കറുപ്പിനെ കുറ്റം പറഞ്ഞ ടീച്ചറെ ഏതൊക്കെ രീതിയിൽ ആണ് വർണിച്ചത്, എല്ലാരും സമാസമം ആയില്ലേ: അശ്വതി
Mail This Article
ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച നൃത്താധ്യാപിക സത്യഭാമയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സീരിയൽ നടി അശ്വതി. കറുപ്പിനെ കുറിച്ച് പറഞ്ഞപ്പോൾ എല്ലാവർക്കും കൊണ്ടു. എന്നാല്‍ കറുപ്പിന്റെ പേരിൽ മാത്രമല്ല പലരും അധിക്ഷേപം നേരിടുന്നതെന്നും സമൂഹ മാധ്യമങ്ങളില്‍ പല തരത്തിൽ അധിക്ഷേപ കമന്റുകളിടുന്നവർ തന്നെയാണ് കറുപ്പിനെതിരെ പറഞ്ഞപ്പോൾ രോഷാകുലരായതെന്നും സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ അശ്വതി പറയുന്നു.
‘ കറുപ്പിനഴക്. ശ്രീമതി സത്യഭാമ പറഞ്ഞ വാക്കുകൾ ഒട്ടും തന്നേ യോജിക്കാതെ, ശ്രീ ആർഎൽവി രാമകൃഷ്ണൻ എന്ന വ്യക്തിക്ക് അതിലുപരി മികച്ച ഒരു കലാകാരന് എന്റെ ബഹുമാനവും സ്നേഹവും എല്ലാവിധ പിന്തുണയും നൽകികൊണ്ട് തന്നേ തുടങ്ങട്ടെ..
ശ്രീമതി സത്യഭാമ ഒരു കറുപ്പിനെ കുറിച്ച് പറഞ്ഞപ്പോൾ എല്ലാവർക്കും ഒന്നു കൊണ്ടു അല്ലേ? എന്നാൽ ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്ക് റീൽസിലും ഒരൽപം കറുത്ത് തടിച്ചു, പല്ലൊക്കെ ഒന്ന് പൊങ്ങി ഇരിക്കുന്ന ഒരു സ്ത്രീ അല്ലെങ്കിൽ ഒരു പെണ്ണ്, ഒരു വിഡിയോ ഇട്ടു കഴിഞ്ഞാൽ അതിനടിയിൽ വരുന്ന കമന്റുകൾ. ഹോ കറുപ്പിനെ കുറ്റം പറഞ്ഞു എന്ന് ഹാലിളകുന്ന ഇതേ മലയാളികൾ തന്നെ ആണേ?
ഇത് കടിക്കുമോ, ഇതിനെ ഏതു മൃഗശാലയിൽ നിന്ന് ഇറക്കി വിട്ടതാണ് എന്നൊക്കെയുള്ള കമന്റുകൾ നമ്മൾ മലയാളികൾ തന്നെ എന്തൊരു കോമഡി ആയിട്ടാ ഇടാറുള്ളത്. എന്തെ അവരും ഈ ലോകത്തുള്ളവർ അല്ലെ? ഈ കറുപ്പിനെ കുറ്റം പറഞ്ഞ ഈ ടീച്ചറെ തന്നെ ഏതൊക്കെ രീതിയിൽ ആണ് വർണിച്ചു ഓരോരുത്തർ കമന്റ് ഇടുന്നത്. അപ്പൊ എല്ലാരും സമാസമം ആയില്ലേ.
ആരോടാ ഞാൻ പറയണേ ഞാൻ ഏഷ്യാനെറ്റിനു മാസം 25000 കൊടുത്ത് വാർത്ത ഉണ്ടാക്കുവാന്ന് പറഞ്ഞവരോടും, എന്തിനു വേറെ, മലയാളത്തിലെ ഒരു പ്രശസ്തയായ നമുക്കൊക്കെ പ്രിയങ്കരി ആയ ഒരു സിനിമതാരത്തിന്റെ ഒരു വിഡിയോക്ക് താഴെ ഏതാ ഈ തള്ളച്ചി എന്നൊക്കെ എഴുതുന്നവരോട് ആണേ...’ അശ്വതി സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.