ADVERTISEMENT

ഉരുൾപ്പൊട്ടലിൽ എല്ലാം നഷ്ടമായ വയനാട്ടിലെ ജനങ്ങൾക്ക് കേരളമൊന്നാകെ താങ്ങും തണലുമാകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. സമൂഹമാധ്യമങ്ങളിൽ വയനാടിന് സഹായഹസ്തവുമായി നിരവധിപേർ എത്തി. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു ഇടുക്കി സ്വദേശി സജിന്റെ കുറിപ്പ്. ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കാമെന്നും തന്റെ ഭാര്യ തയാറാണെന്നുമായിരുന്നു സജിൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. തുടർന്ന് സജിനും കുടുംബവും വയനാട്ടിലെ ദുരിതാശ്വാസ ക്യാംപിലെത്തുകയും സഹായം നൽകുകയും ചെയ്തു. ഇപ്പോൾ വയനാട്ടിൽ നിന്ന് മടങ്ങുന്നതായും ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും വിളിക്കാമെന്നും സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയാണ് സജിൻ. 

‘‘നമ്മൾ കാരണം ആർക്കെങ്കിലും ചെറിയൊരു സഹായമെങ്കിലും ആയല്ലോ എന്ന സന്തോഷത്തോടെയാണ് മടക്കം. കുറ്റപ്പെടുത്താൻ ആയിരം ആളുകൾ വന്നപ്പോഴും, അവിടെ നിന്ന് പോന്ന നാൾ മുതൽ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ഞങ്ങളെ സ്നേഹിച്ച എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി. ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും വിളിക്കാം’’– എന്നാണ് സജിൻ സമൂഹമാധ്യമത്തിൽ കുറിച്ചത്. 

ദുരന്തം ഉണ്ടായ സമയം മുതൽ നമ്മൾ എല്ലാവരും പ്രാർഥിക്കുകയും വിഷമത്തോടെ മാത്രം നോക്കി കാണുകയും ചെയ്യുന്ന ഒരുപറ്റം മനുഷ്യർ അവിടുണ്ട്. അവരെയൊക്കെ കാണുമ്പോൾ തന്നെ കണ്ണ് നിറയും. അവരെയൊക്കെ വെച്ച് നോക്കുമ്പോൾ നമ്മളൊക്കെ സ്വർഗത്തിലാണ്. എന്തിനെയും വിമർശിക്കുകയും  അവഹേളിക്കുകയും ചെയ്യുന്നവർ  അവിടൊന്നു വന്ന്  കാണണം. കരഞ്ഞു കണ്ണ് കലങ്ങിയ ഒരുപറ്റം മനുഷ്യരെ കാണാനാവും. മനസ്സിൽ തോന്നിയ വാക്കുകൾ ഫേസ്ബുക്കിൽ കമന്റ് ആയി കുറിച്ചു. അന്ന് മുതൽ ചങ്കോട് ചേർത്ത് നിർത്തിയ ഒരുപറ്റം  മനുഷ്യരും.  എങ്ങനെയൊക്കെ വിമർശിക്കാം എന്ന് കരുതുന്ന കുറച്ചുപേരും.  വിമർശനങ്ങൾ സ്വാഗതം ചെയ്യുന്നു  പക്ഷേ, കുടുംബത്തെ മുഴുവൻ  വളരെ മോശമായി ചിത്രികരിക്കുന്നവരോട്  ഞങ്ങളും മനുഷ്യരാണ്.  പറ്റുന്ന രീതിയിൽ ഒരു സഹായം ആകട്ടെ എന്ന് കരുതി ചുരം കയറിയതാണ്.  ഇടുക്കിയിൽ ജീവിക്കുന്ന വെറും സാധാരണക്കാരാണ് ഇനിയും കുഞ്ഞുമക്കളെ അധിഷേപങ്ങൾ ഇറക്കി ബുദ്ധിമുട്ടിക്കരുതെന്നും സജിൻ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.  

English Summary:

Kerala Unites: Wayanad Landslide Relief Efforts Bring Hope

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com