ADVERTISEMENT

കാടും ആദിവാസി ജീവിതവും അടുത്തറിഞ്ഞൊരു ഡോക്ടർ. കൊവിഡ് കാലത്തും പ്രളയകാലത്തുമെല്ലാം കാട്ടിൽ പലരും ഒറ്റപ്പെട്ടപ്പോൾ അവർക്ക് തണലായി മാറിയ ഡോക്ടർ. കിലോമീറ്ററുകള്‍ നടന്നും ജീപ്പിലും മറ്റും സഞ്ചരിച്ച് കാടുകയറി കാടിന്റെ മക്കളുടെ പൾസ് മനസ്സിലാക്കി അവർക്ക് തണലായ ഡോക്ടർ. അശ്വതി സോമൻ എന്ന ഡോക്ടറെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത് കോവിഡ് കാലത്താണ്. ആരുമില്ലാതിരുന്ന ആദിവാസി സമൂഹത്തിനായി നന്മയുടെ കരം നീട്ടിയ അശ്വതി ജീവിതത്തിലെപ്പോഴും അങ്ങനെ തന്നെയായിരുന്നു. അച്ഛന്റെ പാത പിന്തുടർന്ന് ആതുര സേവനത്തിന് ഇറങ്ങി തിരിച്ച ഡോ.അശ്വതി സോമൻ ഇന്ന് പലർക്കും ആശ്വാസ തുരുത്താണ്. ജീവിതത്തെ പറ്റിയും ആതുര സേവന മേഖലയെ പറ്റിയും മനോരമ ഓൺലൈനുമായി വിശേഷങ്ങൾ പങ്കുവക്കുകയാണ് ഡോ. അശ്വതി സോമൻ.

കുട്ടിക്കാലം മുതൽ ഡോക്ടറാകാൻ ഇഷ്ടപ്പെട്ടു
ഞാൻ ഒറ്റപ്പാലംകാരിയാണ്. ജനിച്ചതും വളർന്നതും പഠിച്ചതും കോഴിക്കോടാണ്. അച്ഛനും അവിടെ ഗവൺമെന്റ് സർവീസിൽ ഡോക്ടറായിരുന്നു. അച്ഛന് വീട്ടിലും പ്രാക്ടീസ് ഉണ്ടായിരുന്നു. എപ്പോഴെങ്കിലും അച്ഛൻ വീട്ടിൽ രോഗികളെ നോക്കിയില്ലെങ്കിൽ ഓരോരുത്തരും മക്കളെയും കൊണ്ട് വീട്ടിൽ വരുമായിരുന്നു. എന്നിട്ട് പറയും ഡോക്ടറെ ഒന്നു കണ്ടാൽ മതി അസുഖം മാറുമെന്ന്. അതൊരു വല്ലാത്ത ഫീലിങ്ങായിരുന്നു. അതെന്താണെന്ന് അങ്ങനെയൊരു ഫീലങ്ങെന്ന് അറിയാനുള്ള ആ ആകാംക്ഷ എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് ഡോക്ടറാകണം എന്ന് തീരുമാനിച്ചത്. ആദ്യം മുതലേ മനസ്സില്‍ കേറിക്കൂടിയ ആഗ്രഹമാണ്. അങ്ങനെ ഞാനും ഡോക്ടറായി. 

ഏതൊരു ജോലിയും പോലെ ഡോക്ടർ എന്നതും ഒരു പ്രൊഫഷനാണ്. നമുക്ക് ജീവിക്കാൻ വേണ്ടിയുള്ള വരുമാനം അതിൽ നിന്ന് ഉണ്ടാക്കണം. പക്ഷേ പണത്തിനു വേണ്ടി മാത്രമുള്ളതല്ല ഡോക്ടർ ജോലി. സ്കൂളിൽ പഠിക്കുമ്പോൾ പലപ്പോഴും അച്ഛനെ വീട്ടിൽ കിട്ടാറില്ലായിരുന്നു. അന്ന് ഞാൻ അതൊരു പരാതിയായി പറഞ്ഞിട്ടുണ്ട്. പക്ഷേ, ഇപ്പോൾ എനിക്ക് അതിന്റെ അർഥം മനസ്സിലായി. നമ്മൾ കെയര്‍ കൊടുക്കേണ്ട ചില ആളുകളുണ്ട്. അതുപോലെ പണം വാങ്ങി മാത്രം ചെയ്യാനുള്ളത് മാത്രമല്ല ഡോക്ടർ ജീവിതവും. 

