‘ഡോക്ടർ എന്താകണമെന്നും ആകരുതെന്നും പഠിപ്പിച്ചത് ആ ദിവസങ്ങൾ’: രോഗിയല്ല, പോരാളിയാണ് അർച്ചന
Mail This Article
“നമുക്ക് എന്തെങ്കിലും കുറവുകളുണ്ടെന്ന് നമുക്കുതന്നെ തോന്നിത്തുടങ്ങുന്നിടത്താണ് ലിമിറ്റേഷനുകളും ഫുൾസ്റ്റോപ്പുകളും ഉണ്ടാകുന്നത്. കുറവുകളെക്കാൾ എല്ലാവർക്കും എന്തെങ്കിലുമൊക്കെ കഴിവുകൾ ഉണ്ടെന്ന് വിശ്വസിക്കുകയും അതിലേക്ക് എത്താൻ പരിശ്രമിക്കുകയുമാണ് ചെയ്യേണ്ടത്. എന്റെ രോഗമായിരുന്നു എനിക്കു മുന്നേറാൻ തടസമായി പലരും കണ്ടത്. എന്നാലതിനെ പിന്നിലാക്കിയാണ് ഞാനിന്ന് നിൽക്കുന്നത്. നിങ്ങളുടെ കുറവുകളെ മാറ്റിനിർത്തി കഴിവുകളിലേക്കു നോക്കൂ. വിജയം ഉറപ്പ്’’
ഈ വാക്കുകൾ ഇത്രയും നാൾ ഒരു രോഗിയായി മാത്രം ലോകം കണ്ട ഒരു പെൺകുട്ടിയുടേതാണ്. ഇന്നവൾ രോഗിയല്ല, രോഗത്തെ ചികിത്സിക്കുന്ന ഡോക്ടറാണ്. ഡോക്ടർ കുപ്പായത്തിലേക്കുള്ള അർച്ചനയുടെ പ്രയാണം പക്ഷേ കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെയായിരുന്നുവെന്ന് മാത്രം. പാലക്കാട്ടുകാരി ഡോ. അർച്ചന വിജയൻ– കഴിയില്ലെന്നും കഴിവില്ലെന്നും കുറ്റപ്പെടുത്തിയവരുടെ മുന്നില്‍ നിശ്ചയദാർഢ്യവും മനക്കരുത്തും കൂട്ടുപിടിച്ച് പോരാടി നേടിയ വിജയത്തിന്റെ പേരാണത്. രോഗിയായി ജീവിതം മുഴുവൻ ഹോമിക്കേണ്ടിവരുമായിരുന്ന ഘട്ടത്തിൽനിന്ന് തന്റെ കഴിവുകൊണ്ടു നേടിയെടുത്തതാണ് അർച്ചന ഈ ഡോക്ടർ കുപ്പായം.
രോഗത്തോടു പോരാടി ഡോക്ടറായവൾ
ഓർമവച്ച നാൾ മുതൽ അർച്ചന തന്റെ ദിവസങ്ങളിലധികവും ചെലവഴിച്ചത് ആശുപത്രികളിലായിരുന്നു. സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന രോഗമാണ് അർച്ചനയ്ക്ക്. ഈ അസുഖത്തെക്കുറിച്ച് നമ്മുടെ നാട്ടിൽ കേട്ടുകേള്‍വി പോലുമില്ലാത്ത കാലത്ത് തുടങ്ങിയതാണ് അര്‍ച്ചനയുടെ പോരാട്ടം. നന്നേ ചെറുപ്പത്തിൽത്തന്നെ അസുഖബാധിതയായതിനാൽ നല്ല ബാല്യകാല ഓർമകളൊന്നും തനിക്കില്ലെന്ന് അർച്ചന പറയുന്നു. മറ്റു കുട്ടികൾ ഓടിക്കളിക്കുന്നത് കണ്ടുകൊണ്ട് വീടിനുള്ളിൽ ഇരിക്കാനായിരുന്നു അർച്ചനയുടെ വിധി. എന്നാൽ മകൾ വിഷമിക്കാതിരിക്കാൻ അവളുടെ മാതാപിതാക്കൾ ധാരാളം പുസ്തകങ്ങളും പാട്ടുകളുമെല്ലാം സമ്മാനിക്കാൻ തുടങ്ങി. അങ്ങനെയാണ് സംഗീതവും അർച്ചനയുടെ കൂട്ടുകാരിയാകുന്നത്. പഠനത്തില്‍ മാത്രമല്ല,സാഹിത്യത്തിലും പിന്നണി ഗാനരംഗത്തും കഴിവുതെളിയിക്കാൻ അർച്ചനയ്ക്ക് കരുത്തായത് മാതാപിതാക്കളാണ്.
കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന ജനിതക വൈകല്യമായ സ്‌പൈനൽ മസ്‌കുലാർ അട്രോഫി രോഗനിർണയം നടത്തുമ്പോൾ അർച്ചനയ്ക്ക് രണ്ടു വയസ്സായിരുന്നു. ഫിസിയോതെറാപ്പിയിലൂടെ അർച്ചനയുടെ അവസ്ഥ മറികടക്കാൻ കഴിയുമെന്നായിരുന്നു ആദ്യം ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ അഞ്ചുവയസ്സ് കഴിഞ്ഞപ്പോഴാണ് അവൾക്ക് ചെറുതായി നടക്കാൻ പോലും സാധിച്ചത്. മകളെ ഭിന്നശേഷിക്കാർക്കുള്ള സ്പെഷൽ സ്കൂളിൽ ചേർക്കാൻ അച്ഛൻ വിജയൻ തയാറല്ലായിരുന്നു. അർച്ചനയ്ക്ക് നഴ്സറി വിദ്യാഭ്യാസം നഷ്ടമായെങ്കിലും, പാലക്കാട്ട് പോസ്റ്റ്മാനായി ജോലി ചെയ്തിരുന്ന വിജയൻ മകൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കി. സ്കൂൾ ജീവിതത്തിലെ ആദ്യ കാലങ്ങൾ കുറച്ച് കഠിനമായിരുന്നുവെങ്കിലും പ്രതിസന്ധികളെ മറികടക്കാൻ അന്നേ കൊച്ചു മിടുക്കിക്കു കഴിഞ്ഞിരുന്നു.
എട്ടാം ക്ലാസിൽ സ്കൂൾ മാറേണ്ടിവന്നപ്പോഴും അർച്ചനയ്ക്ക് മുന്നിൽ പ്രതിസന്ധികൾ അനേകമായിരുന്നു. ‘‘സ്കൂളിൽ ഇന്ത്യൻ ടോയ്‌ലറ്റുകളായിരുന്നു, പക്ഷേ അത് ഭിന്നശേഷിസൗഹൃദമായിരുന്നില്ല. എനിക്ക് അത് ഉപയോഗിക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ സ്കൂൾ അധികൃതർ എനിക്കായി ഒരു വെസ്റ്റേൺ ടോയ്‌ലറ്റ് ഏർപ്പാടാക്കി. 8, 9, 10 ക്ലാസുകൾ ഒരേ ക്ലാസ് മുറിയിൽത്തന്നെ ഇരുന്നു പഠിക്കാൻ എന്നെ അനുവദിച്ചു. അതുകൊണ്ട് അധികം നടക്കാതെയും മറ്റും എനിക്ക് എല്ലാം ചെയ്യാൻ പറ്റുമായിരുന്നു’’. തന്റെ സ്കൂൾ കാലഘട്ടം അർച്ചന വിവരിക്കുന്നത് ഇങ്ങനെയാണ്.
പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയാണ് അർച്ചന വിജയിച്ചത്. എന്നാൽ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അർച്ചനയുടെ ദുരിതങ്ങൾ കൂടുതൽ വഷളായി. തന്റെ രോഗത്തിന്റെ പേരിൽ ആദ്യമായി വിവേചനം നേരിട്ടത് അതിനു പിന്നാലെയായിരുന്നു. ഭിന്നശേഷിക്കാരിയായതു കൊണ്ട് സയൻസ് പഠിക്കാൻ അനുവദിക്കാത്തത് അവളെ നൊമ്പരപ്പെടുത്തി. എന്നാൽ തന്റെ തീരുമാനത്തിൽ അർച്ചന ഉറച്ചുനിന്നതിനാൽ മാതാപിതാക്കളുടെ പിന്തുണയോടെ പാലക്കാട് കൊടുവായൂരിലുള്ള സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ സയൻസിനു പ്രവേശനം ലഭിച്ചു. ഭിന്നശേഷിയുള്ള വ്യക്തിയെന്ന നിലയിൽ ഡോക്ടറാകുക എന്നത് എളുപ്പമല്ലെന്ന് അർച്ചനയ്ക്ക് അറിയാമായിരുന്നു. എന്നാൽ അത് ഒരിക്കലും അസാധ്യമായി അവൾക്ക് തോന്നിയില്ല.
സ്നേഹം ശക്തമായ, ജീവൻ രക്ഷിക്കുന്ന മരുന്നാണ്
“എന്റെ അച്ഛൻ ഒരു പോസ്റ്റ്മാനാണ്. അമ്മ വീട്ടമ്മയും. എന്റെ കുടുംബത്തിൽ ആരും മെഡിസിൻ പഠിച്ചിട്ടില്ല. കുടുംബത്തിലെ ആദ്യ ഡോക്ടർ ആകുക എന്നതു മാത്രമായിരുന്നില്ല എന്റെ ലക്ഷ്യം. ജീവിതത്തിന്റെ നല്ലൊരു പങ്കും ആശുപത്രികളിലും ഡോക്ടർമാർക്കുമൊപ്പവും ചെലവഴിച്ചപ്പോഴാണ് ഞാൻ ഡോക്ടർ ആകണമെന്ന് തീരുമാനിച്ചത്. ഒരു ഡോക്ടർ എങ്ങനെ ആകണമെന്നും ആയിരിക്കരുതെന്നും എന്റെ അനുഭവങ്ങൾ പഠിപ്പിച്ചുതന്നു. മറ്റുള്ളവരെ കേൾക്കാനുള്ള കഴിവ് ഒരു ഡോക്ടർക്ക് ഉണ്ടായിരിക്കണം. മരുന്നു മാത്രമല്ല, രോഗിക്കു വേണ്ട മാനസിക പിന്തുണകൂടി നൽകാൻ ഡോക്ടർക്കു കഴിയണമെന്ന് ഞാൻ വിശ്വസിക്കുന്നു. യഥാർഥ ജീവിതത്തിൽ ഞാൻ ആകാൻ ആഗ്രഹിക്കുന്ന ഡോക്ടറുടെ ഒരു മാനസിക പ്രതിച്ഛായയുണ്ട്. നല്ല ശ്രോതാവിനെ തേടുന്ന എന്നെപ്പോലുള്ള രോഗികളുടെ പ്രതീക്ഷകൾ നിറവേറ്റാൻ ഞാൻ ആഗ്രഹിക്കുന്നു. രോഗികളോട് സ്നേഹത്തോടെയും സഹാനുഭൂതിയോടെയും പെരുമാറാൻ കഴിയുന്ന ഒരാൾ. അതാണ് ഞാൻ ആഗ്രഹിക്കുന്ന ഡോക്ടർ വേഷം’’.
