‘ഇനി കുരിശുവരച്ചു കിടക്കാം’, വ്യത്യസ്തമായി ഡോക്ടർമാരുടെ റീൽ; ഇത് ജ്യോതിർമയി തന്നെയാണോ എന്ന് ചോദ്യം
Mail This Article
സമൂഹമാധ്യമങ്ങളിൽ ഏറേ ശ്രദ്ധനേടുകയാണ് ബോഗെയ്ൻവില്ല സിനിമയിലെ ‘സ്തുതി’ പാട്ടിന്റെ വ്യത്യസ്തമായ റീലുകൾ. ഇപ്പോള്‍ ട്രെൻഡിനൊപ്പം ചുവടുവയ്ക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാർ. ചിത്രത്തിലെ ജ്യോതിർമയിയുടെ ലുക്കിൽ വിഡിയോയിൽ എത്തുന്നത് ഫിസിയോളജി ഡിപ്പാർട്ട്മെന്റിലെ ഡോ. ബിഷാരയാണ്.
‘സ്റ്റാഫ് സ്റ്റുഡന്റ്സ് ഡേയുടെ ഭാഗമായി ചെയ്തതാണ്. ഇതിനു മുന്നോടിയായി വിദ്യാർഥിയൂണിയൻ സംഘടിപ്പിച്ച റീൽസ് മത്സരത്തിന്റെ ഭാഗമായാണ് വിഡിയോ ചെയ്തത്. കുട്ടികൾ വന്ന് ഈ റീലിന്റെ ഭാഗമാകാൻ പറയുകയായിരുന്നു.’– ഡോ. ബിഷറ പറഞ്ഞു. നാലുവർഷമായി തന്റെ ഹെയർസ്റ്റൈൽ ഇങ്ങനെയാണെന്നും അവർ കൂട്ടിച്ചേർത്തു. ബിഷറയ്ക്കൊപ്പം പ്രൊഫസർ ഡോ. ജൗഹറയും മെഡിക്കൽ വിദ്യാർഥികളും വിഡിയോയിൽ എത്തുന്നുണ്ട്.
‘ഇനി കുരിശുവരച്ചു കിടക്കാം’ എന്ന കുറിപ്പോടെയാണ് വിഡിയോ സമൂഹമാധ്യമത്തിൽ എത്തിയത്. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ നിരവധിപേർ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. 2018 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിലാണ് ബിഷറ ജോലി ചെയ്യുന്നത്. ഫോറൻസിക് സർജനായ ഭർത്താവിനും മകനും ഒപ്പം കോഴിക്കോട്ടാണ് താമസം.