ഇഷ്ടപ്പെടുന്നതെല്ലാം അപ്പോൾ തന്നെ ചെയ്യണം, കാട് ഏറെ ഇഷ്ടമാണ്
ഗവൺമെന്റ് സർവീസിൽ ഒരു മൊബൈൽ ഡിസ്പെൻസറി സിസ്റ്റത്തിലാണ് ജോലി ചെയ്യുന്നത്. അത് ഒരു ഒപി സിസ്റ്റം പോലെയല്ല, നമ്മളെ ഓരോ കോളനി ഏൽപ്പിച്ച് അവിടെ ക്യാമ്പ് വച്ചാണ് ചികിത്സ നൽകുന്നത്. അങ്ങനെയാണ് ചെയ്തു കൊണ്ടിരുന്നത്. കോവിഡ് സമയത്ത് ഫീൽഡും വർക്കും കുത്തിവയ്പുകളൊന്നും വേണ്ട എന്നുള്ള ഓർഡർ ഉണ്ടായിരുന്നു. എന്നാൽ മെഡിക്കൽ ക്യാംപ് വേണ്ട എന്നു പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ആ സമയത്തും മെഡിക്കൽ ക്യാംപുകൾ വച്ചു. കോളനികളിൽ പോയി ജോലി ചെയ്തു. എല്ലാവരും അടച്ചു പൂട്ടി വീട്ടിലിരിക്കുമ്പോൾ കാട്ടിൽ താമസിക്കുന്നവർ എങ്ങനെ ജീവിക്കും എന്നത് വല്ലാത്ത അവസ്ഥ തന്നെയായിരുന്നു. അന്ന് മാത്രമല്ല, പ്രളയം വന്ന സമയത്തും കാട്ടിനുള്ളിലേക്കെത്തിയുള്ള ക്യാംപുകൾക്കൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. 

ഞാൻ വർക്ക് ചെയ്യുന്ന ഓരോ സ്ഥലങ്ങളും ഞാൻ തന്നെ തിരഞ്ഞെടുക്കുന്നതാണ്. അതുകൊണ്ടു തന്നെ എനിക്ക് െചയ്യാൻ പറ്റുന്നതിന്റെ മാക്സിമം അവിടെ ചെന്ന് ചെയ്യണം എന്നാഗ്രഹിക്കാറുണ്ട്. ഒരു പത്തു കൊല്ലം കഴിഞ്ഞു തിരിഞ്ഞു ചിന്തിക്കുമ്പോൾ എനിക്കത് ചെയ്യാമായിരുന്നു എന്ന് ആലോചിച്ചിട്ടു കാര്യമില്ല. അതുകൊണ്ടാണ് പറ്റുന്നതെല്ലാം ഇപ്പോൾ തന്നെ ചെയ്യാൻ ശ്രമിക്കുന്നത്. 

കാട് എപ്പോഴുമൊരു അഡ്വഞ്ചർ സോണാണ്. കാടിനുള്ളിൽ എന്തു സംഭവിക്കും എന്നു പറയാൻ പറ്റില്ല. ഫോണില്ല. വീട്ടിലെ കാര്യങ്ങൾ കോർഡിനേറ്റ് ചെയ്യാൻ പറ്റില്ല. അതുകൊണ്ടു തന്നെ പലരും എങ്ങനെയാണ് ഈ ജോലി ചെയ്യാൻ പറ്റുന്നതെന്ന് ചോദിച്ചിരുന്നു. എന്നാൽ എനിക്ക് അഡ്വഞ്ചറായിട്ടുള്ള കാര്യങ്ങൾ ചെയ്യാൻ ഇഷ്ടമാണ്. ജോലിയൊക്കെ കിട്ടി കുറച്ചു വൈകിയാണ് ഞാൻ എന്നെ തന്നെ എക്സ്പ്ലോർ ചെയ്യാൻ തുടങ്ങിയത്. അതുകൊണ്ടാണ് അവസരം കിട്ടിയപ്പോൾ കാട്ടിൽ പോകാമെന്ന് കരുതിയത്. ഭയങ്കര സാഹസികമായ ജോലിയായിരുന്നു. ഓരോ ദിവസവും എന്താണ് സംഭവിക്കുന്നതെന്ന് പറയാൻ പറ്റില്ല. ചിലപ്പോൾ കാട്ടിൽ കുടുങ്ങിപ്പോകും. അങ്ങനെയൊക്കെ സംഭവിച്ചിട്ടുമുണ്ട്. ഒരിക്കൽ ഞങ്ങളുടെ ഡീസൽ ടാങ്ക് പൊട്ടി കാട്ടിൽ കുടുങ്ങിയിട്ടുണ്ട്. പിന്നെ ആനക്കൂട്ടത്തിന്റെ മുന്നിൽ പെട്ടിട്ടുണ്ട്. അങ്ങനെ നമ്മൾ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും നടക്കും. ആദിവാസി മേഖലയിൽ കൂടുതൽ പ്രവർത്തിക്കുവാൻ വേണ്ടിയാണ് നിലമ്പൂർ എത്തിയത്. ഈ സ്ഥലം അങ്ങോട്ടു ചെന്ന് പ്രിഫർ ചെയ്യുകയായിരുന്നു. 

