‘ചതിക്കപ്പെട്ടെന്ന് പിന്നീട് ഡിവൈന് തോന്നരുതെന്ന് കരുതി’, ഡോണിന്റെ വിവാഹ ജീവിതത്തെ കുറിച്ച് ഡിംപിൾ
Mail This Article
ജീവിതത്തിലെ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന താരമാണ് ഡിംപിൾ റോസ്. ഇപ്പോൾ സഹോദരന്റെ രണ്ടാം വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും തുറന്നു പറയുകയാണ് താരം. സഹോദരൻ ഡോണിന്റെ ഭാര്യ ഡിവൈൻ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായത് എങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് ഡിംപിൾ. ‘ഇതാണ് ഇവരുടെ കല്യാണ കഥ’ എന്ന ക്യാപ്ഷനോടെ എത്തിയ വിഡിയോ ഡോണിന്റെയും ഡിവൈന്റെയും വിവാഹ വാർഷിക ദിനത്തിലാണ് താരം പങ്കുവച്ചത്.
‘‘ആദ്യ വിവാഹ ജീവിതം തകർന്നശേഷം ഡോൺ ചേട്ടൻ വലിയ വിഷമത്തിലായിരുന്നു. ചേട്ടന്റെ ഒറ്റയ്ക്കുള്ള ജീവിതം എനിക്കും ഡാഡിക്കും അമ്മയ്ക്കുമെല്ലാം വലിയ വേദനയായിരുന്നു. അങ്ങനെ ഇരിക്കെയാണ് ഡിവൈന്റെ ആലോചന ഡോൺ ചേട്ടന് വരുന്നത്. കോട്ടയം സ്വദേശിനിയാണ് ഡിവൈൻ. ആദ്യം ഈ ആലോചന വേണ്ടെന്നാണ് ഞങ്ങൾ തീരുമാനിച്ചിരുന്നത്. കാരണം അന്ന് ഡിവൈനിന് ഇരുപത്തിമൂന്ന് വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. പോരാത്തതിന് ഡിവൈന്റെ ആദ്യ വിവാഹവുമാണ്. മറ്റൊരു വിവാഹം എന്നത് ചേട്ടന് പേടിയായിരുന്നു. ഞാനാണ് ആദ്യം ഇനിഷേറ്റീവ് എടുത്ത് ഡിവൈനിനോട് സംസാരിച്ചത്. ശേഷം ഡിവൈനിനെ കാണാൻ പോകാൻ ചേട്ടനെ കൊണ്ട് സമ്മതിപ്പിച്ചു.’’– ഡിംപിൾ പറഞ്ഞു.
‘‘ഞങ്ങളെ സംബന്ധിച്ച് ഡോൺ ചേട്ടൻ ഹാപ്പിയാവുകയെന്ന ഒറ്റ ലക്ഷ്യം മാത്രമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളു. ഒരു നോർമൽ പെണ്ണുകാണലായിരുന്നില്ല. ചേട്ടനുമായി ബന്ധപ്പെട്ട എല്ലാ ഡീറ്റെയിൽസും ഫയലുമായാണ് ഞങ്ങൾ പോയത്. ഡാഡിയെയും ചേട്ടനെയും കൺവിൻസ് ചെയ്യിക്കാൻ ഞങ്ങൾ ഒരുപാട് സമയം എടുത്തു. വിവാഹത്തിന് മുമ്പ് കൗൺസിലിങ്ങിനെല്ലാം ഡോൺ ചേട്ടൻ വിധേയനായിരുന്നു. ഡിവൈനിനെ മാത്രം മതിയെന്നാണ് ഞങ്ങൾ അവളുടെ മാതാപിതാക്കളോട് പറഞ്ഞത്. ഈ വിവാഹം നടന്നതിൽ അഭിനന്ദിക്കേണ്ടത് ഡിവൈനിനെയാണ്. ആദ്യം ഡിവൈന്റെ ബന്ധുക്കൾക്ക് ഈ വിവാഹത്തോട് എതിർപ്പായിരുന്നു. ഇരുപത്തിമൂന്നുകാരിയായ പെൺകുട്ടി ആദ്യമായി വിവാഹ ജീവിതത്തിലേക്ക് കടക്കാൻ പോകുന്ന പെൺകുട്ടി രണ്ടാം കെട്ടുകാരനെ ഭർത്താവായി സ്വീകരിക്കണോ എന്നതായിരുന്നു അവരുടെ ചോദ്യം. ഡിവൈന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ ചിലപ്പോൾ സമ്മതിക്കില്ല.’’– ഡിംപിൾ വ്യക്തമാക്കി.
പലരുടെയും എതിർപ്പുകൾ മറികടന്ന് ശരിക്കും പോരാടിയാണ് ഡോണും ഡിവൈനും വിവാഹിതരായതെന്നും ഡിംപിൾ പറഞ്ഞു. ‘‘വിവാഹം ഉറപ്പിക്കുന്ന സമയത്തും ഡോൺ ചേട്ടൻ മനസുകൊണ്ട് ഒട്ടും തയാറായിരുന്നില്ല. വല്ലാത്തൊരു അവസ്ഥയിലായിരുന്നു. എല്ലാ കാര്യങ്ങളും ഡിവൈനിനോട് ഞങ്ങൾ പറഞ്ഞിരുന്നു. പിന്നീട് ചതിക്കപ്പെട്ടുവെന്ന തോന്നൽ ഉണ്ടാവരുതല്ലോ. കോടതിയിൽ നിന്നും ഡോൺ ചേട്ടന്റെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്റ്സും റെഡിയായിരുന്നെങ്കിലും പള്ളിയിൽ നിന്നും ഡോക്യുമെന്റ്സ് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ റജിസ്റ്റർ വിവാഹമാണ് നടത്തിയത്. വളരെ കുറച്ച് ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹം റജിസ്റ്റർ ചെയ്ത ഉടൻ തന്നെ പല തരത്തിലുള്ള ഗോസിപ്പുകൾ വന്നിരുന്നു. ഡിവൈന്റേത് രണ്ടാം കെട്ടാണ് കുട്ടിയുണ്ടെന്നൊക്കെ പലരും പറഞ്ഞ് പരത്തിയിരുന്നു. എല്ലാം മറികടന്ന് ഇന്ന് അവർ സന്തോഷമായി ജീവിക്കുന്നുണ്ടെങ്കിൽ അത് ഡിവൈന്റെ മിടുക്ക് തന്നെയാണ്.’’– ഡിംപിൾ വിഡിയോയിൽ പറഞ്ഞു.
ഒരേദിവസം തന്നെയായിരുന്നു ഡിംപിളിന്റെയും സഹോദരന്‍ ഡോണിന്റെയും വിവാഹം. എന്നാൽ അധികം വൈകാതെ തന്നെ ഡോൺ ആദ്യബന്ധം വേർപിരിഞ്ഞു. സഹോദരന്റെ വിവാഹ ബന്ധം വേർപിരിഞ്ഞതിന്റെ പേരിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ടതും ഡിംപിളായിരുന്നു