ഭർത്താവിന്റെ ‘കരളിന്റെ കരളായ’ ഭാര്യ; ജിനപ്രസാദിന്റെയും രജിയുടെയും പ്രണയയാത്ര
Mail This Article
ഒന്നാം ക്ലാസിൽ തുടങ്ങിയ കൂട്ടാണ്; ഒരുമിച്ചുള്ള യാത്രയിൽ സന്തോഷവും സങ്കടവും പിന്നെ കരളും പകുത്ത് അഡ്വ. ജിനപ്രസാദിന്റെയും അധ്യാപിക സി.രജിയുടെയും ജീവിതം. 1982 മുതൽ 10–ാം ക്ലാസ് വരെ ചിറ്റൂർ തെക്കേഗ്രാമം പാഠശാല സ്കൂളിലാണു ജിനപ്രസാദും രജിയും പഠിച്ചത്. സ്കൂളിൽ പോകുന്നത് ഒരുമിച്ച്. ഭക്ഷണം, സിനിമ, പാട്ട്, പുസ്തകങ്ങൾ.. ഇഷ്ടങ്ങളെല്ലാം ഒരു പോലെ.
പ്രീഡിഗ്രി കഴിഞ്ഞു ചിറ്റൂർ ഗവ. കോളജിൽ ബിഎ ഇക്കണോമിക്സും ഒരുമിച്ചു പഠിച്ചിറങ്ങുമ്പോൾ തീരുമാനിച്ചു, ജീവിതം ഒരുമിച്ചാകാം. 2003 ൽ വിവാഹം. പക്ഷേ, പ്രണയപ്പരീക്ഷ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. 2017 ൽ ജിനപ്രസാദിനു കരൾരോഗം. കരൾ മാറ്റിവയ്ക്കുകയല്ലാതെ മാർഗമില്ലെന്നു ഡോക്ടർ പറഞ്ഞു. ബി പോസിറ്റീവ് രക്തഗ്രൂപ്പിലുള്ള കരൾ വേണം. രജിയുടെ രക്തഗ്രൂപ്പ് സാർവത്രികദാതാവെന്ന് അറിയപ്പെടുന്ന ഒ നെഗറ്റീവ്. ഒട്ടും മടിച്ചില്ല, കരളിന്റെ ഒരു ഭാഗം രജി തന്റെ ‘കരളിനു’ നൽകി. 17 മണിക്കൂർ നീണ്ട ശസ്ത്രക്രിയ.
പിന്നീടുള്ള 5 വർഷം ഏറെ സങ്കീർണത നിറഞ്ഞതായിരുന്നു. ചെറിയ അണുബാധ പോലും ഗുരുതരപ്രശ്നമുണ്ടാക്കും. ഒരു മെയ്യായ് അവർ അതും നേരിട്ടു. ‘എന്റെ കരളേ...’ എന്നു നീട്ടിവിളിച്ചാൽ കേൾക്കാൻ രാജിക്കരികിൽ ജിനപ്രസാദുണ്ട്. ചിറ്റൂർ കോടതിയിൽ അഭിഭാഷകൻ. അവർ പഠിച്ച തെക്കേഗ്രാമം പാഠശാല സ്കൂളിൽ അധ്യാപികയാണു രജി. മകൾ ജാനകി.