aswathy2
ഡോ.അശ്വതി സോമൻ, ചിത്രം:മനോരമ

ആദ്യകാലത്ത് അവരുെട പ്രശ്നങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടി
ആദിവാസി മേഖലയിലെല്ലാം തുടക്കത്തിൽ വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ നമ്മൾ അവിടെ പോയി പോയി അവർക്ക് നമ്മളോട് ഒരു അറ്റാച്ച്മെന്റ് വന്നിട്ടുണ്ട്. അവർക്ക് മലയാളം മനസ്സിലാവും. അവർ തമ്മിൽ സംസാരിക്കുന്നതും ഇപ്പോൾ മനസ്സിലാകുന്നുണ്ട്. ആദ്യമൊക്കെ അവരുടെ ഇടയിലെത്തിയപ്പോൾ ചെറിയൊരു പേടി ഉണ്ടായിരുന്നു. പിന്നെ പോകെ പോകെ അവരുമായി നല്ല ബന്ധം ഉണ്ടാക്കിയെടുത്തു. ഇപ്പോള്‍ അവരുടെ പ്രശ്നങ്ങളെല്ലാം നമ്മളുമായി പങ്കുവെക്കാറുണ്ട്. 

ഒരു സ്ത്രീ ആയതുകൊണ്ട് തന്നെ ഊരുകളിൽ എത്തുമ്പോൾ അതിന് പോസറ്റീവും നെഗറ്റീവും ഉണ്ട്. അവരുടെ ഇടയിൽ പുരുഷൻമാർ നമ്മളോട് അത്രയും സഹകരിക്കാറില്ല. അവർക്ക് ശാരീരികമായി എന്തെങ്കിലും അസുഖങ്ങൾ വന്നാൽ പറയില്ല. എന്റെ ശരീരം എന്റെ ഭാര്യ കണ്ടാൽ മതി എന്നുള്ള രീതിയാണ്. പക്ഷേ സ്ത്രീകൾ എല്ലാ കാര്യങ്ങളും പറയും. 

അവരുടെ ജീവിതരീതി നമ്മുടേതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. സ്വന്തം ജീവിതത്തിൽ അവർ തൃപ്തരാണ്. സന്തോഷത്തോടെയാണ് ജീവിക്കുന്നത്. നമുക്ക് എന്തുകിട്ടിയാലും തികയില്ല. അവരിൽ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. അവരുടെ ഇടയിൽ സ്ത്രീയെന്നോ പുരുഷനെന്നോ ഒന്നുമുള്ള വ്യത്യാസമില്ല. അവരുടെ കമ്മ്യൂണിറ്റിയിൽ ഒരു ഇക്വാലിറ്റി ഉണ്ട്. എന്തു പ്രശ്നങ്ങൾ വന്നാലും എല്ലാവരും ഒരുമിച്ച് നിന്നാണ് പരിഹാരം കാണുക. 

