ADVERTISEMENT

പ്രൈമറി ക്ലാസുകൾ വിദ്യാഭ്യാസത്തിന്റെ അടിത്തറ പാകുന്ന കാലമാണ്. അവിടെനിന്നും മനഃപ്പാഠമാക്കുന്നതൊന്നും ആയുഷ്കാലത്ത് ഒരു വ്യക്തി മറക്കില്ല. എന്നാൽ ഈ പ്രായത്തിലുള്ള കുട്ടികളെ  പഠിപ്പിക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. കുറുമ്പുകാട്ടിയും കളിച്ചുമറിഞ്ഞും നടക്കുന്ന വിരുതന്മാരെ അച്ചടക്കത്തോടെ ഇരുത്തി പാഠങ്ങൾ പറഞ്ഞുകൊടുക്കാൻ അധ്യാപകർക്ക് കഠിനപ്രയത്നംതന്നെ വേണ്ടിവരും. അൽപം പ്രയാസമേറിയ പാഠഭാഗമാണെങ്കിൽ പറയുകയും വേണ്ട. എന്നാൽ കുട്ടികളുടെ പൾസറിഞ്ഞ് വേറിട്ട രീതിയിൽ പാഠങ്ങൾ എളുപ്പത്തിൽ പറഞ്ഞു കൊടുത്തു ശ്രദ്ധ നേടുകയാണ് പാലക്കാട്ടുകാരിയായ ഒരു ടീച്ചർ. കേരളത്തിലെ നദികളുടെ പേര്, വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം അങ്ങനെ എന്തും ഏതും സിനിമാ പാട്ടുപോലെ കുട്ടികളെ പഠിപ്പിച്ചടുക്കുകയാണ് മുതുകുന്നി എ.എൽ.പി സ്കൂളിലെ ടീച്ചറായ ശാരിക ജയകുമാർ.

ദിലീപ് ചിത്രമായ കാര്യസ്ഥനിലെ 'മംഗളങ്ങൾ വാരിക്കോരി ചൊരിയാം' എന്ന പാട്ടിന്റെ ഈണത്തിൽ 44 നദികളുടെയും പേര് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന ശാരിക ടീച്ചറിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. സാധാരണ നിലയിൽ നദികളുടെ പേരുകൾ കുട്ടികൾ മനഃപാഠമാക്കിയെടുക്കാൻ ദിവസങ്ങളുടെ പരിശ്രമം വേണ്ടിവരും. എന്നാൽ സിനിമാപാട്ട് രൂപത്തിൽ പേരുകൾ എത്തിയതോടെ രണ്ടോ മൂന്നോ ആവർത്തി ചൊല്ലി കേട്ടപ്പോൾ തന്നെ കുട്ടികൾ അത് ഹൃദിസ്ഥമാക്കി. പിന്നെ കരോക്കെ ഇട്ട് ശാരിക ടീച്ചറിനൊപ്പം അടിപൊളി ചുവടുകൾ വച്ച് അവർ ആസ്വദിച്ച് പാടുകയും ചെയ്തു.

ഇങ്ങനെയൊരു ഐഡിയയിലേക്ക് ശാരിക ടീച്ചറിനെ എത്തിച്ചത് സ്വന്തം മക്കൾ തന്നെയാണ്. മക്കളായ നീരജിനും നിതികക്കുമൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ 'തുഞ്ചൻപറമ്പിൽ നിന്നും' എന്ന് തുടങ്ങുന്ന നാടൻ പാട്ട് കേട്ടതായിരുന്നു തുടക്കം. വളരെ പെട്ടെന്ന് മക്കൾ ആ പാട്ടിന്റെ വരികൾ കാണാതെ പഠിച്ചു. എങ്കിൽപിന്നെ ഇതേ രീതിയിൽ പാഠഭാഗങ്ങൾ അവതരിപ്പിച്ചാൽ കുട്ടികൾക്ക് എളുപ്പമാകില്ലേ എന്ന ചിന്ത അപ്പോഴാണ് ശാരിക ടീച്ചറിന്റെ ഉള്ളിൽ ഉദിച്ചത്. അതേ ഈണത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം പാട്ടു രൂപത്തിലാക്കി ക്ലാസിൽ അവതരിപ്പിച്ചു. വിചാരിച്ചതിലും വേഗത്തിൽ കുട്ടികൾ ജീവചരിത്രം പഠിച്ചെടുക്കുന്നത് കണ്ടാണ് ഈ രീതി മുന്നോട്ടു കൊണ്ടുപോകാമെന്ന് ടീച്ചർ ഉറപ്പിച്ചത്.  

മലയാളം, പരിസര പഠനം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി പാട്ടുകൾ ഉണ്ടാക്കി. 'നീലനിലവേ' എന്ന പാട്ടിന്റെ ഈണത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേരും   തല്ലുമാലയിലെ പാട്ടിന്റെ രൂപത്തിൽ ചാന്ദ്രദിനത്തിനായി പ്രത്യേക പാട്ടുമൊക്കെ ഒരുങ്ങി. ഇഷ്ടപ്പെട്ട ചലച്ചിത്ര ഗാനത്തിന്റെ ഇണത്തിൽ ഒരു പാട്ട് തയാറാക്കാമോ എന്ന് കുട്ടികൾതന്നെ വന്ന് ആവശ്യപ്പെടുകയാണ് ഇപ്പോൾ. മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും കുട്ടികൾക്ക് വേണ്ടിയാണ് പാട്ടുകൾ ഒരുക്കുന്നതെങ്കിലും അതുകേട്ട്  ഒന്നാം ക്ലാസുകാർ മുതൽ വരികൾ പഠിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. പഠിക്കാൻ പിന്നാലെ നടന്നു നിർബന്ധിക്കേണ്ട സമയത്ത് കുട്ടികൾ പാട്ടുപോലെ പാഠഭാഗങ്ങൾ നിസ്സാരമായി പഠിച്ചെടുക്കുന്നത് കണ്ടതോടെ മറ്റ് അധ്യാപകരും മാതാപിതാക്കളും ശാരിക ടീച്ചറിന് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തി. സുഹൃത്തായ രേഷ്മ ടീച്ചർ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

തലമുറകൾ മാറുന്നതനുസരിച്ച് കുട്ടികളുടെ പഠനരീതിയും മാറുന്നുണ്ട്. അവരിലേയ്ക്ക് ഇറങ്ങിച്ചെന്ന് അവർക്കൊപ്പം ചേർന്ന് പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നതാണ് ഇന്നത്തെ കുട്ടികൾക്ക് ഇഷ്ടം. പാട്ടുകളിലൂടെ പാഠം പറഞ്ഞു കൊടുക്കുന്ന രീതി കുട്ടികൾക്ക് പഠനത്തോടുള്ള താൽപര്യം തന്നെ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ശാരിക ടീച്ചർ മനോരമ ഓൺലൈനിനോട് പറഞ്ഞു. ബഷീറിന്റെ ജീവചരിത്രം പാട്ടു രൂപത്തിൽ അവതരിപ്പിച്ചത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത് വലിയ അംഗീകാരമായി കണക്കാക്കുന്നു എന്നും ടീച്ചർ പറയുന്നു.

റിട്ടയേർഡ് അധ്യാപകരായ ശശിധരൻ നായരുടെയും കെ ആർ രമണിയുടെയും മകളാണ് ശാരിക. ഭർത്താവ് പി. കെ  ജയകുമാർ വടക്കഞ്ചേരി എ.വി.എൽ.പി എസിലെ അധ്യാപകനാണ്.

English Summary:

How Sharika Jayakumar is Making Learning Fun with Songs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com