‘തളരില്ല, പാളിച്ച വന്നാലും ശ്രമിച്ചുകൊണ്ടേയിരിക്കും’; അക്ഷരങ്ങളെ കൂട്ടുപിടിച്ച് ജീവിതത്തോട് പൊരുതി റഫ്സാന
Mail This Article
‘‘എനിക്കു പറ്റുന്നതുപോലെ പുതിയ കാര്യങ്ങൾ പഠിക്കും. പാളിച്ചകൾ പറ്റിയേക്കാം. പക്ഷേ ഞാൻ തളരില്ല, കൈവഴങ്ങും വരെ ഞാൻ ശ്രമിച്ചുകൊണ്ടേയിരിക്കും’’. ജീവിതത്തെ, അതിലെ സന്തോഷങ്ങളെ, വേദനകളെ അക്ഷരങ്ങളിലേക്കു പകർത്താൻ ശ്രമിച്ച ഒരു ഇരുപത്തിനാലുകാരി 2022 ൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചിട്ട വരികളാണിത്. റഫ്സാന ഖാദർ എന്നാണ് ആ പെൺകുട്ടിയുടെ പേര്. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും തളരാതെ കൈവഴങ്ങും വരെ റഫ്സാന എഴുത്തുകാരിയാവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒരിക്കൽ സ്വപ്നം കണ്ടതുപോലെ ഇന്ന് എഴുത്തുകാരിയായി; ‘ജിന്ന് നൂനയുടെ സ്വന്തം’ എന്ന നോവലിന്റെ സ്രഷ്ടാവായി.
കണ്ണൂരിലെ കണ്ണപുരം സ്വദേശിനിയാണു റഫ്സാന. കെ.അബ്ദുൽ ഖാദറിന്റെയും കെ.പി.മറിയുമ്മയുടെയും മകൾ. ചെറിയപ്രായത്തിൽത്തന്നെ സെറിബ്രൽ പാൾസി ബാധിതയായ റഫ്സാന അക്ഷരങ്ങളെ കൂട്ടുപിടിച്ചു താണ്ടുന്നതു തന്റെ രോഗാവസ്ഥയെക്കൂടിയാണ്. എഴുത്തിന്റെ തുടക്കകാലം അത്ര എളുപ്പമായിരുന്നില്ല റഫ്സാനയ്ക്ക്. ഫോണിൽ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. കൈ വഴങ്ങുമായിരുന്നില്ല. തുടർച്ചയായ പരിശ്രമങ്ങളിലൂടെ അതും സ്വായത്തമാക്കി റഫ്സാന. ഏതു പ്രതിസന്ധിക്കിടയിലും ഇഷ്ടങ്ങളെ ചേർത്തുപിടിക്കാനാണു തന്റെ ജീവിതത്തിലൂടെ ഈ പെൺകുട്ടി തനിക്കു ചുറ്റുമുള്ളവരോടും തന്നെപ്പോലുള്ളവരോടും പറയുന്നത്.
ജിന്ന് നൂനയുടെ സ്വന്തം
യാത്രകൾ ഒരുപാട് ഇഷ്ടമാണ്. എന്നാൽ റഫ്സാനയെ സംബന്ധിച്ച് യാത്രകൾ അത്ര എളുപ്പമല്ലതാനും. അധികം യാത്രകളൊന്നും റഫ്സാന നടത്തിയിട്ടുമില്ല. എന്നാൽ തന്റെ ജീവിതത്തിൽനിന്നും വ്യത്യസ്തമായി, തന്റേടിയായ ഒരു പെൺകുട്ടിയുടെ യാത്രയാണു ‘ജിന്ന് നൂനയുടെ സ്വന്തം’ എന്ന നോവലിലെ പ്രമേയം. സെറിബ്രൽ പാൾസി രോഗാവസ്ഥയുടെ പ്രതിസന്ധികളെ സധൈര്യം മറികടന്നാണു നോവലിലെ നൂന ഫാത്തിമയുടെ യാത്രകളിലേക്ക് റഫ്സാന ഇറങ്ങിനടന്നത്. യാത്രകളെ പ്രണയിച്ച റഫ്സാന, നൂന ഫാത്തിമയുടെ സഞ്ചാരത്തിലൂടെ തന്റെയും യാത്ര തുടർന്നു. ഇതുവരെ കാണാത്തതും അറിയാത്തതുമായ അനേകം സ്ഥലങ്ങളിൽ ചുറ്റിത്തിരിഞ്ഞു
എഴുത്തിന്റെ വഴി
ചെറുപ്പം മുതലേ എഴുത്ത് റഫ്സാനയ്ക്കൊപ്പമുണ്ട്. കവിതകളും കഥകളും കുഞ്ഞുനാളിലേ ബുക്കിൽ എഴുതിവയ്ക്കും. സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് എടുത്ത ശേഷമാണ് എഴുത്ത് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവയ്ക്കാൻ തുടങ്ങിയത്. ഫെയ്സ്ബുക്കിലെ ‘എന്റെ തുലിക’ എന്ന ഗ്രൂപ്പിൽ എഴുത്തുകൾ പങ്കുവയ്ക്കുമായിരുന്നു. സഹോദരി റാഹിമ മുത്തസിസാണ് ഈ ഗ്രൂപ്പ് റഫ്സാനയെ പരിചയപ്പെടുത്തുന്നത്. ഗ്രൂപ്പിൽ എഴുത്തുകൾ പങ്കുവയ്ക്കുമ്പോൾ നിരവധി അഭിനന്ദനങ്ങൾ കിട്ടിത്തുടങ്ങി. കോവിഡ് കാലത്തു കുറച്ചുംകൂടി എഴുത്തിനായി സമയം കിട്ടി.
