ADVERTISEMENT

ഒരു നൂറ്റാണ്ട് കാലം ജീവിക്കാൻ ഭാഗ്യം ലഭിക്കുന്നവർ അപൂർവമാണ്. എന്നാൽ ഒന്നേകാൽ നൂറ്റാണ്ട് ഭൂമിയിൽ ചിലവിടാനായാലോ? അത്യപൂർവമെന്നോ അദ്ഭുതമെന്നോ ആ ജീവിതത്തെ വിശേഷിപ്പിക്കാം. അങ്ങനെ സ്വന്തം പ്രായംകൊണ്ട് റെക്കോർഡിടുകയാണ് പെറുവിലെ ഹുവാനുക്കോ മേഖലയിൽ നിന്നുള്ള ഒരു മുത്തച്ഛൻ. പെറുവിലെ ഭരണകൂടം പുറത്തു വിടുന്ന വിവരങ്ങൾ പ്രകാരം മാർസലീനോ അബാദ് എന്ന ഈ മുത്തച്ഛന് 124 വയസ്സാണ് പ്രായം. 

സ്ഥിരീകരണം ലഭിച്ചാൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം ചെന്ന പുരുഷനെന്ന റെക്കോർഡ് മാത്രമല്ല മാർസലീനോ സൃഷ്ടിക്കുന്നത്. ഗിന്നസ് ലോക റെക്കോർഡ് നിർണയിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രായം ചെന്ന വ്യക്തിയുടെ പ്രായം 122 വയസ്സായിരുന്നു. മാർസലീനോ ഇതിനെയും മറികടന്ന് പുതിയ റെക്കോർഡ് സൃഷ്ടിക്കും. 1900 ലാണ് മാർസലിനോ ജനിച്ചത്. പ്രദേശവാസികൾ അദ്ദേഹത്തെ സ്നേഹത്തോടെ മഷികോ എന്നാണ് വിളിക്കുന്നത്. 

ഇപ്പോൾ ഒരു വൃദ്ധസദനത്തിലാണ് മാർസലീനോയുടെ താമസം. ഏപ്രിൽ അഞ്ചാം തീയതി അദ്ദേഹത്തിന്റെ 124 -ാം ജന്മദിനം ഇവിടെ വച്ച് ആഘോഷപൂർവ്വം കൊണ്ടാടുകയും ചെയ്തിരുന്നു. മാർസലീനോയുടെ രൂപം അതേപോലെ ഉൾപ്പെടുത്തിയ ഒരു കേക്കാണ് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 2019 വരെ മാർസലീനോയുടെ പ്രായം സംബന്ധിച്ച വിവരങ്ങൾ ഭരണകൂടത്തിന്റെ കണ്ണിലും പെട്ടിരുന്നില്ല. എന്നാൽ കൃത്യമായ പ്രായം കണക്കാക്കാൻ സാധിച്ചതിനു ശേഷം അദ്ദേഹത്തിന് സർക്കാർ  ഐഡന്റിറ്റി കാർഡും പെൻഷനുമടക്കം മറ്റ് ആനുകൂല്യങ്ങളും നൽകാനുള്ള നടപടികൾ സ്വീകരിച്ചു.

12 പതിറ്റാണ്ടുകൾ പിന്നിട്ട തന്റെ ആരോഗ്യത്തിന്റെ രഹസ്യവും ജന്മദിനത്തിൽ മാർസലീനോ പങ്കുവച്ചു. ജീവിതശൈലി തന്നെയാണ് ഇത്രയും കാലം ആയുസ്സോടെയിരിക്കാൻ അദ്ദേഹത്തെ സഹായിച്ചത്. പഴങ്ങളും ആട്ടിറച്ചിയുമാണ് മാർസലീനോ പ്രധാനമായും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത്. ഇതിനുപുറമേ കൊക്കോ ഇലകൾ ചവയ്ക്കുന്നതും ശീലത്തിന്റെ ഭാഗമാണ്. എന്നാൽ ഇത് തന്റെ മാത്രം ശീലമല്ലെന്നും പ്രദേശവാസികൾക്കിടയിൽ പരമ്പരാഗതമായി കൊക്കോ ഇലകൾ ചവയ്ക്കുന്ന ശീലം ഉണ്ടെന്നും അദ്ദേഹം പറയുന്നു.

പ്രായം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചതോടെ ഗിന്നസ് ലോക റെക്കോർഡിന് അപേക്ഷ നൽകാനായി മാർസലീനോയ്ക്കു വേണ്ട സഹായങ്ങൾ എല്ലാം ഭരണകൂടം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ഇത് കൃത്യമാണെന്ന് കണ്ടെത്താൻ ഔദ്യോഗിക രേഖകളും മറ്റ് തെളിവുകളും ഗിന്നസ് ലോക റെക്കോർഡിന്റെ വിദഗ്ധ സമിതി ശേഖരിക്കും. നിലവിൽ ബ്രിട്ടൻ സ്വദേശിയായ ഒരു 111കാരനാണ്  ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം ചെന്ന പുരുഷൻ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. 114 വയസ്സുവരെ ജീവിച്ച വെനസ്വേല സ്വദേശിയായ ഒരു വ്യക്തിയായിരുന്നു ഇതിനു മുൻപ് റെക്കോർഡ് ബുക്കിൽ ഉണ്ടായിരുന്നത്. 

English Summary:

Meet Marcelino Abad: Possibly the World's Oldest Man at 124

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com