ADVERTISEMENT

ലോകം മുഴുവൻ വാലന്റൈൻസ് ദിനത്തിൽ പ്രണയം ആഘോഷമാക്കുമ്പോൾ അക്കൂട്ടത്തിൽ ഒന്നും പെടാതെ അല്പം വിഷമത്തിൽ കഴിയുന്ന ചിലരുണ്ട്. പ്രണയം നഷ്ടപ്പെട്ടവരും വഞ്ചിക്കപ്പെട്ടവരുമൊക്കെയാണ് അത്. പ്രണയദിനത്തിന്റെ ആഘോഷങ്ങൾ കാണുമ്പോൾ മുൻ കാമുകനെയോ കാമുകിയെയോ ഓർത്ത് തകർന്നു കഴിയുന്നവർ. ലോകമെല്ലാവരുടേതും ആയതുകൊണ്ട് പ്രണയദിനത്തിന് തൊട്ടു പിന്നാലെ ഇവർക്കുവേണ്ടിയും ഒരു ദിനം മാറ്റിവച്ചിട്ടുണ്ട്. അതാണ് സ്ലാപ് ഡേ. അതായത് നല്ല അടി കൊടുക്കാനുള്ള ദിവസം. വാലന്റൈൻസ് ഡേയ്ക്ക് തൊട്ടടുത്ത ദിവസം, ഫെബ്രുവരി 15നാണ് സ്ലാപ് ഡേ ആചരിക്കുന്നത്.

ഫെബ്രുവരി 14ന് മുൻപുള്ള ഒരാഴ്ച വാലന്റൈൻസ് വീക്കാണെങ്കിൽ ഫെബ്രുവരി 15 മുതൽ അടുത്ത ഒരാഴ്ച ആന്റി വാലന്റൈൻസ് വീക്കാണ്. അതിലെ തന്നെ ഒന്നാമത്തെ ദിനമാണ് ഈ പറഞ്ഞ സ്ലാപ് ഡേ. വിശ്വാസവഞ്ചന കാണിക്കുന്ന പ്രണയ പങ്കാളിയോടോ അല്ലെങ്കിൽ അത്ര സന്തോഷകരമല്ലാത്ത ഒരു പ്രണയബന്ധത്തോടോ ഗുഡ് ബൈ പറയാനുള്ള ദിവസമാണ് ഇത്. ചുരുക്കി പറഞ്ഞാൽ വേണ്ടാത്ത പ്രണയം ജീവിതത്തിൽ നിന്ന് ഒഴിവാക്കാനുള്ള ദിനം. എന്നാൽ ഈ ദിനത്തിന്റെ ഉദ്ദേശശുദ്ധിയൊക്കെ മാറ്റിവച്ച് സ്ലാപ് ഡേ എന്ന പേര് അന്വർഥമാക്കാൻ ഇറങ്ങിത്തിരിക്കുന്ന ആളുകളും പുതുതലമുറയിലുണ്ട്. പങ്കാളിയോടുള്ള ദേഷ്യവും നിരാശയും നേരിട്ട് ചെന്ന് കരണത്തടിച്ച് തീർക്കുന്നവർ. 

തമാശയായി തോന്നുമെങ്കിലും ഇങ്ങനെ കരണത്തടി ദിവസം ചിലർ അക്ഷരാർഥത്തിൽ ആഘോഷമാക്കുന്നതുമൂലം  ധാരാളമാളുകൾ ചികിത്സ തേടേണ്ട സാഹചര്യംവരെ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ? വർഷാവർഷം ഫെബ്രുവരി 15ന് കരണത്തടി കിട്ടിയതു മൂലം കർണ്ണപടം പൊട്ടിയ അവസ്ഥയിൽ ആശുപത്രിയിൽ എത്തുന്നവരെക്കുറിച്ച് ഡോക്ടർ സുൽഫി നൂഹു പങ്കുവച്ച കുറിപ്പുതന്നെ ഉദാഹരണമായി എടുക്കാം. സ്ലാപ്പ് ഡേയിൽ കരണത്തടി വാങ്ങി കർണ്ണപടം പൊട്ടിച്ചു വരുന്നവർക്ക് വാക്കു കൊണ്ടുള്ള അടുത്ത സ്ലാപ്പ് നൽകുമെന്നാണ് ഡോക്ടറിന്റെ മുന്നറിയിപ്പ്.  

