കോടികളുടെ മൂല്യം; ലാല്ബാഗ്ചാ രാജയ്ക്ക് 20 കിലോ സ്വർണ കിരീടവുമായി അനന്ത് അംബാനി
Mail This Article
വിനായക ചതുർത്തി ആഘോഷത്തോടനുബന്ധിച്ച് മുംബൈയിലെ ലാൽബാഗ്ചാ രാജയ്ക്ക് 20 കിലോയുടെ സ്വർണകിരീടം സമർപ്പിച്ച് അനന്ത് അംബാനി. ഇരുപതുകിലോ ഭാരമുള്ള സ്വർണകിരീടം ശിരസ്സിലണിഞ്ഞ ലാൽബാഗ്ച രാജയുടെ ചിത്രം സമൂഹമാധ്യമങ്ങളിലെത്തി. മെറൂൺ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് കിരീടം ചൂടിയുള്ള ലാൽബാഗ്ച രാജയുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
അനന്ത് അംബാനിയുടെ വിവാഹ ശേഷമുള്ള ആദ്യത്തെ ഗണേശോത്സവമാണ്. ഏകദേശം 15കോടിയോളം വിലമതിക്കും കിരീടത്തിന്. രണ്ടുമാസമെടുത്താണ് കിരീടം നിർമിച്ചത്. ഈ വർഷം സെപ്റ്റംബർ 7 മുതൽ 17വരെയാണ് ഗണേശോത്സവം നടക്കുന്നത്.
കഴിഞ്ഞ 15 വർഷമായി ലാൽബാഗ്ച രാജ കമ്മിറ്റിക്ക് അനന്ത് അംബാനിയും റിലയൻസ് ഫൗണ്ടേഷനും വലിയ പിന്തുണ നൽകുന്നുണ്ട്. കോവിഡ് കാലത്ത് കമ്മിറ്റി സാമ്പത്തിക പ്രതിസന്ധി നേരിട്ടസമയത്ത് അനന്ത് അംബാനി സഹായഹസ്തവുമായി എത്തിയിരുന്നു.
നിർധനരോഗികളെ സഹായിക്കുന്ന കമ്മിറ്റിയുടെ പദ്ധതിയിലേക്ക് അനന്ത് അംബാനി 24 ഡയാലിസിസ് യൂണിറ്റുകൾ നൽകിയതായി റിപ്പോർട്ടുണ്ട്. ലാല്ബാഗ്ച കമ്മിറ്റിയുടെ എക്സിക്യൂട്ടിവ് അഡ്വൈസറാണ് അനന്ത് അംബാനി. വർഷംതോറും ഗണേശോത്സവത്തിന് അംബാനികുടുംബം സജീവ സാന്നിധ്യമാകാറുണ്ട്.