ADVERTISEMENT

ഒരു ഫ്ലൈയിങ് ഡിസ്കിന് എന്തൊക്കെ ചെയ്യാൻ സാധിക്കും? നിർജീവമായ അത്തരമൊരു വസ്തുവിന് ഒഴിവുവേളകൾ ആനന്ദകരമാക്കുന്നതിനപ്പുറം എന്ത് പ്രസക്തി ഉണ്ടാവാനാണ്. എന്നാൽ പറന്നു നടക്കുന്ന ഈ ചെറുതളിക ഡൽഹിയും ഹൈദരാബാദുമടക്കം ഇന്ത്യയിലെ പല പ്രദേശങ്ങളിലും ജീവിക്കുന്ന ഒരുപറ്റം കുട്ടികൾക്കും യുവാക്കൾക്കും ഇന്ന് ജീവനോളം പ്രിയപ്പെട്ടതാണ്. ഒരിക്കലും കാണാത്ത സ്വപ്നങ്ങളിലേയ്ക്കും വിദ്യയുടെ വെളിച്ചത്തിലേക്കുമുള്ള വാതിൽ തുറന്നിട്ട് ‘അൾട്ടിമേറ്റ് ഫ്രിസ്ബീ’ എന്ന കായികവിനോദം ഇവരുടെ ലോകം തന്നെ മാറ്റിമറിച്ചു.

ഇന്ത്യയിൽ പലയിടങ്ങളിലും ഇന്ന് പ്രചാരം ഏറിവരുന്ന ഒരു കായിക ഇനമാണ് അൾട്ടിമേറ്റ് ഫ്രിസ്ബീ. ഒരു ഫ്ലൈയിങ് ഡിസ്ക് അല്ലെങ്കിൽ ഫ്രിസ്ബീ ടീം അംഗങ്ങൾ കൃത്യമായി പാസ് ചെയ്ത് എൻഡ് സോണിൽ എത്തിച്ച് ഗോൾ നേടുന്നതാണ് കളിയുടെ രീതി. കളിക്കാർ തന്നെ റഫറികളാകുന്ന ഈ ഗെയിമിൽ ടീം അംഗങ്ങൾക്ക് പ്രായഭേദമോ ലിംഗ ഭേദമോ ഇല്ല എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത.

നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടി ചേരി പ്രദേശങ്ങളിലും മറ്റുമായി ജീവിക്കുന്ന അനേകം കുട്ടികൾക്ക് ഫ്രിസ്ബീയിലൂടെ അനന്തസാധ്യതകളുടെ പുതിയ ലോകം തുറന്നുകൊടുക്കുകയാണ് വൈ- അൾട്ടിമേറ്റ് എന്ന സന്നദ്ധസംഘടന. നമുക്കും അഭിമാനിക്കാം. കാരണം അതിന് നേതൃത്വം നൽകുന്നത് ഒരു മലയാളിയാണ്. വൈ- അൾട്ടിമേറ്റിന്റെ പ്രസക്തിയെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും സിഇഒ ആയ ബിനോയ് സ്റ്റീഫൻ മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുന്നു.

വൈ അൾട്ടിമേറ്റിന്റെ പിറവി

ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ 2015ൽ ബിഎസ്‌സി മാത്‍സ് പഠിക്കുന്ന കാലത്താണ് അൾട്ടിമേറ്റ് ഫ്രിസ്ബീയിലേക്ക് ബിനോയ് ആദ്യമായി എത്തിയത്. സ്പോർട്സിനോട് കുട്ടിക്കാലത്തെയുള്ള താത്പര്യം മൂലം ഗ്രേറ്റർ കൈലാഷിലെ (ജി കെ) ഒരു പാർക്കിൽ ഫ്രിസ്ബീ പരിശീലിച്ചു തുടങ്ങി. പരിസരപ്രദേശങ്ങളിലെ ചേരികളിൽ ജീവിച്ചിരുന്ന ധാരാളം കുട്ടികൾ കളികാണാനായി ഇവിടെ എത്തുമായിരുന്നു. അവർക്ക് ഗെയിമിൽ താത്പര്യമുണ്ടെന്നു മനസ്സിലായപ്പോൾ കളിയെക്കുറിച്ച് വിശദീകരിച്ചു കൊടുത്തു. എന്നാൽ എല്ലാവർക്കും പാർക്കിൽ കളിക്കാനുള്ള അവസരം ഒരുക്കുന്നത് പ്രയാസകരമായിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികൾ കൂട്ടുകാരെയും കൂട്ടി ജികെ മാഡ് എന്നൊരു ടീം തന്നെ ആരംഭിച്ചത്.