രണ്ട് തവണ നീറ്റ് പരീക്ഷ പാസായിട്ടും ഫിറ്റ്നസിന്റെ പേരിൽ പുറന്തള്ളപ്പെട്ടയാളാണ് അർച്ചന. മെഡിസിൻ എന്ന സ്വപ്നം വേണ്ടെന്നു വയ്ക്കാനാണ് അന്ന് അധികൃതർ പറഞ്ഞത്. എന്നാൽ താൻ മെഡിക്കൽ ബിരുദം നേടാൻ അർഹതയുള്ളവളാണെന്ന് അർച്ചനയ്ക്ക് പൂർണവിശ്വാസമുണ്ടായിരുന്നു. ‘‘എനിക്ക് ഒരിക്കലും എംബിബിഎസിനു പഠിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ ആകെ തളർന്നുപോയി. എന്റെ സ്വപ്നങ്ങൾ ഒരു നിമിഷം കൊണ്ട് കരിഞ്ഞുണങ്ങിയതുപോലെ തോന്നി. ജീവിതകാലം മുഴുവൻ ഞാൻ ഈ സ്വപ്നത്തെ മാത്രം പിന്തുടരുകയായിരുന്നു. പ്ലാൻ ബി ഇല്ലായിരുന്നു. ഒരു ഡോക്ടർ ആകണമെന്നും അത് എന്തിനാണ് ആകുന്നതെന്നും എനിക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് ആദ്യം കുറച്ച് വിഷമിച്ചെങ്കിലും അത് ഉപേക്ഷിക്കാൻ ഞാൻ തയാറായില്ല.”
ഫുൾസ്റ്റോപ്പിനെ നോൺസ്റ്റോപ്പാക്കി മാറ്റിയ മിടുക്കി
2018 ൽ അർച്ചന ചെന്നൈയിലേക്കു പോയി, കഴിവുണ്ടെന്ന് അവിടുത്തെ മെഡിക്കൽ ബോർഡിനെ ബോധ്യപ്പെടുത്തിയ അവൾ ആ വർഷം നീറ്റ് വിജയിക്കുകയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശനം നേടുകയും ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് തന്റെ സ്വപ്നത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി അര്‍ച്ചന വിജയന്‍ ശരിക്കും വിജയിയായിരിക്കുന്നു. ഇനി ഹൗസ് സര്‍ജന്‍സിയും പീഡിയാട്രിയില്‍ എംഡിയും പൂര്‍ത്തിയാക്കി എസ്എംഎ ബാധിതര്‍ക്കുള്ള ഏറ്റവും മികച്ച ചികിത്സാ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര ആരംഭിക്കാൻ ഒരുങ്ങുകയാണ് ഈ മിടുക്കി.
സമൂഹം നൽകിയ ഫുൾസ്റ്റോപ്പിനെ നോൺ സ്റ്റോപ്പ് ആക്കി മാറ്റിയ മിടുക്കിയാണ് അർച്ചന. ‘‘നമ്മുടെ രാജ്യത്ത് ഇത്രയധികം ചെറുപ്പക്കാർ വിഷാദരോഗികളാകാൻ കാരണം അവർക്കു സംസാരിക്കാനോ ഹൃദയം തുറക്കാനോ ആരുമില്ലാത്തതാണ്. നിങ്ങൾ കണ്ടുമുട്ടുന്ന എല്ലാവരും ഉപദേശമോ സഹതാപമോ പരിഹാരമോ അല്ല അന്വേഷിക്കുന്നതെന്ന് മനസ്സിലാക്കണം. ആരെയും മുൻവിധിയോടെ വിലയിരുത്തരുത്. വിധിയെ ഭയപ്പെടാതെ നമുക്ക് പറയാനുള്ളത് ആരെങ്കിലും കേൾക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരു രോഗിക്കു കൊടുക്കാവുന്ന ഏറ്റവും മികച്ച മരുന്ന് അവനെ കേൾക്കാൻ സാധിക്കുക എന്നതാണ്. 90 ശതമാനം അസുഖവും അങ്ങനെ മാറും. ബാക്കി 10 ശതമാനം മരുന്നുകൊണ്ടും. സ്നേഹം ജീവൻ രക്ഷിക്കുന്ന ശക്തമായൊരു മരുന്നാണ്.’’ ഈ വാക്കുകൾ മതി അർച്ചനയെന്ന ഡോക്ടറെ മനസ്സിലാക്കാൻ. താൻ പകർന്നുകൊടുക്കാൻ ആഗ്രഹിക്കുന്ന സ്നേഹമെന്ന മരുന്ന് ആയിരങ്ങൾക്കു നൽകാൻ അർച്ചനയ്ക്ക് സാധിക്കട്ടെ…