കൊച്ചുനൊമ്പരം പഠിപ്പിച്ച വലിയ പാഠം
Mail This Article
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ മുല്ലശ്ശേരി എന്ന ഗ്രാമത്തിലാണു ഞാനും കുടുംബവും താമസിക്കുന്നത്. ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ( 47 വർഷം മുൻപ് ) ഉണ്ടായ അനുഭവമാണ് ഇവിടെ കുറിക്കുന്നത്.
അപ്പനും അമ്മയും സഹോദരനും 4 സഹോദരിമാരുമടങ്ങുന്ന ഒരു ക്രൈസ്തവ കുടുംബമാണു ഞങ്ങളുടേത്. സാമ്പത്തികമായി ഏറെ ദുരിതമനുഭവിക്കുന്ന കാലം. ഞങ്ങൾ താമസിക്കുന്ന മുല്ലശ്ശേരി എന്ന സ്ഥല്തുനിന്ന് 4 കി.മി. അകലെ പാവറട്ടി സെന്റ് ജോസഫ് ഹൈസ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന കാലം. അന്ന വിദ്യാർഥികൾക്കു ബസിന് 10 പൈസയാണു നിരക്ക്. മടക്കയാത്രയ്ക്ക് 20 പൈസ തരുമെങ്കിലും മിക്കവാറും യാത്ര വഴിയോരത്തു കളിച്ചും കാഴ്ചകൾ കണ്ടും നടന്നായിരിക്കും. 5 പൈസയ്ക്കു നാരങ്ങാ മിഠായി 5 എണ്ണം ലഭിക്കുന്ന കാലം. അതും നുണഞ്ഞാണു വീട്ടിലേക്കു നടക്കുക.
അപ്പനൊരു കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു. ഞങ്ങൾ 6 മക്കളടങ്ങുന്ന കുടുംബത്തിന്റെ മുഴുവൻ ചെലവും അപ്പന്റെ വരുമാനത്തിൽ നിന്നാണ്. അപ്പനു അസുഖമായി പണിയില്ലാതായാൽ ഞങ്ങളുടെ കുടുംബത്തിന്റെ ദൈനംദിനകാര്യങ്ങൾ ദുരിതത്തിലാകും.
അപ്പനു വാർക്കയുള്ള ദിവസമാണെങ്കിൽ ഞാനും ചേട്ടനും പോകും. വാർക്കയുള്ള ദിവസം നല്ല പോത്തിറച്ചി കൂട്ടി ഭക്ഷണവുമുണ്ട്.
അങ്ങനെയൊരു ദിവസം ഞങ്ങൾ പണിസ്ഥലത്തെത്തി. പത്തു വയസ്സുള്ള എനിക്കു ഭാരമുള്ള പണിയൊന്നും ചെയ്യേണ്ടി വരാറില്ല. കോൺക്രീറ്റ് കൂട്ടിയ ചട്ടി കാലിയാകുമ്പോൾ എല്ലാം കൂടെയെടുത്തു കോൺക്രീറ്റ് കൂട്ടുന്നയിത്തു വയ്ക്കുകയാണു പണി. ചേട്ടനു ഭാരമുള്ള ജോലികൾ കിട്ടും. ആ പണിയങ്ങനെ നടക്കുമ്പോൾ ഒരു തൊഴിലാളി എറിഞ്ഞ ചട്ടി എന്റെ മൂക്കിൽ കൊണ്ടു ഞാൻ വീണു.
അപ്പനു ജോലിത്തിരക്കിനിടയിൽ എന്നെ ശ്രദ്ധിക്കാൻ പറ്റിയില്ല. വെള്ളമുണ്ടും ഷർട്ടുമിട്ട വീട്ടുടമ ഗൾഫുകാരൻ ഗഫൂർക്ക എന്നെയെടുത്തു പാവറട്ടി ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി.
മൂക്കിലൊരു കെട്ടുമായി മൂന്നു മണിക്കൂർ കഴിഞ്ഞ് അത്തറിന്റെ മണമുള്ള ഗഫൂർക്കാന്റെ കൂടെ വീണ്ടും ഞാൻ വാർക്ക സ്ഥലത്തെത്തി. വേദനയ്ക്കു കുറവുണ്ട്, രക്തം നിന്നു. എന്നാൽ മൂക്കു വല്ലാതെ നീരുവെച്ചു വീർത്തിരുന്നു.
പോത്തിറച്ചി കിട്ടാത്തതിന്റെ ദുഃഖത്തിൽ ഞാൻ ഇരിക്കുമ്പോൾ ഗഫൂർക്ക ഗൾഫിൽ നിന്നു കൊണ്ടുവന്ന ചോക്‌ലേറ്റ് എന്റെ കയ്യിൽ വച്ചുതന്നു. ‘‘മോൻ ഇതു കഴിക്ക്, ഞാൻ മോനെ വീട്ടിൽ കൊണ്ടു വിടാം’’ ഗഫൂർക്ക പറഞ്ഞു. ആ ചോക്‌ലേറ്റ് കഴിച്ചുകൊണ്ട് ഞാൻ വീട്ടിലേക്കു പോയി.
ഗഫൂർക്ക ഓർമ്മയായിക്കഴിഞ്ഞു. എന്നാൽ അദ്ദേഹം തന്ന ആ ചോക്‌ലേറ്റിന് സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും മധുരമുണ്ടായിരുന്നു. ഗഫൂർക്കയെ ഓർക്കുമ്പോൾ മധുരമുള്ള ചോക്‌ലേറ്റ് നുണഞ്ഞതിന്റെ ഓർമ്മകൾ ഇന്നും മനസ്സിൽ ഓടിയെത്തും.
വീട്ടിലെത്തിയപ്പോൾ അമ്മ മത്തി നന്നാക്കുകയായിരുന്നു. വീടിന്റെ പിന്നിലെ കശുമാവിന്റെ കൊമ്പിലാണ് ഞങ്ങൾ ഊഞ്ഞാൽ കെട്ടുന്നത്. ഞാൻ ഊഞ്ഞാലാടുന്നത് അമ്മ വിലക്കുകയും വടിയെടുത്ത് എന്നെ അടിക്കുകയും ചെയ്തു. ഇതിൽ കുപിതനായ ഞാൻ വടി പിടിച്ചുവാങ്ങി അമ്മയുടെ കയ്യിൽ ഒരടി കൊടുത്തു. വീണ്ടും കശുമാവിൽ കയറിയ ഞാൻ പിടിതെറ്റി വീണു. വീണപ്പോൾ അമ്മയുടെ വക പൊതിരെ തല്ല്. മുട്ട് നിവർത്താൻ കഴിയുന്നില്ല. അമ്മ എന്നെ ആശുപത്രിയിൽ എത്തിച്ചു. കൈമുട്ടിന്റെ എല്ലിനു പൊട്ടലുള്ളതിനാൽ പ്ലാസ്റ്ററിട്ടു.
മുതിർന്നവരെ വേനിപ്പിച്ചതിനു സർവശക്തൻ തന്ന ശിക്ഷ. കരഞ്ഞകൊണ്ട് ഞാൻ അമ്മയോടു ചോദിച്ചു. അമ്മേ മാപ്പ്.