച്ചത്. അസുഖം ഭേദമായതിനു പിന്നാലെ ഭാര്യ ലക്ഷ്മി തിരുപ്പതിയിൽ പോയി മൊട്ടയടിച്ചിരുന്നു. അന്ന് ലക്ഷ്മിക്ക് അഭിനന്ദനവുമായി നിരവധി പേരെത്തിയിരുന്നു. ഇപ്പോഴിതാ ഒരഭിമുഖത്തിൽ തല മൊട്ടയടിച്ചതിനെ പറ്റിയും പഴയ വിവാഹ ഓർമകളെ പറ്റിയുമെല്ലാം മനസ്സു തുറന്നിരിക്കുകയാണ് ലക്ഷ്മി.
‘ഒരു വിശ്വാസത്തിന്റെ പുറത്ത് നേർച്ച നേർന്നാണ് തിരുപ്പതിയിൽ പോയി മൊട്ടയടിച്ചത്. മുൻപ് മകൾ തൻവിക്ക് ഒരു അസുഖം വന്ന സമയത്ത് എന്റെ അമ്മ നേർന്നിരുന്നു. അങ്ങനെ അത് ഭേദമാവുകയൊക്കെ ചെയ്തിരുന്നു. അമ്മ മുടിയെടുത്ത ശേഷമാണ് മിഥുൻ ചേട്ടന് ബെൽസ് പാൾസി വരുന്നത്. നേരത്തെ അമ്മ ചെയ്തത് കണ്ടതു കൊണ്ടാണ് എല്ലാം ശരിയാകും എന്ന വിശ്വാസത്തിൽ മൊട്ടയടിച്ചത്.
ഇക്കാര്യം പറഞ്ഞപ്പോൾ വേണ്ട എന്നാണ് മിഥുൻ ചേട്ടൻ പറഞ്ഞത്. എന്നാൽ ഞാൻ നേർന്നത് എനിക്ക് ചെയ്തേ പറ്റൂ എന്ന് പറഞ്ഞു. ഇല്ലെങ്കിൽ അത് എനിക്ക് മനസിന് ഒരു ബുദ്ധിമുട്ട് ആകും. അങ്ങനെയാണ് അതു ചെയ്തത്. മുടി മൊട്ടയടിച്ചതിന് പിന്നാലെ ഒരുപാട് പേർ നല്ലത് പറഞ്ഞു. അതിനെ എല്ലാവരും പോസിറ്റീവായി എടുത്തതിൽ സന്തോഷമുണ്ട്. ചിലർ നെഗറ്റീവ് പറയുന്നുണ്ടായിരുന്നു. അത് കാര്യമാക്കുന്നില്ല. അത് നമ്മുടെ ഒരു വിശ്വാസം ആയിരുന്നു. അത്രയേ ഉള്ളൂ. ഓരോരുത്തർക്കും ഓരോ വിശ്വാസങ്ങൾ ഉണ്ടല്ലോ. എനിക്ക് എന്റേതായ വിശ്വാസം ഉണ്ട്. ഞങ്ങൾ ഭയങ്കര ദൈവ വിശ്വാസികൾ ഒന്നുമല്ല. പക്ഷെ ചില സമയത്ത് നമ്മൾ അങ്ങനെ വിശ്വസിച്ചു പോകും. ഒരു പിടി വള്ളി വേണം എന്നൊക്കെ തോന്നുന്ന ഒരു ഘട്ടമുണ്ടല്ലോ. അങ്ങനെയൊരു സമയത്ത് നേർന്നതാണ്.
ഒരുപാട് പേർ ആ സമയത്ത് ചേട്ടന് വേണ്ടി പ്രാർഥിച്ചു. അതുകൊണ്ടാണ് എത്രയും പെട്ടെന്ന് ശരിയായത്. ഇത്രയധികം സ്നേഹം ആളുകൾക്ക് ഉണ്ടെന്ന് നമ്മൾ വിചാരിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. ആ ഒരു സംഭവം ഉണ്ടായതോടെയാണ് അത് മനസിലായത്. നമ്മൾ ഇത്രയും സ്നേഹത്തിന് അർഹരാണോ എന്ന് വരെ തോന്നി’. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മി വ്യക്തമാക്കി.
പ്രണയത്തെ പറ്റിയും വിവാഹത്തെ പറ്റിയും ലക്ഷ്മി അഭിമുഖത്തിൽ മനസ്സു തുറന്നു. ‘ഞങ്ങളുടേത് ഒരു പ്രണയ വിവാഹം ആയിരുന്നു. രണ്ടു വർഷക്കാലം പ്രണയിച്ചു. അതിനിടെ എന്റെ അമ്മ പ്രണയം കയ്യോടെ പിടിച്ചു. പിന്നീട് എല്ലാം ശടപടെ ശടപടെ എന്നായിരുന്നു. കല്യാണം കഴിഞ്ഞു, പെട്ടെന്ന് കുട്ടിയായി, ലൈഫ് പെട്ടെന്ന് സെറ്റിൽഡായി. അങ്ങനെയായിരുന്നു ഞങ്ങളുടെ ജീവിതം.
മിഥുൻ ചേട്ടൻ ആയിരുന്നു പ്രപ്പോസ് ചെയ്തത്. മെസേജ് അയച്ചാണ് പ്രപ്പോസ് ചെയ്തത്. അന്ന് യാഹൂ മെസഞ്ചർ പോലുള്ള സംഭവങ്ങളിലൂടെയാണ് മെസേജ് അയക്കുകയും കാണുകയും ഒക്കെ ചെയ്തിരുന്നത്. മൊബൈലിൽ മെസേജ് ചെയ്യുന്ന സംഭവമൊന്നും അന്നില്ല. പിന്നെ മെയിൽ ചെയ്യുമായിരുന്നു.
മാളിൽ ഒരു പരിപാടി അവതരിപ്പിക്കുമ്പോഴാണ് ഞാൻ മിഥുൻ ചേട്ടനെ ആദ്യമായി കാണുന്നത്. ആ എനർജിയയാണ് എന്നെ ആകർഷിച്ചത്. ഇത്രയും എനർജിയുള്ള ഒരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ആ എനർജി കണ്ടപ്പോൾ ഞാൻ വീണുപോയി. അതാണ് സത്യം. പിന്നെ ഞങ്ങളുടെ ഒരു മ്യൂച്വൽ ഫ്രണ്ട് വഴി സംസാരിച്ചു തുടങ്ങി. അങ്ങനെയാണ് പ്രണയത്തിലേക്കെല്ലാം എത്തുന്നത്’. ലക്ഷ്മി പറഞ്ഞു.