‘രാഷ്ട്രീയത്തിൽ തടസങ്ങൾ നീങ്ങി’; സ്പെയിനിൽ പുതിയ ചരിത്രം കുറിച്ച് മാർ ഗൽസെറാൻ
Mail This Article
മാർ ഗാൽസെറാന്‍. സ്പെയിനിന്റെ ചരിത്രത്തിലെ നിറമുള്ളൊരേടാണ് 45കാരിയായ ഈ യുവതി. ഡൗൺ സിൻഡ്രോം ബാധിച്ചവർക്കായി ജീവിതമത്രയും പോരാടിയ അവൾ ഇന്ന് സ്പെയിനിലെ ഡൗൺ സിൻഡ്രോം ബാധിച്ച ആദ്യ പാർലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ചിരിക്കുകയാണ്. വലെൻസിയയിലെ റീജിയണൽ അസബ്ലിയിലേക്കാണ് മാർ ഗാൽസെറാന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
“ഡൗൺസ് സിൻഡ്രോം ഉള്ള ആളുകൾക്ക് ഒരുപാട് സംഭാവന ചെയ്യാനുണ്ടെന്ന് സമൂഹം കാണാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ ഇത് വളരെ നീണ്ട പാതയാണ്”. തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഗാൽസെറൻ പറഞ്ഞതാണിത്. അവളിലൂടെ ലോകം കാണുന്നതും ഒന്നിനും പറ്റില്ലെന്ന് കരുതി മാറ്റി നിർത്തിയവരുടെ അതിജീവനമാണ്. ജീവിതത്തിൽ ഡൗൺ സിൻഡ്രോം ബാധിച്ചവർക്ക് തണലേകാനും അവരുടെ ശബ്ദം പാർലമെന്റിൽ ഉയർത്താനുമാണ് ഗാൽസെറാന്റെ ശ്രമം.
18-ാം വയസ്സിലാണ് മാർ ഗാൽസെറാൻ സ്പെയിനിലെ കൺസർവേറ്റീവ് പീപ്പിൾസ് പാർട്ടിയിൽ അംഗമാകുന്നത്. പാരമ്പര്യത്തോടുള്ള പ്രതിബന്ധതയാണ് അവളെ കൺസർവേറ്റീവ് പീപ്പിൾസ് പാര്‍ട്ടിയിലേക്ക് ആകർഷിച്ചത്. ഗാൽസെറാൻ വർഷങ്ങളോളം മറ്റുള്ളവർക്കായി ജീവിതം മാറ്റിവച്ചു. ഡൗൺ സിൻഡ്രോം ബാധിച്ചവർക്ക് സഹായം നൽകുന്ന സംഘടനയിലെ കരുത്തുറ്റ നേതാക്കളിലൊരാളായിരുന്നു ഗാൽസെറാൻ. സംഘടനയിലൂടെ ഡൗൺ സിൻഡ്രോം ബാധിച്ചവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും തണലേകി.
കാലക്രമേണ പാർട്ടിയിലെ പല പ്രധാന നേതൃസ്ഥാനങ്ങളിലേക്കും ഉയർന്നു. കഴിഞ്ഞ മേയിലാണ് വലൻസിയയുടെ പ്രാദേശിക തിരഞ്ഞെടുപ്പിനുള്ള പിപിയുടെ പട്ടികയിൽ 20-ാമത്തെ സ്ഥാനാർഥിയായി ഗാൽസെറാൻ എത്തുന്നത്. തൊട്ടുപിന്നാലെയാണ് ഗാൽസെറന് പ്രാദേശിക പാർലമെന്റിൽ സീറ്റ് ലഭിച്ചത്. “സ്വാഗതം മാർ, തടസങ്ങൾ മറികടന്നു, രാഷ്ട്രീയത്തിന് വലിയ വാർത്ത’ എന്നാണ് അവള്‍ക്ക് സീറ്റ് ലഭിച്ചതിന് പിന്നാലെ പാർട്ടി നേതാവ് കാർലോസ് മാസോൺ സമൂഹ മാധ്യമത്തിൽ കുറിച്ചത്.
ഈ നേട്ടത്തിലൂടെ ഗാൽസെറൻ രാഷ്ട്രീത്തിൽ പുതു ചരിത്രമാണ് സൃഷ്ടിച്ചത്. ഇതുവരെ ഡൗൺ സിൻഡ്രോം ബാധിച്ച ചുരുക്കം ചിലർ മാത്രമാണ് രാഷ്ട്രീയത്തിൽ നേതൃസ്ഥാനത്തേക്കുയർന്നത്. സ്പെയിനിലെ ആദ്യ സിറ്റി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഡൗൺ സിൻഡ്രോം ബാധിച്ച ഏഞ്ചല ബാച്ചിലറാണ് ഗാൽസെറിന് രാഷ്ട്രീയ പാതയിൽ മാതൃകയായത്. 2013ലാണ് ഏഞ്ചല വടക്കൻ നഗരമായ വല്ലാഡോലിഡിൽ നിന്ന് സിറ്റി കൗൺസിലറായത്.
യൂറോപ്പിൽ ഒരു പ്രാദേശിക അല്ലെങ്കിൽ ദേശീയ പാർലമെന്റിൽ ചേരുന്ന ആദ്യ അംഗമാണ് ഗാൽസെറൻ എന്നാണ് സ്പെയിനിലെ ഡൗൺ സിൻഡ്രോം ഫെഡറേഷന്റെ റിപ്പോർട്ടുകള്‍.