‘ചേർത്തുനിർത്തിയ ചിലതൊന്നും വിട്ടുകളയാനാകില്ലന്നേ’, ബന്ധം പിരിയുന്നെന്നു പറഞ്ഞതിനു പിന്നാലെ ട്വിസ്റ്റുമായി സീമ വിനീത്
Mail This Article
വിവാഹ നിശ്ചയം നടത്തി അഞ്ചുമാസത്തിനു ശേഷം ആ ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു കൊണ്ട് സെലബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് കഴിഞ്ഞ ദിവസം പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. എന്നാൽ തൊട്ടു പിന്നാലെ ചേർത്തുനിർത്തിയ ചിലതൊന്നു വിട്ടുകളയാനാകില്ലെന്നു പറഞ്ഞു കൊണ്ട് സീമ നിശാന്തിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും പങ്കുവച്ചു. ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചുകൊണ്ട് പങ്കുവച്ച കുറിപ്പ് സീമ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു.
‘പരസ്പരം മനസിലാക്കുന്ന ബന്ധങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വിള്ളലുകൾ സംഭവിച്ചാൽ പരസ്പരം ക്ഷമിച്ചു മുന്നോട്ട് പോകുമ്പോഴാണ് ആ ബന്ധങ്ങൾ നിലനിൽക്കുന്നത്. അത് തിരിച്ചറിഞ്ഞ ദിവസങ്ങളാണ് കടന്ന് പോയത്. ഇതിനോടകം പലരെയും മനസിലാക്കാനും പറ്റി. നമ്മുടെ ജീവിതം നമ്മളാണ് തീരുമാനിക്കുന്നത്, ചേർത്ത് നിർത്തിയ ചിലതൊന്നും അങ്ങനെ വിട്ടുകളയാൻ കഴിയില്ലന്നേ. കൂടെ നിന്നവരോട് സ്നേഹം.’ എന്നാണ് സീമ പങ്കുവച്ച പുതിയ കുറിപ്പിൽ പറയുന്നത്.
യാത്ര കഴിഞ്ഞെത്തുന്ന നിശാന്തിനായി പൂക്കളുമായി കാത്തുനില്‍ക്കുന്ന സീമ വിനീതിനേയും ഇരുവരും പരസ്പരം കൈകോര്‍ത്തു നടക്കുന്നതുമാണ് വിഡിയോയിലുള്ളത്. ഇരുവരും സന്തോഷത്തോടെ ഇരിക്കട്ടെ എന്ന രീതിയിലുള്ള കമന്റുകളും എത്തി.
തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് ബന്ധത്തിൽ നിന്ന് പിന്മാറുന്നതെന്നായിരുന്നു സീമ നേരത്തേ പറഞ്ഞത്. ‘‘ഒരുപാട് ആലോചിച്ചതിനു ശേഷം, പരസ്പരം ബഹുമാനം കാത്തു സൂക്ഷിക്കുന്നതിനിടയിൽ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹനിശ്ചയത്തിന്റെ 5 മാസത്തെ ബന്ധത്തിനു ശേഷം വേർപിരിയാൻ തീരുമാനിച്ചു. വ്യക്തിപരമായി എടുത്ത തീരുമാനത്തിൽ ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങൾ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും അഭ്യർഥിക്കുന്നു. ഞങ്ങൾ വേർപിരിഞ്ഞത് അംഗീകരിച്ചു കൊണ്ട്, ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.’’– എന്നായിരുന്നു ബന്ധം വേർപിരിയുകയാണെന്ന് പറഞ്ഞുകൊണ്ട് സീമ സമൂഹമാധ്യമത്തിൽ കുറിച്ചത്.