പിച്ചക്കാരിയായോ വെള്ളസാരിയുടുത്തോ നടന്നാൽ പലർക്കും സന്തോഷമാകും, എനിക്കത് വിഷമമാണ്: രേണു
Mail This Article
കഴിഞ്ഞ വർഷമാണ് വാഹനാപകടത്തിൽ കൊല്ലം സുധി മരണപ്പെട്ടത്. സുധിയുടെ മരണത്തിന് പിന്നാലെ ഭാര്യ രേണു പല തരത്തിലുള്ള വിമർശനങ്ങൾ നേരിട്ടിരുന്നു. ഭർത്താവ് മരിച്ചതിന് ശേഷം ലിപ്സ്റ്റിക്കിട്ടും നല്ല വസ്ത്രം ധരിച്ചുമെല്ലാം പൊതുവേദികളിലെത്തിയതിന് കേട്ട വിമർശനത്തിന് മറുപടി നൽകുകയാണ് രേണു. ഒരു ഓൺലൈൻ മാധ്യമത്തിനോട് സംസാരിക്കവേയാണ് രേണു വിമർശനത്തെ പറ്റി പറഞ്ഞത്.
‘എന്റെ സുധിച്ചേട്ടന്റെ ഇഷ്ടമാണ് ഞാന്‍ ചെയ്യുന്നത്. ഞാൻ നന്നായി നടക്കുന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. ഞാൻ പിച്ചക്കാരിയായോ വെള്ളസാരിയുടുത്തോ നടന്നാൽ ഈ പറയുന്നവർക്കൊക്കെ സന്തോഷമായിരിക്കും. പക്ഷേ, എന്റെ ലൈഫില്‍ അത് വിഷമമായിരിക്കും. അതുപോലെ സുധിച്ചേട്ടന്റെ ആത്മാവിനും അത് വിഷമമാണ്. എന്റെ മക്കൾക്കും വിഷമമാണ്, എന്നെ സ്നേഹിക്കുന്നവർക്കും വിഷമമാണ്. പിന്നെ അത്യാവശ്യം നന്നായി വൃത്തിയിൽ നടക്കണ്ടേ. ഞാനിപ്പോൾ അലമുറയിട്ട് കരഞ്ഞോണ്ടിരുന്നാൽ സുധിച്ചേട്ടന്‍ തിരിച്ചു വരുമോ? ഈ പറയുന്നവരാരും സുധിച്ചേട്ടനെ കൊണ്ടുവരില്ലല്ലോ? സുധിച്ചേട്ടന്റെ ആത്മാവ് എന്റെയൊപ്പം ഉള്ളടത്തോളം കാലം ഞാൻ നന്നായി നടക്കും. മറ്റൊരു കല്യാണം കഴിക്കുന്നില്ല എന്നത് തന്നെയാണ് തന്റെ തീരുമാനം’. രേണു പറഞ്ഞു.
നേരത്തേ അവതാരക ലക്ഷ്മി നക്ഷത്ര രേണുവിന്റെ കുടുംബത്തിനൊപ്പമുള്ള വിഡിയോ പങ്കുവച്ചിരുന്നു. പിന്നാലെ ലക്ഷ്മിയെ വിമർശിച്ചും പലരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ലക്ഷ്മിയുടെ സ്നേഹം ആത്മാർഥമാണെന്നും പറഞ്ഞിരിക്കുകയാണ് രേണു. ‘ലക്ഷ്മി സുധി ചേട്ടന്റെ സ്വന്തം പെങ്ങളായാണ് ലക്ഷ്മിയെ കാണുന്നത്. എല്ലാ മാസവും ഞങ്ങൾക്ക് വേണ്ടി പൈസ ഇട്ടുതരും. ആരും ചോദിച്ചിട്ടല്ല അവൾ അതു തരുന്നത്. ആത്മാർഥമായ സ്നേഹം കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്’. വീടെന്ന സ്വപ്നം ഏതാണ്ട് തീരാറായെന്നും 4 മാസം കൊണ്ട് പണി തീരുമെന്നാണ് തോന്നുന്നതെന്നും രേണു കൂട്ടിച്ചേർത്തു.
നേരത്തെ രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി രേണു എത്തിയിരുന്നു. ‘‘സുധി മരിച്ച് ഒരു വർഷം ആകുന്നതിന് മുൻപു തന്നെ ഞാന്‍ വേറെ കെട്ടും, മൂത്ത മകനായ കിച്ചുവിനെ വീട്ടില്‍നിന്ന് അടിച്ചിറക്കും എന്നൊക്കെയുള്ള നെഗറ്റീവ് കമന്റുകളൊക്കെ കേട്ടിട്ടുണ്ട്. എല്ലാവരോടും എനിക്ക് ഒന്നു മാത്രമാണ് പറയാനുള്ളത്, ഞാന്‍ വേറെ കല്യാണം കഴിക്കില്ല. കൊല്ലം സുധിയുടെ ഭാര്യയായി ജീവിതാവസാനം വരെ നിൽക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മറ്റൊരു വിവാഹം കഴിക്കില്ലെന്നത് ഉറച്ച തീരുമാനമാണ്. അതിന് പല കാരണങ്ങളുണ്ട്. അതെല്ലാം എന്റെയുള്ളില്‍ത്തന്നെ കിടക്കട്ടെ. എന്തു തന്നെയായാലും മരണം വരെ ഇങ്ങനെ പോകും. എന്നെ നന്നായി അറിയുന്ന ആളുകള്‍ക്ക് അറിയാം, ഞാന്‍ വേറെ കല്യാണം കഴിക്കാന്‍ പോകുന്നില്ലെന്ന്. സുധിച്ചേട്ടനെ പോലെ ആകാന്‍ മറ്റൊരാള്‍ക്കും കഴിയില്ല. പിന്നെ മക്കള്‍ സുധിച്ചേട്ടന്റേയും എന്റെയും മക്കളായിത്തന്നെ ജീവിക്കണം.
വേറെ ഒരാള്‍ വന്നാല്‍ അത് അങ്ങനെ ആയിരിക്കണമെന്നില്ല. എന്നെ അടുത്ത് അറിയാത്ത, എന്നോടു സ്നേഹമുള്ള കൂട്ടുകാർ ഉണ്ട്. ഞാന്‍ വീണ്ടുമൊരു വിവാഹം കഴിക്കണം, ചെറുപ്പമാണ് എന്നൊക്കെ അവർ പറയും. ഇപ്പോള്‍ വേണ്ട, സമയം ആകുമ്പോള്‍ നല്ല ആലോചന വരികയാണെങ്കില്‍ നോക്കണമെന്നു പറയുന്നവരുണ്ട്. ഇന്നും ചില സുഹൃത്തുക്കള്‍ അങ്ങനെ പറഞ്ഞിരുന്നു. അതിനോടൊന്നും പ്രതികരിക്കാറില്ല. ചിരിച്ച് മാറുകയാണു ചെയ്യുന്നത്. ഏട്ടൻ പോയിട്ട് ഏഴു മാസമായി. ആത്മാവിനു സത്യമുണ്ടെങ്കിൽ മോക്ഷം കിട്ടുമെന്നാണ് വിശ്വാസം.’’–രേണുവിന്റെ വാക്കുകൾ.