തുടക്കം 80 രൂപയിൽ, ഇന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്ന ബിസിനസുകാരി; ഇതൊരു വീട്ടമ്മയുടെ ബിരിയാണിക്കഥ
Mail This Article
2016 ൽ ബിരിയാണി വിളമ്പുന്ന ക്ലൗഡ് കിച്ചൻ ആരംഭിക്കുമ്പോൾ നാസ് അഞ്ജും എന്ന ഹൈദരാബാദുകാരി വീട്ടമ്മ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല താൻ ഒരിക്കൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന സംരംഭകയായി മാറുമെന്ന്. തന്റെ വീട്ടിൽ നിന്ന് വെറും 80 രൂപ മുതൽ മുടക്കിൽ തയാറാക്കിയ ബിരിയാണിയുമായി ഒരു ക്ലൗഡ് കിച്ചൺ ആരംഭിച്ച നാസ് അജ്ഞും ഇന്ന്, 20,000-ത്തിലധികം ഓർഡറുകൾ എടുത്ത്, പ്രതിമാസം ഒരു ലക്ഷം രൂപ വരെ സമ്പാദിക്കുന്നു.
ആദ്യ പ്രണയത്തെ കൈവിടാതെ
വിവാഹശേഷം 2010ൽ ഹൈദരാബാദിലേക്ക് താമസം മാറിയ നാസ് അഞ്ജും തന്റെ ആദ്യ പ്രണയമായ പാചകത്ത കൈവിടാൻ തയാറായിരുന്നില്ല. തൊഴിൽപരമായി ടെക്സ്റ്റൈൽ എഞ്ചിനീയറായ അവർക്ക് പക്ഷേ വ്യക്തിപരമായ കാരണങ്ങളാൽ കരിയർ തുടരാനായില്ല. സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂറിന്റെ ക്ലാസുകളിൽ പങ്കെടുത്തത് പാചകത്തിൽ പുതിയ തലങ്ങൾ തേടാൻ നാസിനെ സഹായിച്ചു.
അയൽക്കാരുടെ ഡിന്നർ പാർട്ടികൾക്കും മറ്റും ബിരിയാണി ഉണ്ടാക്കി നൽകിയപ്പോൾ എല്ലാവരും അതിന്റെ ആരാധകരായി മാറി. പിന്നീട് ടിഫിനുകൾ ഉണ്ടാക്കി നൽകാൻ അയൽക്കാർ ആവശ്യപ്പെട്ടതോടെ നാസിന്റെ ഭക്ഷണ ബിസിനസിലേക്കുള്ള യാത്ര ആരംഭിച്ചു. അങ്ങനെയാണ് ഹൈദ്രാബാദിലെ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ ക്ലൗഡ് കിച്ചണുകളിൽ ഒന്നായി മാറിയ ‘അഞ്ജൂംസ് കിച്ചൻ’ എന്ന സ്ഥാപനം പിറവിയെടുക്കുന്നത്. 2016-ൽ ആദ്യ ഓർഡർ മുതൽ ഇതുവരെ ഈ ഹോം കിച്ചൻ 20,000 ഓർഡറുകൾ ഡെലിവർ ചെയ്തിട്ടുണ്ട്.
രുചിയേറിയ ഭക്ഷണം - ഹൃദയത്തിലേക്കുള്ള വഴി
ബിരിയാണിയിൽ നിന്നു തന്നെയായിരുന്നു ഈ വീട്ടമ്മയുടെ തുടക്കം. എങ്കിലും പാചകത്തോട് അടങ്ങാത്ത അഭിനിവേശമുള്ള നാസ് എപ്പോഴും പുതിയ വിഭവങ്ങൾ പരീക്ഷിച്ചു കണ്ടെത്തുന്നതിൽ വ്യാപൃതയായിരുന്നു. ഇന്നുവരെ നാസ് വിളമ്പിയ എല്ലാ വിഭവങ്ങളും സൂപ്പർഹിറ്റാണ്. എന്നും രാവിലെ 4:30ന് പ്രഭാത പ്രാർഥനയോടെയാണ് നാസിന്റെ ഒരു ദിവസം ആരംഭിക്കുന്നത്, തുടർന്ന് 6 മണിക്ക് മൂന്നു കുട്ടികൾക്കും ഭർത്താവിനും വേണ്ട പ്രഭാത ഭക്ഷണവും മറ്റും ഉണ്ടാക്കുന്നു. അവർ പോയിക്കഴിഞ്ഞാൽ, തന്റെ ബിസിനസിലേക്ക് 9 മണിയോടുകൂടി പ്രവേശിക്കുകയായി. നാസ് എന്ന വീട്ടമ്മയുടെ ആത്മവിശ്വാസവും കഠിനാധ്വാനവുമാണ് അഞ്ജൂംസ് കിച്ചണിനെ ഇത്രയധികം വിജയിപ്പിച്ചത് എന്നതിൽ സംശയമില്ല. വെറും ഒരു ബിരിയാണിയിൽ നിന്നും പ്രതിദിനം 25-50 ഓർഡറുകൾ വരെ ഇന്ന് എത്തി നിൽക്കുന്നു. അതിൽ ദിവസേനയുള്ള ടിഫിനുകളും ബിരിയാണികളും ഉൾപ്പെടുന്നു. പാർട്ടി ഓർഡറുകളും ഡെസേർട്ട് ഓർഡറുകളും അവർക്കിന്ന് ലഭിക്കുന്നുണ്ട്.
യാതൊരുവിധ മാർക്കറ്റിംഗ് സ്ട്രാറ്റജിയുമില്ലാതെ വളർന്ന സംരംഭമാണിത്. ഭക്ഷണം കഴിച്ചവർ മറ്റുള്ളവരിലേക്ക് പകർന്നു നൽകിയ വാക്കുകളാണ് നാസ് അജ്ഞും എന്ന വീട്ടമ്മയുടെ വിജയപാത. തുടങ്ങിയപ്പോൾ, ഇത്രയധികം വളരുമെന്ന് ആരും കരുതിയിരുന്നില്ല. സത്യത്തിൽ ഒരു ഒറ്റയാൾ സൈന്യം തന്നെയാണ് ഈ സംരംഭത്തിന് പിന്നിൽ. തുടക്കത്തിൽ പാചകം മുതൽ ഡെലിവറി വരെ എല്ലാം അവൾ തന്നെയാണ് ചെയ്തിരുന്നത്. എന്നാൽ തിരക്കും ഓർഡറുകളും ഏറിയപ്പോൾ മറ്റ് ജീവനക്കാരെ കൂടി നിയമിച്ചു. ഇന്ന് അങ്ങേയറ്റം മത്സരാധിഷ്ഠിതമായ ക്ലൗഡ് കിച്ചൺ ബിസിനസിൽ അഞ്ജൂമിനെ അതിജീവിക്കാൻ പ്രേരിപ്പിച്ചത് ഈ വീട്ടമ്മയുടെ ഭക്ഷണ വിഭവങ്ങളിലുള്ള നിരന്തരമായ കണ്ടുപിടുത്തങ്ങളാണ്. തിരക്കിനിടയിലും വിദേശത്ത് താമസിക്കുന്നവർക്കായി ഓൺലൈൻ പാചക ക്ലാസുകൾ നടത്താൻ അഞ്ജും സമയം കണ്ടെത്തുന്നുണ്ട്. പാചകത്തോടുള്ള പ്രണയം ഈ വീട്ടമ്മയെ ഇന്ന് ജീവിതത്തിലെ വലിയൊരു വിജയിയാക്കി മാറ്റിയിരിക്കുകയാണ്.