frisbee1
ഫ്രിസ്ബീ പരിശീലനം നേടുന്നവർക്കൊപ്പം ബിനോയ് സ്റ്റീഫൻ
frisbee1
ഫ്രിസ്ബീ പരിശീലനം നേടുന്നവർക്കൊപ്പം ബിനോയ് സ്റ്റീഫൻ

ഫ്രിസ്ബി ഗെയിമിൽ കളിക്കാർ ഓരോരുത്തരും നിഷ്പക്ഷതയും സത്യസന്ധതയും പുലർത്തി അച്ചടക്കത്തോടെ മുന്നോട്ടുപോകുന്നതാണു രീതി. ഒരു ഫൗൾ ഉണ്ടായാൽ അത് സ്വന്തം ടീമിലുള്ള വ്യക്തിയാണെങ്കിൽ കൂടി തിരുത്തിയശേഷം മാത്രമേ കളി മുന്നോട്ട് പോകൂ. പരസ്പര സമ്പർക്കം പുലർത്താതെയാണ് കളിയിലെ ഓരോ നീക്കവും. വിപരീത സാഹചര്യങ്ങളിൽ വളർന്നുവന്ന കുട്ടികളായിട്ടുകൂടി കളിയോടുള്ള താൽപര്യം മൂലം അവർ എല്ലാ നിയമങ്ങളും കൃത്യമായി പാലിച്ചു. പതിയെ പതിയെ ടൂർണമെന്റുകളിൽ പങ്കെടുപ്പിക്കാൻ തക്ക മികവിൽ ഇവർ കളി മനസ്സിലാക്കിയെടുക്കുകയും ചെയ്തു. 10 വയസ്സ് മുതൽ 16 വയസ്സുവരെ പ്രായമുള്ള ആൺകുട്ടികളും പെൺകുട്ടികളുമാണ് ടീമിൽ ഉണ്ടായിരുന്നത്. മത്സരങ്ങളിൽ പങ്കെടുക്കാൻ ജേഴ്സി വാങ്ങാനോ യാത്ര ചിലവിനോ പണം ഇല്ലാതിരുന്ന കുട്ടികൾക്കു വേണ്ട പിന്തുണ നൽകാനായി ആരംഭിച്ച ശ്രമങ്ങളാണ് വൈ-അൾട്ടിമേറ്റ് എന്ന സന്നദ്ധ സംഘടനയിൽ എത്തി നിന്നത്.

പ്രചോദനമായത് കുട്ടികളുടെ മാറ്റം

സുഹൃത്തുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നും ലഭിക്കുന്ന ചെറിയ സംഭാവനകളുടെ ബലത്തിലാണ് ജികെ മാഡിലെ കുട്ടികളെ അൾട്ടിമേറ്റ് ഫ്രിസ്ബീ ടൂർണമെന്റുകളിൽ പങ്കെടുപ്പിച്ചത്. മുൻനിര കോളജുകളിലെ വിദ്യാർഥികൾക്കും പ്രൊഫഷനലുൾക്കുമൊപ്പം ഇവർ മത്സരിച്ചു. ഓരോ ഗെയിമിനും ശേഷം ഇരു ടീമുകളും ചേർന്ന് ഗെയിമിനെ ആകെ വിലയിരുത്തുന്ന ഒരു സെഷനുണ്ട്. സ്പിരിറ്റ് സർക്കിൾ എന്നാണ് ഇത് അറിയപ്പെടുന്നത്. കളിയിലെ പോരായ്മകളും മെച്ചപ്പെടുത്തേണ്ട കാര്യങ്ങളും മികച്ച നീക്കങ്ങളുമെല്ലാം ഒരുമിച്ചിരുന്ന് ചർച്ച ചെയ്യുകയാണ് ചെയ്യുന്നത്. ഇത് കുട്ടികൾക്ക് കൂടുതൽ ആൾക്കാരുമായി ബന്ധപ്പെടാനുള്ള അവസരം ഒരുക്കി.

