ADVERTISEMENT

പരസഹായമില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവാത്ത അവസ്ഥയിൽ എത്തിയിട്ടും നിശ്ചയദാർഢ്യംകൊണ്ട് എല്ലാ പരിമിതികളെയും തോൽപിച്ച് സമാനദുഃഖങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസ തണലാവുക. അസാമാന്യ മനഃശക്തിയുള്ളവർക്ക് മാത്രമേ ഒരുപക്ഷേ ഇങ്ങനെയൊരു കാര്യം സാധ്യമാകൂ. നിസാര പ്രശ്നങ്ങൾ മുന്നിൽ വന്നാൽ പോലും അവ അതിജീവിക്കാനാവാതെ തളർന്നു പോകുന്നവർക്ക് മുന്നിൽ നിവർന്നു നിന്ന് പ്രചോദനമാവുകയാണ് കെ.എസ്. രാജണ്ണ എന്ന കർണാടക സ്വദേശി.  പോളിയോ ബാധിച്ച് ഇരു കൈകാലുകളും തളർന്നുപോയ രാജണ്ണ അടിപതറാതെയുള്ള ആത്മവിശ്വാസം കൈമുതലാക്കി നടന്നു കയറിയത് പത്മശ്രീയിലേക്കാണ്.

പതിനൊന്നാം വയസ്സിലാണ് പോളിയോയുടെ രൂപത്തിൽ ജീവിതം രാജണ്ണയ്ക്ക് മുന്നിൽ വെല്ലുവിളിയായി എത്തിയത്. എന്നാൽ ജീവിതം അതോടെ അവസാനിച്ചു എന്ന ചിന്തയിൽ ഒതുങ്ങിക്കൂടാൻ അദ്ദേഹം തയാറായില്ല.  സ്വയം ചലിച്ചു നീങ്ങണമെന്ന ഉറച്ച ആത്മവിശ്വാസത്തിൽ മുട്ടുകൾ കുത്തി നടന്നു തുടങ്ങി. മറ്റുള്ളവർ കുറവുകളുള്ള വ്യക്തിയായി തന്നെ കാണുമ്പോഴും താൻ അവരിൽ നിന്നും വ്യത്യസ്തനല്ല എന്ന് ഉറച്ചു വിശ്വസിച്ചായിരുന്നു രാജണ്ണയുടെ ജീവിതം. പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് മനസ്സർപ്പിച്ച് പഠനത്തിൽ മുഴുകി. ഒടുവിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും കരസ്ഥമാക്കി.

സാധ്യമായതും അല്ലാത്തതുമായ എല്ലാ മേഖലകളിലും എത്തണമെന്നതായിരുന്നു രാജണ്ണയുടെ ജീവിത ലക്ഷ്യം. 2002ലെ പാരാലിംബിക്സിൽ ഇന്ത്യയ്ക്കുവേണ്ടി ഡിസ്കസ് ത്രോയിൽ സ്വർണവും നീന്തലിൽ വെള്ളിയും നേടിയത് ആഴത്തിൽ വേരുറച്ച ജീവിത സ്വപ്നങ്ങളുടെ കരുത്തിലാണ്. തന്നെപ്പോലെ ഭിന്നശേഷിക്കാരായവർക്കായി എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള അതിയായ ആഗ്രഹം സാമൂഹിക സേവന മേഖലയിലേക്ക് അദ്ദേഹത്തെ എത്തിച്ചു. സ്വയം നേട്ടങ്ങളുടെ പടവുകൾ കയറുമ്പോൾ മറ്റുള്ളവരെ എങ്ങനെ സഹായിക്കാം എന്ന ചിന്തയിൽ നിന്നും ഒരു സംരംഭത്തിന് അദ്ദേഹം തുടക്കം കുറിച്ചു. വ്യത്യസ്ത ഭിന്നശേഷിയുള്ള 350ൽപരം ആളുകൾക്കാണ് ഇതിലൂടെ അദ്ദേഹം തൊഴിൽ നൽകിയത്.  

രാജണ്ണയുടെ സേവനങ്ങൾ കണക്കിലെടുത്ത് 2013ൽ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള  സംസ്ഥാന കമ്മിഷണറായി അദ്ദേഹത്തിനു നിയമനം ലഭിച്ചു. ഈ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ ഭിന്നശേഷിക്കാരനായ വ്യക്തിയാണ് അദ്ദേഹം. 64കാരനായ രാജണ്ണ ഇപ്പോഴും പരിമിതികൾ ഉള്ളവർക്ക് വേണ്ടി നിസ്വാർഥമായ സേവന പ്രവർത്തനങ്ങളിൽ നിരന്തരം മുഴുകുന്നുണ്ട്. പ്രതിസന്ധികളെ ചവിട്ടുപടികളാക്കി അദ്ദേഹം രാജ്യത്തിനും സഹജീവികൾക്കും നൽകിയ സംഭാവനകളും അചഞ്ചലമായ ആത്മാർത്ഥതയും കണക്കിലെടുത്ത് പത്മശ്രീ പുരസ്കാരം നൽകി രാജ്യം അദ്ദേഹം ആദരിക്കുകയും ചെയ്തു.

തനിക്ക് ലഭിച്ച പത്മശ്രീ വെറുമൊരു പുരസ്കാരമായി കരുതാനല്ല രാജണ്ണയുടെ തീരുമാനം. സാമൂഹിക പ്രവർത്തന മേഖലയിൽ തന്നാലാകുന്ന കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഈ പുരസ്കാരം പിൻബലമാകുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് രാഷ്ട്രീയ സംവരണം ലഭിക്കണമെന്ന ആഗ്രഹവും അദ്ദേഹം തുറന്നു പ്രകടിപ്പിക്കുന്നുണ്ട്. സഹതാപം കാട്ടുന്നതിനു പകരം അവകാശങ്ങൾ ഉപയോഗപ്പെടുത്താനുള്ള അവസരമാണ് ഭിന്നശേഷിക്കാരായ വ്യക്തികളുടെ ജീവിതം മെച്ചപ്പെടുത്താൻ അത്യാവശ്യം വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

English Summary:

Rajanna's Journey: From Polio Survivor to Padma Shri Awardee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com