കാലുകൊണ്ട് പുരുഷന്മാരുടെ പേരെഴുതി പെൺകുട്ടി സമ്പാദിക്കുന്നത് പതിനായിരങ്ങൾ; മോശം പ്രവണതയെന്ന് വിമർശനം
Mail This Article
ഈ ലോകത്ത് പണം സമ്പാദിക്കാൻ വിചിത്രമായ പല വഴികളുണ്ട്. ചിലർ പുതിയ ബിസിനസ് പ്ലാനുകൾ കണ്ടെത്തുമ്പോൾ മറ്റുള്ളവർ പലപല ജോലികൾ കണ്ടെത്തുന്നു. പഠനത്തോടൊപ്പം ചെലവിനുള്ള വരുമാനം കണ്ടെത്താൻ ഇന്ന് വിദേശരാജ്യങ്ങളിലേക്ക് പോകുന്ന പല കുട്ടികളും ചെറിയ ജോലികൾ പോലും ചെയ്യാൻ തയ്യാറാകുന്ന സന്ദർഭവുമുണ്ട്.എന്നാൽ ഇവിടെ ഒരു പെൺകുട്ടി വ്യത്യസ്തയായിരിക്കുന്നത് തന്റെ വിദ്യാഭ്യാസ ലോൺ തിരിച്ചടയ്ക്കുന്നതിനായി അവൾ കണ്ടെത്തിയ മാർഗത്തിലൂടെയാണ്. കടലാസിൽ പുരുഷന്മാരുടെ പേരെഴുതിയാണ് ഈ പെൺകുട്ടി വരുമാനം കണ്ടെത്തുന്നത്. വെറുതെ കടലാസിൽ പേരെഴുതുന്ന പരിപാടിയല്ല ഇത്. പെൺകുട്ടി തന്റെ കാലുകൾ കൊണ്ടാണ് ഇങ്ങനെ പേരുകൾ എഴുതുന്നത്. അതിനായി അവൾ നെയിൽ പെയിന്റ് മാർക്കറുകളും പേനകളുമാണ് ഉപയോഗിക്കുന്നത്.
ഓരോ പേപ്പറിനും പെൺകുട്ടി 300 ഡോളർ (25,050 രൂപ) സമ്പാദിക്കുന്നുണ്ട്. തന്റെ കാലുകൾ കൊണ്ട് പുരുഷന്മാരുടെ പേരുകൾ എഴുതുന്ന വിഡിയോകൾ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പെൺകുട്ടി പങ്കുവെക്കുന്നത്. പലരും ഈ പ്രവൃത്തിയെ മോശവും വിചിത്രവും എന്ന് പരാമർശിച്ചപ്പോൾ മറ്റുചിലർ അടിപൊളി സൈഡ് ബിസിനസാണ് ഇതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
സമൂഹമാധ്യമത്തിൽ വൈറലായ വിഡിയോയിൽ, ചുവന്ന നെയിൽ പെയിന്റ് ഉപയോഗിച്ച് പെൺകുട്ടി ഒരു ശൂന്യമായ കടലാസിൽ എഴുതുന്നത് കാണാം. പഠനത്തിനൊപ്പം വരുമാനം കണ്ടെത്താൻ താൻ സ്വീകരിച്ച ഈ വഴിയിലൂടെ വായ്പ തിരിച്ചടയ്ക്കാൻ സാധിച്ചു എന്നാണ് പെൺകുട്ടി പറയുന്നത്. ഇത് ചെയ്യാൻ എളുപ്പമാണെന്നും, ആർക്കും തുടങ്ങാവുന്നതാണെന്നും പെൺകുട്ടി തന്റെ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നുണ്ട്. പേപ്പറിൽ പേരുകൾ എഴുതുന്നതിനു പുറമേ, പേരെഴുതിയ ഓട്ടോഗ്രാഫുകളും സോക്സുകളും ഇവർ തന്റെ പേജിലൂടെ വിൽക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിലെ ടോ ഗാലറി എന്ന പേജിലാണ് ഈ വിചിത്ര സംഭവം. പുരുഷന്മാരുടെ പേരുകൾ മാത്രമാണ് പെൺകുട്ടി എഴുതാൻ ഉപയോഗിക്കുന്നത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്.
ഈ തുക ഉപയോഗിച്ച് വീടുവാടകയ്‌ക്കൊപ്പം വിദ്യാഭ്യാസ വായ്പയും അടച്ചുതീർക്കുകയാണെന്ന് പെൺകുട്ടി വിഡിയോയിൽ പറഞ്ഞു. മറ്റൊരു വിഡിയോയിൽ, ലെസ്റ്റർ എന്ന പേര് എഴുതുന്നത് കണ്ടു. പേരെഴുതിയ ശേഷം ഈ പേപ്പർ അതേ വ്യക്തിക്ക് വിറ്റപ്പോൾ അവൾക്ക് 300 ഡോളർ (25,000 രൂപ) വരെ ലഭിച്ചുവത്രേ. തന്റെ പിതാവിന്റെ സോക്സിൽ പേരെഴുതി അത് വിറ്റുകൊണ്ടാണ് പെൺകുട്ടി തന്റെ വ്യത്യസ്തമായ ജോലി തുടങ്ങിയത്. പലരും ഇതിനെ വിമർശിക്കുന്നുണ്ടെങ്കിലും ഇത്തരം ജോലികളിലൂടെ എളുപ്പം പണം കണ്ടെത്താൻ കഴിയുമെങ്കിൽ അത് നല്ല കാര്യമാണെന്ന അഭിപ്രായവും ഉണ്ട്.