‘ഇതൊരൽപ്പം കടന്നുപോയി, ഇതാണോ പ്രണയം’; പങ്കാളിയുടെ പേര് നെറ്റിയിൽ ടാറ്റു ചെയ്ത് യുവതി
Mail This Article
പ്രണയിക്കുന്ന വ്യക്തിക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരുണ്ടെന്ന് കേട്ടിട്ടില്ലേ...എത്ര വേദന സഹിച്ചാലും സ്വന്തം കാമുകനോ അല്ലെങ്കിൽ കാമുകിക്കോ വേണ്ടിയല്ലേ എന്നു കരുതുന്നവരുമുണ്ട്. എന്നാൽ പങ്കാളിയോടുള്ള ഇഷ്ടത്തെ തുടർന്ന് അദ്ദേഹത്തിന്റെ പേര് ടാറ്റു ചെയ്താലോ? അതൊക്കെ സർവ സാധാരണമെന്ന് ചിന്തിക്കേണ്ട, യുകെയിലെ ഒരു യുവതി പങ്കാളിയുടെ പേര് ടാറ്റു ചെയ്തത് തന്റെ നെറ്റിയിലാണ്.
‘കെവിൻ’ എന്നാണ് പങ്കാളിയുടെ പേര്. നെറ്റിയിൽ പങ്കാളിയുടെ പേര് ടാറ്റു ചെയ്യുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്. വിഡിയോയിൽ യുവതിക്ക് വേദന അനുഭവപ്പെടുന്നതും അവൾ അസ്വസ്ഥയാകുന്നതുമെല്ലാം കാണാം. എന്നാൽ ടാറ്റു പൂർത്തിയായപ്പോൾ അവൾ സന്തോഷിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. കണ്ണാടിയിൽ നോക്കി ഇത് പങ്കാളിക്ക് ഇഷ്ടപ്പെടുമോ എന്നും യുവതി ചോദിക്കുന്നുണ്ട്.
‘അന സ്റ്റാൻസ്കോവ്’ എന്ന അക്കൗണ്ട് വഴിയാണ് വിഡിയോ പുറത്തുവിട്ടത്. വിഡിയോ വൈറലായതോടെ യുവതിയെ വിമർശിച്ച് നിരവധി പേരാണ് എത്തുന്നത്. പ്രണയം ഇങ്ങനെയാണോ കാണിക്കേണ്ടത്, ഇതാണോ പ്രണയം, എന്തെല്ലാമാണ് കാണിക്കുന്നത്, ഇനി മറ്റൊരാളെ പ്രണയിച്ചാൽ എന്തുചെയ്യും തുടങ്ങി നിരവധി കമന്റുകളുണ്ട്. എന്നാൽ ഇത് ഫേക്ക് വിഡിയോ ആണെന്നും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്.