ഫ്രിസ്ബീ കളിക്കുക എന്നതിനപ്പുറം ഇവരുടെ സ്വഭാവത്തിലും കാഴ്ചപ്പാടിലും ഉണ്ടായ വലിയ മാറ്റമാണ് ബിനോയിയെയും സുഹൃത്തുക്കളെയും അത്ഭുതപ്പെടുത്തിയത്. മറ്റു ടീമുകളിലെ കളിക്കാരെ പോലെ ഉന്നത വിദ്യാഭ്യാസം നേടി മുന്നേറണമെന്ന ചിന്ത കുട്ടികൾക്ക് ഉണ്ടായിത്തുടങ്ങി. ഫ്രിസ്ബീക്കൊപ്പം പഠനത്തിനും പ്രാധാന്യം നൽകിയാൽ പാർശ്വവൽക്കരിക്കപ്പെട്ട സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികളുടെ ജീവിതത്തിൽ പുതിയ വഴികൾ തുറന്നിടാനാകുമെന്ന് തിരിച്ചറിവായിരുന്നു ഇത്. പഠനത്തിൽ ഉഴപ്പിയാൽ അതിനുള്ള ശിക്ഷയായി അധിക സമയം ഫ്രിസ്ബീ പരിശീലിപ്പിക്കുകയായിരുന്നു ഇവർ കണ്ടെത്തിയ മാർഗം. എന്നാൽ ശിക്ഷ എന്നതിനപ്പുറം അവർക്ക് വിദ്യാഭ്യാസത്തോട് താൽപര്യം തോന്നാൻ ഇത് കാരണമായി. കുട്ടികളുടെ ജീവിതം തന്നെ മാറ്റിമറിക്കാനുള്ള ശക്തി ഫ്രിസ്ബീക്ക് ഉണ്ടെന്നും ബിനോയിയും സംഘവും മനസ്സിലാക്കി. വിവേകാനന്ദ് ശ്രീവാസ്തവ, രോഹിത് കോഹ്ലി, ശിശിർ ഗുപ്ത എന്നിവരാണ് വൈ- അൾട്ടിമേറ്റ് രൂപീകരിക്കാൻ ബിനോയിക്കൊപ്പം ഉണ്ടായിരുന്നത്.

തുടക്കകാലത്ത് സംഭാവനകൾക്കായി വിവിധ വ്യക്തികളെയും സ്ഥാപനങ്ങളെയും സമീപിക്കുമ്പോൾ ഫുട്ബോളോ ക്രിക്കറ്റോ അല്ലാതെ എന്തുകൊണ്ട് ഫ്രിസ്ബീ തിരഞ്ഞെടുത്തു എന്ന ചോദ്യമാണ് നിരന്തരം നേരിട്ടത്. ഇതുതന്നെയാണ് വൈ -അൾട്ടിമേറ്റ് എന്ന പേര് സംഘടനയ്ക്ക് നൽകാനുള്ള കാരണവും. 2019ൽ ഫ്ലൈയിങ്ങ് ഡിസ്ക് ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ എന്ന പേരിൽ സംഘടന രജിസ്റ്റർ ചെയ്യപ്പെട്ടെങ്കിലും ഇപ്പോഴും വൈ അൾട്ടിമേറ്റ് എന്ന പേരിലാണ് പൊതു ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നത്.

അടുത്തഘട്ടം ഹൈദരാബാദിൽ

കുട്ടികളുടെ മാറ്റം മനസ്സിലാക്കിയതോടെ പ്രവർത്തനം ഗൗരവമായി എടുക്കാൻ തീരുമാനിച്ച ബിനോയ് വിദ്യാഭ്യാസ സമത്വത്തിനായി പ്രവർത്തിക്കുന്ന ടീച്ച് ഫോർ ഇന്ത്യയുടെ രണ്ടുവർഷത്തെ ഫിലോഷിപ്പിനായി ഹൈദരാബാദിൽ എത്തി. അക്കാലയളവിൽ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലെ കുട്ടികളുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചിരുന്നു. അങ്ങനെ ഡൽഹിയിൽ നിന്നുനേടിയ പരിചയ സമ്പത്തിന്റെ ബലത്തിൽ ഹൈദരാബാദിലെ മൂന്ന് സ്കൂളുകളിൽ അൾട്ടിമേറ്റ് ഫ്രിസ്ബീക്ക് തുടക്കം കുറിച്ചു. അവിടെയും ചുവടുവയ്പ്പ് പിഴച്ചില്ല. ഏറെ താല്പര്യത്തോടെ കളിക്കളത്തിൽ എത്തിയ കുട്ടികൾ ഫ്രിസ്ബീയിൽ പരിശീലനം നേടുന്നതിനൊപ്പം വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധിക്കാനും അച്ചടക്കത്തോടെ പെരുമാറാനും പരിശീലിച്ചു.

