ADVERTISEMENT

ആളുകളെ സ്വാധീനിക്കാൻ ഒട്ടേറെ വഴികളുണ്ട്. പ്രത്യേകിച്ച് സമൂഹമാധ്യമങ്ങൾ ലോകം ഭരിക്കുന്ന ഈ കാലത്ത് അത് വളരെ എളുപ്പവുമാണ്. ഇൻഫ്ലുവൻസർമാരുടെ എണ്ണം പെരുകുന്നത് തന്നെ ഇതിന് ഉദാഹരണമായി എടുക്കാം. പോസിറ്റീവും നെഗറ്റീവുമായ ധാരാളം കണ്ടന്റുകൾകൊണ്ട് സമൂഹമാധ്യമങ്ങൾ നിറയുന്നുണ്ട്. അത്തരത്തിൽ വിമർശനങ്ങൾ ഏറെ നേരിടുന്നുണ്ടെങ്കിലും പ്രണയബന്ധങ്ങളെക്കുറിച്ച് മറ്റുള്ളവർക്ക് ഉപദേശങ്ങൾ നൽകി പ്രതിവർഷം കോടികൾ കൊയ്യുകയാണ് ചൈനക്കാരിയായ ഒരു ഇൻഫ്ലുവൻസർ.

ലീ ഷുവാങ്കു എന്നാണ് ഇൻഫ്ലുവൻസറുടെ പേരെങ്കിലും ലവ് ഗുരു എന്നാണ് ഇവർ അറിയപ്പെടുന്നത്. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ബന്ധങ്ങളെക്കുറിച്ചും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനെ കുറിച്ചും പരിശീലനം നൽകുകയാണ് ലീ. എന്നാൽ ഇതിനായി അസാധാരണമായ രീതികളും ഇവർ അവലംബിക്കാറുണ്ട്. ബന്ധങ്ങളിൽ നേട്ടങ്ങൾ ഉണ്ടാക്കുന്നതിനു വേണ്ടി തെറ്റായ രീതികൾ പോലും പിന്തുടരാൻ ഇവർ ആളുകളെ, പ്രത്യേകിച്ചും സ്ത്രീകളെ പ്രേരിപ്പിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ബന്ധങ്ങളെയും വിവാഹത്തെയുമൊക്കെ സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള ഉപാധികൾ മാത്രമായാണ് ലീ കാണുന്നത്. ഈ കാഴ്ചപ്പാടുകൾ ഇവർ മറ്റ് സ്ത്രീകളെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഏതൊരു തരത്തിലുള്ള ബന്ധമാണെങ്കിലും അത് നേട്ടത്തിൽ ലക്ഷ്യം വച്ചുകൊണ്ടായിരിക്കണം എന്നാണ് ലീയുടെ ഉപദേശം. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള പുരുഷന്മാരെ സ്വാധീനിക്കാനുള്ള കുറുക്ക് വഴികളും ഉപദേശം തേടുന്നവർക്ക് ലീ പറഞ്ഞുകൊടുക്കുന്നുണ്ട്. തൽസമയ സ്ട്രീമിങ്ങിലൂടെയാണ് ഇവർ തന്റെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നത്. എന്നാൽ ഇതിനിടയിൽ പ്രേക്ഷകർക്ക് നേരിട്ടുള്ള കൺസൾട്ടേഷനും അനുവദിക്കുന്നുണ്ട്. 155 ഡോളറാണ് (12900 രൂപ) നേരിട്ടുള്ള സംഭാഷണത്തിനായി ഈടാക്കുന്നത്. ബന്ധങ്ങളെക്കുറിച്ച് ഉപദേശം നൽകുന്നതിനായി വ്യത്യസ്ത കോഴ്സുകളും ലീ നടത്തുന്നു. 'വിലയേറിയ ബന്ധങ്ങൾ' എന്ന് പേര് നൽകിയിരിക്കുന്ന കോഴ്സിൽ പങ്കെടുക്കാൻ 517 ഡോളർ (43,200 രൂപ) ഫീസായി നൽകണം

ഇതിനെല്ലാം പുറമേ പ്രതിമാസം 1400 ഡോളർ (1,17000 രൂപ) ഈടാക്കുന്ന കൗൺസിലിങ് പാക്കേജുകളുമുണ്ട്. സമൂഹമാധ്യമത്തിലൂടെ മാത്രമല്ല നേരിട്ടുള്ള വർക്ക് ഷോപ്പുകളിലൂടെയും സെമിനാറുകളിലൂടെയും ഡേറ്റിങ് എങ്ങനെ നടത്തണമെന്നും ലീ ഉപദേശം നൽകിവരുന്നു. ഇവയിൽ നിന്നെല്ലാം ചേർത്ത് പ്രതിവർഷം 163 കോടിയോളം രൂപയാണ് ലീ സമ്പാദിക്കുന്നത്. അനാരോഗ്യകരമായ ബന്ധങ്ങളും തെറ്റായ മൂല്യങ്ങളും ജനങ്ങളെ പഠിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ചൈനയിലെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ വെയ്‌ബോ ലീയിക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ഇപ്പോൾ തന്റെ ബിസിനസ് തടസ്സമില്ലാതെ നടത്തുന്നതിനായി എഐ സാങ്കേതികവിദ്യകളുടെ സഹായം തേടുകയാണ് ഇവർ.

പണത്തിനുവേണ്ടി മറ്റുള്ളവരെ എങ്ങനെ ചൂഷണം ചെയ്യണമെന്നതാണ് ലീ പഠിപ്പിക്കുന്നതെന്ന് ഭൂരിഭാഗം ആളുകളും വാദിക്കുന്നുണ്ടെങ്കിലും ഇത്രയധികം ആളുകൾ ഇവരിൽ നിന്നും ഉപദേശം തേടാൻ തയാറാകുന്നുണ്ടെങ്കിൽ പൊതുജനങ്ങളുടെ യഥാർഥ വികാരം മനസ്സിലാക്കിയാണ് ലീ പ്രവർത്തിക്കുന്നതെന്ന് പറയുന്നവരും കുറവല്ല. സ്നേഹത്തിനൊപ്പം പണവും ഉണ്ടെങ്കിൽ മാത്രമേ ജീവിക്കാനാവു എന്ന കാഴ്ചപ്പാട് തികച്ചും ശരിയാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം പുരുഷന്മാരിൽ നിന്നും എങ്ങനെ പണം നേടിയെടുക്കാം എന്ന് മറ്റു സ്ത്രീകളെ പഠിപ്പിക്കുന്ന ലീ സ്വന്തം ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള പണം കണ്ടെത്താൻ സ്വയം അധ്വാനിക്കുന്നുണ്ട് എന്ന് മറ്റുള്ളവർ മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

English Summary:

Influencer 'Love Guru' Earns Billions with Controversial Relationship Advice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com