മണ്ണിൽ കിടന്നു ജീവിക്കുന്നതു കൊണ്ട് ചൊറി, ലെപ്രസി പോലുള്ള അസുഖങ്ങളൊക്കെ അവരുടെ ഇടയിൽ കൂടുതലാണ്. അത് കുറയ്ക്കാനായി നമ്മൾ അവിടെ ചെന്ന് കാര്യങ്ങൾ ചെയ്യണം. അവർക്ക് ബോധവത്ക്കരണം നടത്തണം. അതുപോലെ വിദ്യാഭ്യാസവും പ്രധാനപ്പെട്ടതാണ്. അവരുടെ കഴിവുകൾ മനസ്സിലാക്കി അതിനെ വളർത്തണം. അല്ലാതെ പുസ്തകം പഠിച്ച് പാസാവുക എന്നതല്ല ചെയ്യേണ്ടത്. അവരുടെ ഇടയിലുള്ള കഴിവുകൾ വ്യത്യസ്തമാണ്. ഒരു ആന വരുകയാണെങ്കിലോ എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയോ ചെയ്താൽ അവരത് വേഗം അറിയും. 

കാട്ടിനുള്ളിൽ പോയൊരു എജ്യുക്കേഷൻ സിസ്റ്റം ഇപ്പോൾ നമ്മുടെ നാട്ടിൽ ഇല്ല. പല എൻജിഒകളും പല കാര്യങ്ങളും ചെയ്യാൻ  ശ്രമിക്കുന്നുണ്ട്. ഗവൺമെന്റിന്റെ ചില സംഘടനകൾ വന്ന് വിദ്യാഭ്യാസത്തിനായി എന്തു ചെയ്യണം എന്നുള്ള വിശദാംശങ്ങൾ എടുത്തു പോകുന്നുണ്ട്. അതെല്ലാം വലിയ മാറ്റമാകുമെന്നാണ് കരുതുന്നത്. 

ജോലി ചെയ്യുക, കുറ്റം പറയാൻ ഒരുപാട് പേരുണ്ടാകും
നമ്മൾ എന്തു ചെയ്താലും നമ്മളെക്കുറിച്ചു നല്ലതു പറയുന്നവർ വളരെ കുറച്ചുപേർ മാത്രമേയുണ്ടാകു. എല്ലാവർക്കും നമ്മുെട കുറ്റും കണ്ടുപിടിക്കാനാണ് താൽപര്യം. ഈ പറഞ്ഞ കാര്യങ്ങൾ വേറൊരു ആംഗിളിൽ പറയുകയാണെങ്കിൽ എന്റെ ജോലി തന്നെയല്ലേ ഞാൻ ചെയ്യുന്നത്. നമ്മൾ ചെയ്യുന്ന കാര്യം വളരെ ആത്മാർഥമായി ചെയ്തു എന്നുള്ളതാണ് ഞാൻ ചെയ്തു കൊണ്ടിരിക്കുന്നത്. എല്ലാവരും ജോലി ചെയ്യുന്നുണ്ട്. രാവിലെ വരുന്നുണ്ട്. ഞാൻ മാത്രമല്ല എന്റെ മുന്നേ ഇവിടെയുണ്ടായിരുന്ന എന്റെ അതേ പോസ്റ്റിലുണ്ടായിരുന്ന ആളുകളും കാട്ടിൽ പോകുന്നുണ്ട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. തിരിച്ചു വരുന്നുണ്ട്. ഞാൻ ചെയ്യുന്നത് വാർത്തയാകുന്നു. അത് ഞാൻ പറഞ്ഞിട്ട് വരുന്നതല്ല. ഞാൻ ഫേസ്ബുക്കിൽ എന്റെ യാത്രകളെക്കുറിച്ച് ഇട്ടിട്ടുണ്ട്. അല്ലാതെ എന്റെ രോഗികളെ കുറിച്ച് അല്ല എഴുതിയിട്ടത്. പ്രളയത്തിൽ ഞാൻ ചെയ്ത കാര്യങ്ങൾ വച്ച് കളക്ടറുടെ കയ്യില്‍ നിന്ന് അപ്രിസിയേഷൻ ലെറ്റർ വരെ കിട്ടിയിട്ടുണ്ട്. 

