റൈഡിലിരുന്ന് കുഞ്ഞിനെ മുലയൂട്ടി അമ്മ, ശ്രദ്ധ പിടിച്ചു പറ്റാനെന്ന് വിമർശനം; പിന്നാലെ മറുപടി
Mail This Article
വിശക്കുന്ന കുഞ്ഞിന് മുലയൂട്ടുന്ന ഒരമ്മയുടെ ചിത്രമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഫ്ലോറിഡയിലെ ഡിസ്നി ലാന്റിൽ റൈഡ് ആസ്വദിക്കുന്നതിനിടെയാണ് മെറിഡിത്ത് ബാർന്യാക് തന്റെ കുഞ്ഞിനെ മുലയൂട്ടിയത്. ബർന്യാകിന്റെ ബന്ധുവാണ് ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്.
നിരവധി പേർക്ക് ഇരിക്കാവുന്ന റൈഡിലുള്ള ചിത്രമാണ് പങ്കുവച്ചത്. അവസാന നിരയിലാണ് ബാർന്യാക് ഇരിക്കുന്നത്. ചിത്രം വൈറലായതോടെ പലതരത്തിലുള്ള വിമർശനങ്ങളും നേരിടേണ്ടി വന്നു. കുഞ്ഞിന്റെ സുരക്ഷ നോക്കാതെ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി മാത്രമുള്ള കാട്ടിക്കൂട്ടലുകളാണിതെല്ലാമെന്നാണ് ആരോപണമുയർന്നത്. ചിത്രത്തിന് വിമർശനങ്ങൾ കൂടിയപ്പോൾ മറുപടിയുമായെത്തിയിരിക്കുകയാണ് ബാർന്യാക്.
ആളുകൾ വിമർശിക്കുന്നതു പോലെ കുട്ടിയുടെ സുരക്ഷ നോക്കാതെയല്ല മുലയൂട്ടിയതെന്നാണ് ബർന്യാക് പറഞ്ഞത്. കയറിയത് ഫ്രോസൺ എവർ ആഫ്റ്റർ എന്ന റൈഡിലായിരുന്നെന്നും അത് വളരെ പതുക്കെയുള്ളതായിരുന്നെന്നും അവർ വ്യക്തമാക്കി. ‘ ചിത്രം കാണുമ്പോൾ പലർക്കും ഇതൊരു വേഗത്തിലുള്ള റൈഡാണെന്ന് തോന്നും. എന്നാൽ അങ്ങനെയല്ല, ഇതൊരു ബോട്ട് റൈഡാണ്. സീറ്റ്ബെൽറ്റുകളൊന്നും റൈഡിലില്ല. സുരക്ഷിതമായതു കൊണ്ടാണ് മകൾ പോപ്പിക്ക് മുലയൂട്ടണമെന്ന് തോന്നിയപ്പോൾ അങ്ങനെ ചെയ്തത്’. ബാർന്യാക് പറഞ്ഞു. കുഞ്ഞിന് പൊതു ഇടങ്ങളിൽ വച്ച് മുലയൂട്ടുന്നതിന് യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് താനെന്നും മറ്റുള്ളവരെയും അങ്ങനെ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണെന്നും ബാർന്യാക് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഏതു പ്രായത്തിലുള്ളവർക്കും ഏതു ഉയരത്തിലുള്ളവർക്കും ഉപയോഗിക്കാൻ പറ്റുന്ന റൈഡാണ് ഫ്രോസൺ എവർ ആഫ്റ്റർ എന്നാണ് ഡിസ്നിയുടെ വെബ്സൈറ്റിലുള്ളത്. വിമർശനങ്ങൾ കടുത്തതോടെ മറ്റു പലരും റൈഡിനെ പറ്റി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
‘ഞാൻ എന്റെ രണ്ട് കുഞ്ഞുങ്ങളുമൊത്ത് ഈ യാത്രയിൽ കയറിയിട്ടുണ്ട്. ഇരുട്ടിൽ പതുക്കെ നീങ്ങുന്ന ബോട്ട് യാത്രയാണിത്. ഫോട്ടോ എടുക്കുമ്പോൾ മാത്രമാണ് വെളിച്ചമുണ്ടാകുന്നത്. 5 മിനിറ്റ് മാത്രമാണ് റൈഡ്’. പോസ്റ്റിന് താഴെ ഒരു സ്ത്രീ കുറിച്ചു.