കരുതലിന്റെയും വിയർപ്പിന്റെയും സ്നേഹം: ഫാദേഴ്സ് ഡേയ്ക്ക് അച്ഛനുമായുള്ള ബന്ധം ദൃഢമാക്കാം
Mail This Article
മാതൃദിനം പോലെ ലോകമെമ്പാടുമുള്ള അച്ഛന്മാരുടെ കരുതലും സ്നേഹവും ആഘോഷമാക്കാൻ ഒരു ദിവസമുണ്ട്. അതെ എല്ലാ വര്‍ഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് അവരുടെ ത്യാഗങ്ങളെ ബഹുമാനിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്. അച്ഛന്‍മാര്‍ക്കായി സര്‍പ്രൈസുകള്‍ ഒരുക്കിയും സമ്മാനങ്ങള്‍ നല്‍കിയും മക്കൾ ഈ ദിവസം ആഘോഷിക്കുന്നു. അമ്മയോളം തന്നെ ത്യാഗം നമ്മുടെ അച്ഛനും ചെയ്യുന്നുണ്ടെന്ന് മനസിലാക്കുമ്പോഴാണ് ഈ ദിവസത്തിനും കൊടുക്കുന്ന സമ്മാനങ്ങൾക്കും വിലയുണ്ടാവുന്നത്.
അമേരിക്കയിലെ വാഷിങ്ടണിൽ 1910 ലാണ് ആദ്യമായി ഫാദേഴ്സ് ഡേ ആഘോഷിച്ചത്. ഒരോ വ്യക്തിയുടേയും ജീവിതം പൂർണമാകുന്നതിൽ അച്ഛൻ വഹിക്കുന്ന പ്രാധാന്യം ഓർമപ്പെടുത്തുക എന്നതായിരുന്നു ആ ദിവസം ആഘോഷിക്കാനുള്ള കാരണം. സൊനോറ സ്മാർട്ട് ഡോഡ് ആണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്. വ്യക്തിപരമായ ചുമതല എന്നതിനപ്പറും പുതിയ കാലത്ത് പാരന്റിങ് എന്നത് പുതിയ കാലത്തിന്റെ വളർച്ചയ്ക്കുള്ള ഒരു സേവനമായാണ് കാണുന്നത്. അതിനാൽ തന്നെ ഇത്തരം ദിവസങ്ങൾക്ക് പ്രാധാന്യമേറുകയാണ്. നിങ്ങളുടെ അച്ഛനുമായുള്ള ബന്ധം ഒന്നുകൂടി ദൃഢമാക്കാൻ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.
ഇത്തിരി നേരം അച്ഛനൊപ്പം
ഇന്നത്തെക്കാലത്ത് എല്ലാവരും തിരക്കിട്ട ജീവിതം നയിക്കുന്നവരാണ് എന്നാൽ ഒരിത്തിനേരം നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ചിലവിട്ടാൽ അത് നമുക്കും അവർക്കും മനസിന് ഏറെ സന്തോഷം തരുന്ന കാര്യമാണ്. പ്രത്യേകിച്ച് നമ്മുടെ അച്ഛന്. ചിലർ ജോലിത്തിരക്കുകൾ കഴിഞ്ഞ് വരുന്നവർ ആണെങ്കിൽ ചിലർ റിട്ടയർമെന്റ് ജീവിതത്തിന്റെ വിരസതയിൽ കഴിഞ്ഞു കൂടുന്നവർ ആവാം. അവർക്കൊപ്പം ഇരുന്ന് മനസ് തുറന്ന് സംസാരിക്കുമ്പോൾ അത് അവർക്ക് നൽകുന്ന ആശ്വാസവും കരുതലും പറഞ്ഞറിയിക്കാൻ പറ്റാത്തത് തന്നെയാണ്.
അച്ഛനൊപ്പം ഒരു യാത്ര
സാധാരണ നമ്മുടെ ഒക്കെ അച്ഛനമ്മമാർ ആയിരിക്കും നമ്മെ യാത്ര കൊണ്ടുപോകുന്നത്. എന്നാൽ, ഇന്ന് നമുക്ക് അതൊന്ന് മാറ്റി പിടിക്കാം. അച്ഛനിഷ്ടമുള്ള സ്ഥലത്തു കൊണ്ട് പോയി ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് പഴയ ഓർമ്മകൾ അയവിട്ട് കൊണ്ട് ഒരു ദിവസം. എത്ര മനോഹരമായിരിക്കും. ഒരായുഷ്കാലം നിങ്ങൾക്ക് വേണ്ടി ചിലവിട്ടവർക്ക് ഈ ഒരു കുഞ്ഞു സന്തോഷമെങ്കിലും നല്കാൻ കഴിയുന്നത് ഒരു ഭാഗ്യമല്ലേ?
അച്ഛനുമില്ലേ ആഗ്രഹങ്ങൾ?
ചെറുപ്പത്തിൽ നമ്മൾ ആഗ്രഹിക്കുന്ന മിക്ക കാര്യങ്ങളും ചോദിക്കുക പോലും ചെയ്യാതെ വാങ്ങിത്തരുന്ന ആളാണ് അച്ഛൻ. എന്നാൽ അച്ഛന് വയസാകുമ്പോൾ അവർക്ക് വേണ്ടത് എന്താണെന്ന് നമ്മൾ എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ? ഈ ഫാദേഴ്‌സ് ഡേയ്ക്ക് അച്ഛന് ഇഷ്ടമുള്ളത് കണ്ടറിഞ്ഞ് വാങ്ങി കൊടുത്തു നോക്കാം. ഗൗരവം നിറഞ്ഞ നോട്ടങ്ങളിൽ വാത്സല്യം ഒളിപ്പിക്കുന്ന ആ കണ്ണുകളിൽ നിങ്ങൾക്ക് സന്തോഷത്തിന്റെ തിളക്കം കാണാൻ സാധിക്കും.