കൊല്ലപ്പെട്ട് 18 വർഷങ്ങൾക്കിപ്പുറം നീതി; ഇന്നും കണ്ടെത്താത്ത മൃതദേഹവും അവശേഷിക്കുന്ന നിഗൂഢതകളും
Mail This Article
2005 മെയ് 30നാണ് നതാലി ഹോളോവേ എന്ന പെൺകുട്ടിയെ കാണാതാവുന്നത്. ഏറെ അന്വേഷിച്ചിട്ടും അവളെ കണ്ടെത്താനായില്ല. അന്നേ ദിവസം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജോറാൻ വാൻ ഡെർ സ്ലൂട്ട് നതാലിയുടെ തിരോധാനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും പെൺകുട്ടിയെ കണ്ടെത്താനാവാത്തതിനാൽ കുറ്റാരോപിതനായി തുർന്നു. കാണാതായി ഏഴു വർഷങ്ങൾക്കുശേഷം നതാലി മരിച്ചതായി കോടതി വിധിയെഴുതി. അപ്പോഴും അവൾക്ക് എന്ത് സംഭവിച്ചുവെന്ന് ആർക്കുമറിയില്ലായിരുന്നു. ഇപ്പോഴിതാ കാണാതായി 18 വർഷങ്ങൾക്ക് ശേഷം കുറ്റാരോപിതനായ വ്യക്തി തന്നെ പെൺകുട്ടിയുടെ കൊലപാതകം ഏറ്റെടുത്ത് കുറ്റസമ്മതം നടത്തിയിരിക്കുകയാണ്.
2005 മെയ് 30ന് പുലർച്ചെ നതാലിയൊടൊപ്പം ഒരു നിശാക്ലബ്ബിൽ നിന്ന് പ്രതി ജോറാൻ വാൻ ഡെർ സ്ലൂട്ട് പുറത്തുപോകുന്നത് കണ്ടവരുണ്ട്. അങ്ങനെയാണ് അയാൾ കുറ്റാരോപിതനാകുന്നത്.രണ്ട് തവണ അറസ്റ്റ് ചെയ്യപ്പെട്ടു, എന്നാൽ നതാലി ഹോളോവേയുടെ തിരോധാനം അല്ലെങ്കിൽ മരണവുമായി ബന്ധപ്പെട്ട് ഒരിക്കലും കുറ്റം ചുമത്താൻ സാധിച്ചിരുന്നില്ല. കാരണം വിപുലമായ തിരച്ചിൽ നടത്തിയിട്ടും അവളുടെ മൃതദേഹം കണ്ടെത്താനാവാത്തതായിരുന്നു. എന്നാലിപ്പോൾ പതിനെട്ട് വർഷങ്ങൾക്ക് ശേഷം അമേരിക്കയിലെ അലബാമ കോടതിയിൽ വാൻ ഡെർ സ്ലൂട്ട് നടത്തിയ കുറ്റതമ്മതം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നതാലി ഹോളോവേയെ കൊലപ്പെടുത്തിയതായി ഒടുവിലയാൾ സമ്മതിച്ചിരിക്കുന്നു. തന്റെ ആവശ്യത്തിന് വഴങ്ങാതിരുന്ന നതാലിയെ കൊലപ്പെടുത്തി കടലിൽ തള്ളിയെന്നാണ് അയാൾ പറയുന്നത്.
പ്രതി കുറ്റസമ്മതം നടത്തിയതോടെ യുഎസ് ജില്ലാ ജഡ്ജി നതാലിയുടെ അവശിഷ്ടങ്ങൾ ഒരിക്കലും കണ്ടെത്താനാവില്ലെന്ന് പ്രഖ്യാപിച്ചു. നതാലിയുടെ അമ്മ ബേത്ത് തന്റെ മകളുടെ തിരോധാനത്തിന്റെ ഉത്തരങ്ങളും നീതിയും തേടി വർഷങ്ങളോളം കോടതികൾ കയറിയിറങ്ങി. ഒടുവിൽ ശിക്ഷാവിധി വേളയിൽ അവർ അനുഭവിച്ച അഗാധമായ വേദനയും നഷ്ടവും പ്രകടിപ്പിച്ചപ്പോൾ കോടതി മുറിയിലെ എല്ലാവരും വികാരാധിനരായി. തന്റെ മകളെ ഇല്ലാതാക്കിയപ്പോൾ അവളുടെ സ്വപ്നങ്ങളും ഈ ലോകത്ത് അവൾക്ക് ലഭിക്കുമായിരുന്ന അനേകായിരം അവസരങ്ങളുമാണ് പ്രതി ഇല്ലാത്താക്കിയതെന്നും മകളെ കൊല്ലാതിരിക്കാൻ പണം കൊടുക്കാനും താൻ തയാറായിരുന്നുവെന്നും ആ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
ബെത്തിന്റെ ഹൃദയസ്പർശിയായ വാക്കുകൾ കോടതിമുറിയിൽ പ്രതിധ്വനിച്ചു. അപ്പോഴും വേട്ടയാടുന്ന ആ ചോദ്യം അവശേഷിക്കുകയാണ്. ആ നിർഭാഗ്യകരമായ രാത്രിയുടെ രഹസ്യങ്ങൾ എപ്പോഴെങ്കിലും പൂർണ്ണമായും വെളിപ്പെടുമോ, അല്ലെങ്കിൽ ഈ കേസ് എന്നെന്നേക്കുമായി നിഗൂഢതയിൽ പൊതിഞ്ഞ ഒരു പ്രഹേളികയായി തുടരുമോ?