aswathy1
ഡോ.അശ്വതി സോമൻ, ചിത്രം:മനോരമ

ജോലി വേറെ കുടുംബം വേറെ, അവർക്കൊപ്പവും സമയം ആവശ്യമാണ്
ഞാൻ ആദിവാസി മേഖലയില്‍ വർക് ചെയ്തു. എന്റെ ഡ്യൂട്ടി ടൈം 9–2 ആണ്. ചില സമയത്ത് 2 മണിക്കൊന്നും എത്താൻ പറ്റില്ല. 6 മണിയൊക്കെയാകും വീട്ടിലെത്തുമ്പോൾ. ജോലി ചെയ്യുമ്പോൾ പൂർണമായും അതിൽ ശ്രദ്ധിക്കുന്നു. എന്നു വച്ച് എന്റെ മുഴുവൻ ജീവിതവും ജോലിക്ക് വേണ്ടി മാറ്റിവച്ചതല്ല. ഞാൻ രണ്ടു കുട്ടികളുടെ അമ്മയാണ്. ഭാര്യയാണ്. എന്റെ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ ഞാൻ ആസ്വദിക്കുന്നു. അവധി ദിവസങ്ങളിൽ ഒരുമിച്ചു യാത്രകൾ പോകാറുണ്ട്. നമുക്കു തന്നെ ഒരു റിഫ്രെഷ്മെന്റാണ് ആ ഹോളിഡേകൾ തരുന്നത്. ബ്രേക്ക് വേണം. അല്ലാതെ രാവിലെ 8 തൊട്ട് പത്തു വരെ ഞാനിതു മാത്രമേ ചെയ്യൂ എന്നുള്ളത് ശരിയല്ല. നമ്മള്‍ ഈ നിമിഷം മരിച്ചാലും ജീവിച്ചില്ലല്ലോ എന്നോർത്ത് സങ്കടം ഉണ്ടാകാൻ പാടില്ല. 

ജോലിയോടൊപ്പം തന്നെ ഞാൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ട് പരസ്യവും ഒരു ഷോർട് ഫിലിമും സംവിധാനം ചെയ്തിട്ടുമുണ്ട്. ഒരു സിനിമ സംവിധാനം ചെയ്യണം എന്നത് വലിയ ആഗ്രഹമാണ്. ഒപ്പം പിജിയും ചെയ്യണം. രണ്ടു സിനിമകളുടെ സ്ക്രിപ്റ്റിങ് നടന്നുകൊണ്ടിരിക്കുന്നു. എഴുതാറുമുണ്ട്. സമയം കിട്ടുന്നില്ല എന്നതാണ് പ്രശ്നം. പിന്നെ കുറച്ചു മടിയുമുണ്ട്. നെറ്റ്ഫ്ലിക്സിൽ എല്ലാ വെബ്സീരീസുകളും കാണാറുണ്ട്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നു പറഞ്ഞതുപോലെയാണ്. 

നമ്മുടെ ലൈഫിലെ പ്രയോറിറ്റീസ് എന്തെല്ലാമാണെന്ന് എല്ലാവരും മനസ്സിലാക്കണം. എനിക്ക് ജോലി പ്രധാനമാണ്. അതിലുമുപരി എന്റെ കുടുംബവും. എന്റെ മക്കൾക്ക് അസുഖമാണെങ്കിൽ ഞാൻ ലീവെടുക്കണമെങ്കിൽ ലീവെടുക്കും. അതുവച്ച് ഒരാൾ എന്നെ വിലയിരുത്താൻ വന്നാൽ എനിക്കു പ്രശ്നമില്ല. എന്റെ പ്രയോറിറ്റി ഇതാണ്. നമ്മള്‍ നമ്മളെ തന്നെ മനസ്സിലാക്കണം. എന്നിട്ടു വേണം കാര്യങ്ങൾ പ്ലാൻ ചെയ്യാൻ. ഓരോരുത്തർക്കും ഓരോ ലൈഫാണ്. ഓരോ ഇഷ്ടങ്ങളാണ്. അത് പ്രയോററ്റൈസ് ചെയ്തു വേണം ജീവിക്കാന്‍. ആഗ്രഹങ്ങൾ എത്തിപ്പിടിക്കാതിരിക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്. നമ്മൾ നമ്മളെ മനസ്സിലാക്കി നമ്മുടെ ആഗ്രഹങ്ങൾക്കു വേണ്ടി സമയം കണ്ടെത്തിയാൽ ജീവിതത്തിൽ എല്ലാം സാധ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com