ഫ്രിസ്ബീയും വിദ്യാഭ്യാസവും ഏകോപിപ്പിച്ചുകൊണ്ടുള്ള ഈ പരിശീലന രീതിയുടെ സാധ്യത മനസ്സിലാക്കി വ്യത്യസ്ത കമ്യൂണിറ്റികളിലും സ്കൂളുകളിലും കുട്ടികൾക്ക് കളിക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു അടുത്ത പടി. അങ്ങനെ ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങൾക്ക് പുറമേ മറ്റു ചില സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മണിപ്പൂർ, പൂനൈ, മുംബൈ എന്നിവിടങ്ങളിലും പ്രവർത്തനം വ്യാപിപ്പിച്ചു.

കളിക്കാരിൽ നിന്നും പരിശീലകരിലേക്ക്

വൈ- അൾട്ടിമേറ്റിൽ പരിശീലനം നേടിയ കളിക്കാർ ദേശീയ തലത്തിൽ വിവിധ ചാംപ്യൻഷിപ്പുകളിൽ പങ്കെടുത്ത് വിജയം നേടുന്ന നിലയിലേക്കുവരെ കാര്യങ്ങൾ എത്തി. എന്നാൽ അതിനോടകം ജികെ മാഡിലെ കുട്ടികളിൽ പലരും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു. ഉന്നത വിദ്യാഭ്യാസം നേടാൻ കോളേജുകളിൽ പോകാൻ ഇവര്‍ ആഗ്രഹിച്ചില്ലെങ്കിലും സാമ്പത്തിക സ്ഥിതി തന്നെയായിരുന്നു പ്രശ്നം. സ്കൂളുകളിലും കമ്മ്യൂണിറ്റുകളിലും ഫ്രിസ്ബീ പരിശീലിപ്പിക്കാൻ

ഇവർക്ക് അവസരം നൽകുകയായിരുന്നു അതിന് വൈ- അൾട്ടിമേറ്റ് കണ്ടെത്തിയ പരിഹാരം. സ്റ്റൈപ്പൻഡായി ലഭിക്കുന്ന പണം ഇവർക്ക് കോളേജ് വിദ്യാഭ്യാസം നേടാൻ കൈത്താങ്ങായി. ഇന്ന് വൈ- അൾട്ടിമേറ്റിന്റെ പരിശീലകരിൽ 90 ശതമാനത്തിലധികവും ഇത്തരത്തിൽ സംഘടനയ്ക്ക് കീഴിൽ തന്നെ പരിശീലനം നേടിയ യുവാക്കളാണ്. പഠനം പൂർത്തിയാക്കിയ ശേഷം വൈ- അൾട്ടിമേറ്റിന്റെ തന്നെ മുഴുവൻ സമയ ജോലിക്കാരായും ഇവർ പ്രവർത്തിക്കുന്നു. കമ്പനികൾ നൽകുന്ന സി എസ് ആർ ഫണ്ടും വ്യക്തികൾ നൽകുന്ന സംഭാവനകളും തന്നെയാണ് വൈ- അൾട്ടിമേറ്റിനെ മുന്നോട്ടു നയിക്കുന്നത്.

ഇരുളിൽ നിന്നും വെളിച്ചത്തിലേയ്ക്ക്

മാതാപിതാക്കളെപ്പോലെ കൂലിപ്പണിയോ വീട്ടുജോലിയോ തിരഞ്ഞെടുത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്ന് ഉറപ്പിച്ചിരുന്നവരാണ് ഫ്രിസ്ബീ പഠിക്കാനെത്തിയ ഭൂരിഭാഗം കുട്ടികളും. മോഷണവും മയക്കുമരുന്ന് ഉപയോഗവുമടക്കം തെറ്റായ പ്രവണതകൾക്ക് പെട്ടെന്ന് അടിമപ്പെടാനുള്ള ചുറ്റുപാടുകൾ ഉണ്ടായിരുന്നിട്ടും ഫ്രിസ്ബീയോടുള്ള താൽപര്യം അവരെ അതിൽനിന്നെല്ലാം അകറ്റിനിർത്തി. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന കുട്ടികൾപോലും അതിൽ നിന്നെല്ലാം പിന്തിരിഞ്ഞ് ജീവിതത്തെ പോസിറ്റീവായുള്ള കാഴ്ചപ്പാടോടെ സമീപിച്ചു തുടങ്ങി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ മുന്നേറാനുള്ള അവസരം ലഭിച്ചു എന്നതാണ് എടുത്തു പറയേണ്ട കാര്യം. എന്നാൽ മികച്ച ജീവിതത്തിലേക്ക് വെളിച്ചം വീശികൊടുക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും മുന്നോട്ടുള്ള ഓരോ ചുവടും വയ്ക്കാനുള്ള ആത്മവിശ്വാസം കഠിനപ്രയത്നത്തിലൂടെ കുട്ടികൾ ആർജിച്ചെടുത്തതാണെന്നും ബിനോയ് പറയുന്നു. ഇന്ന് വ്യത്യസ്ത സ്കൂളുകളിലും കമ്മ്യൂണിറ്റികളിലും എല്ലാമായി 1600 ൽ പരം കളിക്കാരാണ് വൈ- അൾട്ടിമേറ്റിലൂടെ പുതിയ ജീവിതത്തിലേക്ക് ഉറ്റുനോക്കുന്നത്.

