സ്തനാർബുദത്തോടുള്ള പോരാട്ടം നിലച്ചു, മിസ് ഇന്ത്യ മുൻ മത്സരാർഥി റിങ്കി അന്തരിച്ചു
Mail This Article
മിസ് ഇന്ത്യ മുൻ മത്സരാർഥിയും ത്രിപുര സ്വദേശിയുമായ റിങ്കി ചക്മ സ്തനാര്‍ബുദത്തെ തുടർന്ന് അന്തരിച്ചു. 28 വയസ്സുകാരിയായ റിങ്കി ദീർഘനാളായി അർബുദത്തിനെതിരായ പോരാട്ടത്തിലായിരുന്നു. 2022ലാണ് റിങ്കിക്ക് സ്തനാർബുദം സ്ഥിരീകരിച്ചത്. പിന്നാലെ ശസ്ത്രക്രിയയ്ക്കും വിധേയയായിരുന്നു.
2017ലെ മിസ് ഇന്ത്യ മത്സരത്തിൽ ബ്യൂട്ടി വിത്ത് പർപ്പസ് ടൈറ്റിൽ റിങ്കി നേടിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് റിങ്കിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുമ്പ് 2017ലെ മിസ് ഇന്ത്യ റണ്ണറപ്പ് പ്രിയങ്ക കുമാരി റിങ്കിയുടെ അസുഖത്തെ പറ്റി വിവരങ്ങൾ പങ്കുവച്ചിരുന്നു. ചികിത്സയ്ക്കായി സഹായവും അവർ അഭ്യർഥിച്ചിരുന്നു.
മാലിഗ്നന്റ് ഫൈലോഡ്സ് ട്യൂമർ എന്ന അസുഖമാണ് റിങ്കിക്ക്. ആദ്യഘട്ടത്തിൽ സ്തനാർബുദമായിരുന്നു. പിന്നീടത് ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും പടരുകയായിരുന്നു. നേരത്തെ തന്റെ അസുഖത്തെ കുറിച്ച് റിങ്കി സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു.
‘എനിക്ക് മാലിഗ്നന്റ് ഫൈലോഡ്സ് ട്യൂമർ (2022-ൽ സ്തനാർബുദം) ഉണ്ടെന്ന് കണ്ടെത്തി. എന്റെ ആദ്യത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം അസുഖം എന്റെ ശ്വാസകോശത്തിലേക്കും ഇപ്പോൾ എന്റെ തലയിലും (മസ്തിഷ്ക ട്യൂമർ) എത്തി. തലച്ചോറിന്റെ സർജറി ബാക്കിയുണ്ട് പക്ഷേ, ഇപ്പോൾ തന്നെ എന്റെ ശരീരത്തിന്റെ വലതുഭാഗത്ത് മുഴുവന്‍ അർബുദം വ്യാപിച്ചു. 30% മാത്രമാണ് അസുഖം ഭേദമാകുമെന്ന പ്രതീക്ഷ’. റിങ്കി സമൂഹ മാധ്യമത്തിൽ കുറിച്ചു.
റിങ്കിക്ക് അനുശോചനം രേഖപ്പെടുത്തി മിസ് ഇന്ത്യ ഓർഗനൈസേഷനും കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഈ പ്രയാസകരമായ സമയത്ത് അവളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു എന്നും അവളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്നും മിസ് ഇന്ത്യ ഓർഗനൈസേഷൻ കുറിച്ചു.