കാള പെറ്റെന്നു കേൾക്കുമ്പോൾ കയറെടുക്കുന്ന ഇത്തരം കരണത്തടിക്കാരെ മാറ്റിനിർത്തിയാൽ സ്ലാപ്പ് ഡേ ജീവിതത്തിൽ മുന്നോട്ടുപോകാനുള്ള ഒരു നല്ല സന്ദേശമായി കാണാം. മനസ്സ് വേദനിപ്പിക്കുന്ന ബന്ധങ്ങളിൽ കുരുങ്ങിക്കിടക്കുന്നവർക്ക് അതിൽ നിന്നും പുറത്തു വരാനും പുതിയ  ജീവിതം കണ്ടെത്താനും ആളുകളെ പരിചയപ്പെടാനും വിഷമങ്ങൾ മറന്ന് പുതിയ വെളിച്ചം തേടാനുമുള്ള ഓർമപ്പെടുത്തലാണ് സ്ലാപ്പ് ഡേ. ചുരുക്കിപ്പറഞ്ഞാൽ ജീവിതം മടുപ്പിക്കുന്ന വിഷമതകളെ എല്ലാം അടിച്ചൊതുക്കി പുറത്തു വരാനുള്ള ദിനം.  

ആന്റി വാലന്റൈൻസ് വീക്കിലെ മറ്റു ദിവസങ്ങൾ അറിയണ്ടേ? സ്ലാപ്പ് ഡേ കഴിഞ്ഞാൽ പിന്നെ കിക്ക് ഡേയാണ്. പൊട്ടിപ്പോയ പ്രണയബന്ധത്തിന്റെ  നിരാശയെയും വിഷാദ ചിന്തകളെയുമൊക്കെ മനസ്സിൽ നിന്നും ചവിട്ടി പുറത്താക്കാനുള്ള ദിനം. അടുത്തത് പെർഫ്യൂം ഡേ. സ്വയം സ്നേഹിക്കാൻ പഠിപ്പിക്കുകയാണ് ഈ ദിനത്തിന്റെ ഉദ്ദേശം. മറ്റാരെക്കാളുമുപരി നിങ്ങളുടെ ഫേവറേറ്റ് നിങ്ങൾ തന്നെ ആയിരിക്കണമെന്ന് ഓർമിപ്പിച്ച് സ്വയം ലാളിക്കാനുള്ള അവസരം ഒരുക്കുകയാണ് പെർഫ്യൂം ഡേ.

ഫെബ്രുവരി പതിനെട്ടാണ് ഫ്ലെർട്ടിംഗ് ഡേ. സൗഹൃദങ്ങളും വിനോദങ്ങളും ആസ്വദിക്കാനും പുതിയ ആളുകളെ പരിചയപ്പെടാനും ഈ ദിനം നീക്കിവെക്കാം. അടുത്തത് കൺഫഷൻ ഡേ. പ്രണയം നഷ്ടപ്പെട്ടതിന്റെ ആലസ്യത്തിൽ നിന്നെല്ലാം പുറത്തുവന്ന് പ്രാക്ടിക്കലായി ചിന്തിച്ച് തുടങ്ങാനുള്ള സന്ദേശമാണ് ഈ ദിനം നൽകുന്നത്. മുൻ പങ്കാളിയിൽ നിങ്ങൾക്ക് ഇഷ്ടപ്പെടാതെ പോയതും ആ ബന്ധത്തിൽ നിങ്ങളെ ഏറ്റവും കൂടുതൽ അലട്ടിയതുമായ കാര്യങ്ങൾ ഈ ദിനത്തിൽ വെളിപ്പെടുത്താം. മരണം തകർത്ത പ്രണയബന്ധങ്ങളെ ഓർക്കാനുള്ള ദിനമാണ് അടുത്തത്. മിസ്സിംഗ് ഡേ എന്നറിയപ്പെടുന്ന ഈ ദിനം അവരുടെ ഓർമകൾ മനസ്സിൽ സൂക്ഷിച്ച് ജീവിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. ഏറ്റവും ഒടുവിൽ ബ്രേക്കപ്പ് ഡേയുടെ വരവാണ്. കാര്യങ്ങൾ എങ്ങനെയൊക്കെ മാറിമറിഞ്ഞാലും ജീവിതവും ജീവിക്കാനുള്ള ആഗ്രഹവും ശാശ്വതമായിരിക്കണം എന്ന ഓർമപ്പെടുത്തലാണ് ബ്രേക്കപ്പ് ഡേ.

English Summary:

Embrace Self-Love and Fresh Starts on Anti-Valentine's Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com