ഒടുവിൽ ആഗ്രഹിച്ച പോലെ റഫ്സാനയുടെ എഴുത്തുകൾ അച്ചടി മഷി പുരണ്ടു. സൃഷ്ടിപഥമായിരുന്നു പ്രസാധകർ. ഓഗസ്റ്റ് മൂന്നിന് കല്യാശേരി എംഎൽഎ എം.വിജിൻ പുസ്തക പ്രകാശനം നിർവഹിച്ചു. അതും താൻ പഠിച്ച സ്കൂളിൽവച്ച്. ചെറുകുന്ന് ജിജിവിഎച്ച്എസ്എസ് സ്കൂളിൽവച്ചായിരുന്നു ചടങ്ങ്. എഴുത്തിന്റെ വഴി ഷാർജ ബുക്സ് ഫെസ്റ്റിവലിലും റഫ്സാനയെ എത്തിച്ചു. യുഎഇയിലെ മുതിർന്ന എഴുത്തുകാരനായ ശിഹാബ് ഗാനിം ആയിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. നല്ല അനുഭവമായിരുന്നു അതെന്ന് റഫ്സാന പറഞ്ഞു.
പുതിയ ലോകം, കുറെ കൂട്ടുകാർ, എവിടെയും പോവാം, ഒറ്റയ്ക്കാണെങ്കിലും പോവാം. അത്ര നല്ല അനുഭവമായിരുന്നു റഫ്സാനയ്ക്ക് യുഎഇ സമ്മാനിച്ചത്. ഭിന്നശേഷി സൗഹൃദമാണ് യുഎഇയെന്നും റഫ്സാന പറയുന്നു. ഇനി വരാനുള്ളത് ക്രൈംത്രില്ലറാണ്. നിലവിൽ തീവണ്ടിയെന്നാണ് പേരിട്ടിരിക്കുന്നത്. അതിനായുള്ള ഒരുക്കത്തിലാണ് റഫ്സാന. ഉമ്മ മറിയുമ്മയും ഉപ്പ അബ്ദുൽ ഖാദറും സഹോദരിമാരായ റാഹിമ മുത്തസിസും ഹനയും എഴുത്തിനു നല്ല പ്രോത്സാഹനമാണെന്ന് റഫ്സാന പറയുന്നു.
ഒന്നും തടസ്സമല്ല
മാടായി ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്നാണു റഫ്സാന ബിരുദം നേടിയത്. മലയാളത്തിലായിരുന്നു ഡിഗ്രി. സാഹിത്യത്തോടുള്ള താൽപര്യമാണു മലയാളത്തിൽ ഡിഗ്രി എടുക്കാൻ കാരണം. ജീവിതത്തിൽ ഏറ്റവും ആസ്വദിച്ച കാലം കോളജ് കാലഘട്ടമായിരുന്നെന്ന് റഫ്സാന പറയുന്നു. സുഹൃത്തുക്കളൊക്കെ വളരെയധികം പിന്തുണച്ചിരുന്നു. പറയുന്നത് എഴുതിയെടുക്കുകയും തെറ്റുണ്ടെങ്കിൽ പറഞ്ഞുതരുകയും ചെയ്യുമായിരുന്നു.
വൈക്കം മുഹമ്മദ് ബഷീറാണ് റഫ്സാനയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ. പാത്തുമ്മയുടെ ആടാണ് പ്രിയപ്പെട്ട കഥ. ഷെർലക് ഹോംസിന്റെ ആരാധിക കൂടിയാണ് റഫ്സാന. ക്രൈം സ്റ്റോറികൾ വളരെയധികം ഇഷ്ടമാണ്. എഴുത്തൊക്കെ മൂഡിന് അനുസരിച്ചാണെന്ന് റഫ്സാന പറയുന്നു. ഒറ്റയ്ക്കു തന്നെയാണു എഴുതുന്നത്. ഒന്നുകിൽ ഫോണിൽ ടൈപ്പ് ചെയ്യും അല്ലെങ്കിൽ ബുക്കിൽ എഴുതും. ശാരീരിക ബുദ്ധിമുട്ടുകളൊന്നും എഴുത്തിനൊരു തടസ്സമേയല്ല. തന്നെപ്പോലുള്ള ഒരുപാട് കുട്ടികളെ അറിയാമെന്നും അവരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും റഫ്സാന പറയുന്നു.