കെജി ക്ലാസു മുതൽ പ്രണയം തോന്നിയിട്ടുണ്ട്, വിവാഹത്തെ പറ്റി പ്ലാനുണ്ട്: പ്രണയദിന ഓർമകളുമായി ഹണി റോസ്
Mail This Article
‘‘പ്രേമലേഖനമെഴുതാൻ എനിക്ക് ഇഷ്ടമാണ്. പക്ഷേ, എന്റെ കുട്ടിക്കാലത്ത് അതിനൊന്നുമുള്ള അവസരമുണ്ടായിരുന്നില്ല. പ്രണയം പറയാൻ തന്നെ പേടിയായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം മാറി’’. മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. എല്ലാവർക്കും ഏറെ ഇഷ്ടമുള്ള സുന്ദരമായ വികാരമാണ് പ്രണയം എന്നാണ് താരത്തിന്റെ അഭിപ്രായം. പ്രണയദിനങ്ങൾ ആഘോഷമാക്കിയിട്ടില്ലെങ്കിലും പ്രണയിക്കുന്നവർക്കും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും വേണ്ടിയുള്ള ഈ ദിവസം ഏറെ ഇഷ്ടമാണ് താരത്തിന്. പ്രണയദിനത്തിൽ മനോരമ ഓൺലൈനുമായി വിശേഷങ്ങൾ പങ്കുവക്കുകയാണ് ഹണി റോസ്.
ആഘോഷമില്ല, പക്ഷേ, ഏറെ ഇഷ്ടം
പ്രണയദിനം എനിക്ക് ഏറെ ഇഷ്ടമാണ്. നല്ല അടിപൊളി കൺസെപ്റ്റാണ് ഈ ദിവസത്തിന്റേത്. പക്ഷേ, ഒരിക്കലും ആഘോഷിക്കാനൊന്നും പറ്റിയിട്ടില്ല. സ്കൂളിൽ പഠിക്കുമ്പോഴല്ലല്ലോ, കോളജുകളിലല്ലേ പ്രണയദിനം ആഘോഷമാക്കാറുള്ളത്. വിമൻസ് കോളജിലാണ് ഞാൻ പഠിച്ചത് അതുകൊണ്ട് വലിയ ആഘോഷങ്ങളൊന്നുമില്ലായിരുന്നു. പിന്നെ ആ കാലത്തൊക്കെ സിനിമയിലെത്തിയതു കൊണ്ട് കോളജിൽ പോകാൻ പോലും ചിലപ്പോൾ സമയം കിട്ടാറില്ലായിരുന്നു. അതുകൊണ്ട് പ്രണയദിന ഓർമകളൊക്കെ വളരെ കുറവാണ്. ആഘോഷങ്ങളിൽ പങ്കെടുക്കാൻ പറ്റിയിട്ടുമില്ല. പിന്നെ അന്നത്തെ കാലത്ത് വലിയ ആഘോഷങ്ങളൊന്നുമില്ലല്ലോ.
പ്രണയിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ലോകത്തെ ഏറ്റവും സുന്ദരമായ വികാരമാണ് പ്രണയം. എനിക്കും പ്രണയിക്കാൻ ഏറെ ഇഷ്ടമാണ്. ഒരുപാട് പ്രണയിച്ചിട്ടുമുണ്ട്. എന്നാൽ ഈ വാലന്റൈൻസ് ദിനത്തിൽ ഞാൻ സിംഗിളാണ്. അതുകൊണ്ട് ഇത്തവണ ഒറ്റയ്ക്ക് ആഘോഷിക്കാമെന്നു കരുതി.
ഓർക്കാനേറെ ഇഷ്ടപ്പെടുന്ന പ്രണയം
സ്കൂളിലൊക്കെ പഠിക്കുന്ന കാലത്ത് പലരോടും ക്രഷ് തോന്നിയിട്ടുണ്ട്. കെജി ക്ലാസുകളിൽ പഠിക്കുന്ന കാലം തൊട്ട് പലരോടും ക്രഷ് തോന്നിയിട്ടുണ്ട്. എന്നാൽ അന്നൊന്നും അതൊന്നും ആരോടും പറയാറില്ല. ഭയങ്കര പേടിയാണ്. അവര് കാണാതെ ഒളിച്ചു നിന്ന് പലപ്പോഴും നോക്കിയിട്ടുണ്ട്. നോട്ടങ്ങളിലൂടെയുള്ള ഒരുപാട് പ്രണയങ്ങൾ അന്നുണ്ടായിരുന്നു.
ഇന്ന് പക്ഷേ, കുട്ടികൾക്ക് എല്ലാം എളുപ്പമാണ്. സമൂഹ മാധ്യമങ്ങളും ഫോണുമെല്ലാം വന്നതോടെ എളുപ്പത്തിൽ പ്രണയം പറയാൻ സാധിക്കുന്നുണ്ട്. അതുപോലെ അന്ന് പ്രണയലേഖനങ്ങളൊക്കെ എഴുതാനും അത് ആർക്കെങ്കിലും കൊടുക്കാനുമൊക്കെ പേടിയാണ്. പക്ഷേ, ഇന്നെല്ലാം എന്തെളുപ്പം.
ഞാൻ ആറാംക്ലാസിൽ പഠിക്കുമ്പോൾ ഒരു പ്രണയലേഖനം കിട്ടിയിരുന്നു. ഇന്നും പ്രണയം എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സില്‍ വരുന്നത് ആ ദിവസമാണ്. പത്താംക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയാണ് അന്നെനിക്ക് പ്രണയലേഖനം തന്നത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് വരാനായി വാനിൽ കയറിയപ്പോൾ ഓടി വന്ന് എന്റെ മടിയിലേക്ക് കത്ത് വലിച്ചെറിഞ്ഞ് പോവുകയായിരുന്നു. ശരിക്കും പ്രണയലേഖനങ്ങളൊക്കെ നല്ല രസമാണ്.
വിവാഹത്തെപ്പറ്റി പ്ലാൻ ഉണ്ട്. ഭാവിയിൽ അതു സംഭവിക്കും എന്നാണ് പ്രതീക്ഷ. പറ്റിയ ആളെ ഇതുവരെ കിട്ടിയിട്ടില്ല. ഒരുമിച്ച് പോകാൻ പറ്റുമെന്നു തോന്നുന്ന ഒരാളെ കണ്ടാൽ വിവാഹം ചെയ്യണം. അത് എന്നുണ്ടാവും എന്നൊന്നും അറിയില്ല. സിനിമയാണ് എന്റെ പാഷൻ. അതിനെ ഇഷ്ടപ്പെടുന്നൊരാളായിരിക്കണം പാർട്ണർ. പിന്നെ എന്നെ നന്നായി ഇഷ്ടപ്പെടണം. എന്നെ ഇഷ്ടപ്പെട്ടാല്‍ സ്വാഭാവികമായി എന്റെ ഇഷ്ടങ്ങളും അദ്ദേഹത്തിന് ഇഷ്ടമാകുമല്ലോ.