ശരിക്കും ‘ബ്രോ ഡാഡി’!: വിവാഹ വേദിയിൽ വധുവിന്റെയും പിതാവിന്റെയും തകർപ്പൻ ഡാൻസ്
Mail This Article
ഡാൻസും പാട്ടും എല്ലാമായി വിവാഹ ദിനം അവിസ്മരണീയമാക്കാൻ പൊതുവേ ആളുകൾ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ, വിവാഹ ദിനത്തിൽ വധുവും പിതാവും ചേർന്ന് അവതരിപ്പിച്ച നൃത്തമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ചെന്ത്രാപ്പിന്നി സ്വദേശി കോറോട്ട് ലാലുവാണ് മകൾ ദേവികയും മലപ്പുറം ചേലമ്പ്ര സ്വദേശി അഖിലും വിവാഹിതരായ വേദിയിൽ നൃത്തം ചെയ്തു താരമായത്.
ചടങ്ങുകൾക്കു ശേഷം വധുവും സഹോദരിയും കൂട്ടുകാരും ഒന്നിച്ച് നൃത്തം ചെയ്യുന്നതു കണ്ട് ലാലു ഒപ്പം കൂടുകയായിരുന്നു. പ്രശസ്തമായ മുക്കാല മുക്കാബല ഗാനത്തിനാണ് അച്ഛന്റെയും മകളുടെയും തകർപ്പൻ നൃത്തം. വിവാഹവേദിയെ ഇളക്കിമറിച്ച ഡാന്‍സ് സമൂഹമാധ്യമത്തിലും ഹിറ്റാണ്. പാട്ട് തുടങ്ങിയതിന് ശേഷം വേദിയിലേക്ക് അച്ഛന്‍ എത്തുമ്പോള്‍ തന്നെ സദസ്സാകെ ആവേശത്തിലാകുന്നുണ്ട്. എടമുട്ടം ആൽഫ പാലിയേറ്റീവ് കേന്ദ്രത്തിലെ ജീവനക്കാരനാണ് ലാലു.
അച്ഛനെ കണ്ടാൽ പെൺകുട്ടിയുടെ സഹോദരനാണെന്നേ പറയൂ എന്നാണ് വൈറലായ വിഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്തത്. അച്ഛനൊപ്പം വധുവും വധുവിന്‍റെ അനിയത്തിയുമുണ്ട്. ശരിക്കും ഇതാണ് ‘ബ്രോ ഡാഡി’യെന്നും മകളെ സന്തോഷത്തോടെ പറഞ്ഞയക്കാന്‍ കഴിഞ്ഞ ഈ അച്ഛനാണ് ഏറ്റവും വലിയ ഭാഗ്യവാനെന്നും അഭിപ്രായപ്പെടുന്നുണ്ട്