പ്രസവം കഴിഞ്ഞും ഒരുപാട് വേദന സഹിച്ചു, വീട്ടിലേക്ക് പോകണ്ട എന്നത് എന്റെ തീരുമാനമായിരുന്നു: അനുരാധ പറയുന്നു
Mail This Article
മിനി സ്ക്രീൻ പ്രേക്ഷകർക്കും പാചകം ഇഷ്ടപ്പെടുന്നവർക്കുമെല്ലാം ഏറെ സുപരിചിതയാണ് ലക്ഷ്മി നായർ. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ലക്ഷ്മി കുടുംബത്തിന്റെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിലെ വിഡിയോയിലൂടെ ലക്ഷ്മിയുടെ മരുമകൾ അനുരാധയും സുപരിചിതയാണ്. അടുത്തിടെയാണ് അനുരാധ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോഴിതാ പ്രസവ ശേഷമുള്ള വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് അനുരാധ. കുഞ്ഞിന് 4 മാസം പ്രായമേ ആയിട്ടുള്ളു. അതുകൊണ്ട് സമൂഹ മാധ്യമത്തിൽ ചിത്രങ്ങൾ പങ്കുവെക്കണമെന്ന് തോന്നിയിട്ടില്ലെന്നും അനുരാധ പറഞ്ഞു.
‘ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ പെൺകുട്ടി ആകണമെന്നാണ് പ്രാർഥിച്ചത്. അതുപോലെ തന്നെ സംഭവിച്ചു. സരസ്വതി നായർ എന്നാണ് പേര്. കുഞ്ഞ് ജനിക്കുന്നതിന് മുമ്പേ കുറേ പേരെല്ലാം കണ്ടെത്തിയിരുന്നു. പരമ്പരാഗതമായ പേര് കുഞ്ഞിന് വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആൺകുട്ടിക്കും പെൺകുട്ടിക്കും വേണ്ടിയുള്ള പേരുകൾ നോക്കിവെച്ചപ്പോൾ ലക്ഷ്മിയമ്മയാണ് സരസ്വതി എന്ന പേര് നിർദേശിച്ചത്.
പ്രസവ കാലത്ത് യാതൊരു വിധ പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. വളരെ സ്മൂത്തായ ഒരു യാത്രയായിരുന്നു. ഒരു പ്രശ്നങ്ങളും ഇല്ലാതെ രണ്ടുമാസം കടന്നുപോയി. മൂന്നുമാസമായപ്പോഴാണ് ഛർദ്ദിയും തലകറക്കവും ഉണ്ടായത്. ഭക്ഷണത്തിനോട് വലിയ താൽപര്യം ഉണ്ടായിരുന്നില്ല. നോർമലായ ഭക്ഷണം മാത്രമാണ് കഴിച്ചത്. വീട്ടിലെ ചെറിയ പണികളൊക്കെയും ഞാൻ തന്നെ ചെയ്യുമായിരുന്നു. ആ സമയത്ത് വിഡിയോസ് ഒന്നും എടുക്കാൻ തോന്നിയില്ല.
ഗർഭിണിയാണെന്ന കാര്യം ഏഴുമാസമായിട്ട് പറഞ്ഞാൽ മതി എന്ന് തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് അത്രയും വൈകി ഗർഭത്തെ പറ്റി പ്രേക്ഷകരെ അറിയിച്ചത്. ഫ്ലൂയിഡിന്റെ കുറവ് ഉണ്ടായിരുന്നതു കാരണം ഡേറ്റിന് മുൻപേ തന്നെ കുഞ്ഞിനെ സി സെക്ഷനിലൂടെ എടുത്തു. ഒന്നര ആഴ്ച മുമ്പാണ് കുട്ടിയെ സീ സെക്ഷൻ ചെയ്ത് പുറത്തെടുത്തത്. തുടക്ക സമയത്തൊക്കെ വളരെ അധികം വേദനയുണ്ടായിരുന്നു. നമ്മൾ മാത്രമാണ് ആ പ്രോസസിലൂടെ കടന്ന് പോകുന്നത്. അത് വല്ലാത്ത അവസ്ഥയായിരുന്നു’– അനുരാധ വിഡിയോയിൽ പറഞ്ഞു.
പ്രസവത്തിന് ശേഷം പൊതുവെ പെൺകുട്ടികൾ സ്വന്തം വീട്ടിൽ പോകാറാണ് പതിവ്. എന്നാൽ, അനുരാധ പ്രസവത്തിന് ശേഷവും ഭർത്താവിന്റെ വീട്ടിലേക്കാണ് എത്തിയത്. പുതിയ വിഡിയോയിൽ അതിന്റെ കാരണവും അനുരാധ വ്യക്തമാക്കി. ‘എന്റെ അമ്മയ്ക്ക് ഒരു വർഷം മുമ്പേയാണ് ബ്രെസ്റ്റ് ക്യാൻസറാണെന്ന് മനസിലാക്കുന്നത്. അതിനുവേണ്ടിയുള്ള ട്രീട്മെന്റും മറ്റും നടക്കുന്ന സമയമായിരുന്നു. അമ്മ ഹെൽത്തിയായിരുന്നു. പക്ഷേ, നമുക്ക് ഒരുപാട് ആവശ്യങ്ങൾ വരുന്ന സമയമാണല്ലോ ഇത്. ഭക്ഷണം തയാറാക്കാനും കുഞ്ഞിനെ നോക്കാനുമെല്ലാം എപ്പോഴും ആളുകൾ വേണം. ആ സമയത്ത് അമ്മയെ ബുദ്ധിമുട്ടിക്കാൻ എനിക്ക് ഇഷ്ടമായിരുന്നില്ല. അതുകൊണ്ടാണ് അത്തരത്തിലൊരു തീരുമാനമെടുത്തത്. എന്റെ വീടും ഈ വീടും തമ്മിൽ അധികം ദൂരമില്ല. എപ്പോൾ വേണമെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും പോകുമായിരുന്നു. ഞാൻ തന്നെ എടുത്ത തീരുമാനം ആയിരുന്നു ഇവിടെ നിൽക്കാം എന്നത്– അനുരാധ പറഞ്ഞു.