ക്ഷമയുടെ ഒരു ഹാൻഡ് ഷെയ്ക്
Mail This Article
ഞാൻ ഡിഗ്രിക്കു പഠിക്കുന്ന കാലം. അച്ഛൻ നഷ്ടപ്പെട്ട എന്നെ അമ്മ കഷ്ടപ്പെട്ടാണു വളർത്തിയത്. കളിക്കാനും കൂട്ടുകൂടാനും ആരുമില്ലാത്ത എനിക്ക് അമ്മ ഒരു പട്ടിക്കുട്ടിയെ വാങ്ങിത്തന്നു. അവനമ്മ ‘സർദാർ’ എന്നാണു പേരു വിളിച്ചത്. ഞാൻ അവനെ സർദു എന്നു വിളിച്ചു. വീടിനുനടുത്തുള്ള കോളജിലാണു ഞാൻ ഡിഗ്രിക്കു ചേർന്നത്. തിരക്കൊഴിഞ്ഞ റോഡിലൂടെയാണു ഞാൻ കോളജിൽ പോയിരുന്നത്. കൂടെ സർദുവുമുണ്ടാകും. ഞാൻ ക്ലാസിൽ കയറുമ്പോൾ മുതൽ സർദു തൊട്ടുത്തുള്ള ഷെഡിൽ എനിക്കായി കാത്തിരിക്കും. ഞാൻ തിരിച്ചുപോകുമ്പോൾ അവനും കൂട്ടിനുണ്ടാകും.
ഒരിക്കൽ കോളജിലെത്തിയതും ഗേറ്റിനുപുറത്ത് ഒരു കൂക്കിവിളിയും ആരവവും. പെട്ടന്നുതന്നെ കുറേ സമരക്കാർ ഗേറ്റ് തള്ളിത്തുറന്നു അകത്തുകയറി ക്ലാസ് ഇല്ലെന്നു പ്രഖ്യാപിച്ചു. ഒച്ചയ്ക്കും ബഹളത്തിനുമിടയിൽ കുട്ടികൾ പരിഭ്രാന്തരായി പുറത്തേക്കോടി. ഞാനും എങ്ങനെയോ പുറത്തിറങ്ങി വീട്ടിലെത്തിയപ്പോഴാണ് സർദുവിനെപ്പറ്റിയോർക്കുന്നത്. തിരിച്ചെത്തി കോളജ് പരിസരത്ത് അന്വേഷിച്ചിട്ടും അവനെ കണ്ടെത്താനായില്ല. അങ്ങനെ വിഷമിച്ചിരിക്കെ നേരം ഇരുട്ടിയപ്പോൾ എവിടെനിന്നോ പാവം സർദു പേടിച്ച് അവശനായി അവന്റെ കൂട്ടിലേക്കെത്തി മെല്ലെ തലതാഴ്ത്തി കിടന്നു. ഞാനവനു ആഹാരം വെച്ചുനീട്ടിയിട്ടും കഴിക്കാനോ എന്നോടു മിണ്ടാനോ അവൻ കൂട്ടാക്കിയില്ല.
തുടർന്നു ഞാൻ നടന്ന കാര്യമൊക്കെ അവനോടു പറയുകയും എന്നോട് ഒരുവട്ടം ക്ഷമിക്കാൻ അപേക്ഷിക്കുകയും ചെയ്തു. ഉടനെ കാര്യങ്ങൾ മനസ്സിലായെന്ന ഭാവത്തിൽ ഇണങ്ങുമ്പോൾ പതിവായി എനിക്കു തരാറുള്ള ‘ഹാൻഡ് ഷെയ്ക്’ അവൻ എനിക്കു തന്നു. അതിൽ അവനെന്നോടു ക്ഷമിച്ചെന്ന എല്ലാ അർഥവുമുണ്ടായിരുന്നു. കാലങ്ങൾ കഴിഞ്ഞിട്ടും അവനോടൊപ്പമുള്ള സൗഹൃദത്തിന്റെ ഊഷ്മളത തിരിച്ചുകിട്ടിയ ആ അനുഭവം ഇന്നും ഞാൻ എന്റെ ഓർമകുറിപ്പിൽ മായാതെ നിലകൊള്ളുന്നു.