വേൾഡ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം

വൈ അൾട്ടിമേറ്റിൽ നിന്നുള്ള ആറ് കളിക്കാർ ലോക ചാംപ്യൻഷിപ്പിനുള്ള 26 അംഗ ഇന്ത്യൻ നാഷണൽ അൾട്ടിമേറ്റ് ഫ്രിസ്ബീ ടീമിൽ മെറിറ്റിലൂടെ ഇടം നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ 2024 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7 വരെയാണ് വേൾഡ് അൾട്ടിമേറ്റ് ചാംപ്യൻഷിപ്പ് സംഘടിപ്പിക്കപ്പെടുന്നത്. എന്നാൽ കളിക്കാർക്കായി ഇതുവരെ ഗവൺമെന്റ് ഫണ്ടിംഗ് ലഭ്യമല്ലാത്തതിനാൽ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ചിലവിനായി ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ വൈ അൾട്ടിമേറ്റ്. ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് തുക സമാഹരിക്കുന്നത്. MakeThemFly എന്ന പേരിലാണ് ക്യാംപെയിൻ നടത്തുന്നത്.

കമ്മ്യൂണിറ്റി സെന്റർ

ഫ്രിസ്ബീ പരിശീലനത്തിനപ്പുറം വൈ- അൾട്ടിമേറ്റ് കുട്ടികൾക്കായി തുറന്നുവയ്ക്കുന്ന അവസരങ്ങളുടെ ഏറ്റവും മികച്ച മാതൃകയാണ് സമൃദ്പൂരിലെ കമ്മ്യൂണിറ്റി സെന്റർ. സംഘടനയുടെ ഓഫീസിനൊപ്പം പ്രവർത്തിക്കുന്ന ഈ സെ‌ന്റർ കോവിഡ് കാലം മുതൽ കുട്ടികൾക്ക് വിദ്യാഭ്യാസരംഗത്തും കലാരംഗത്തും ഫ്രിസ്ബീ പരിശീലനത്തിലും വേണ്ട സഹായങ്ങൾ നൽകുന്നുണ്ട്. പഠനത്തിന് സഹായകരമാകുന്ന തരത്തിൽ ഇൻ്റർനെറ്റോ സാങ്കേതിക ഉപകരണങ്ങളോ ഉപയോഗിക്കാൻ അവസരമില്ലാത്ത കുട്ടികൾ ഇവിടെ എത്തി അവസരം പ്രയോജനപ്പെടുത്തുന്നു.

ബിനോയ്‌യുടെ കുടുംബം

തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ ബിനോയ് സ്റ്റീഫൻ ഡോ. പ്രമീള കെ. എസിന്റെയും ഡോ. ദേവനേശൻ സ്റ്റീഫന്റെയും മകനാണ്. വെല്ലുവിളികൾ മാത്രം നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരുകൂട്ടം ആളുകളുടെ ലോകത്ത് പ്രതീക്ഷയുടെ വെളിച്ചമേകുകയാണ് വൈ- അൾട്ടിമേറ്റും ബിനോയി സ്റ്റീഫനും. വഴികൾ എത്ര കഠിനമാണെങ്കിലും ഒന്നു മനസ്സുവച്ചാൽ എവിടെയും മാറ്റം കൊണ്ടുവരാനാകുമെന്നതിന്റെ തെളിവാണ് ഈ 28 കാരന്റെ ജീവിതം.

English Summary:

Benoy Stephen's Vision: Transforming Communities with Ultimate Frisbee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com