വനിതാ ദിനം: വിദ്യാർഥിനികൾക്കു മത്സരവുമായി മനോരമ ഓൺലൈൻ; സൗജന്യ റജിസ്ട്രേഷൻ, വിജയികൾക്ക് ക്യാഷ് പ്രൈസ്
Mail This Article
ആത്മവിശ്വാസവും നേതൃപാടവവുമുള്ള വിദ്യാർഥിനികളാണോ നിങ്ങൾ? എന്നാൽ ഈ വനിതാദിനം നിങ്ങള്‍ക്കുള്ളതാണ്. കോളജ് വിദ്യാർഥിനികൾക്കായി ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന മത്സരങ്ങളിലെ വിജയികളെ കാത്തിരിക്കുന്നത് രണ്ടു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ്. മാർച്ച് ആറിന് ജെയിൻ യൂണിവേഴ്സിറ്റിയുടെ കൊച്ചി കാക്കനാട്ടെ ക്യാംപസിൽ വച്ചാണ് വനിതാദിനത്തോട് അനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ വിവിധ കോളജുകളിലെ പെൺകുട്ടികൾക്കായി നടത്തുന്ന മത്സരങ്ങൾക്കായി ഇപ്പോള്‍ത്തന്നെ സൗജന്യമായി റജിസ്റ്റർ ചെയ്യാം.
ക്വിസ്, ബ്രാൻഡിങ്, സിനിമാറ്റിക് ഡാൻസ്, ഡംഷരാട്സ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ഒരു ഇനത്തിൽ ഒരു കോളജിൽനിന്ന് ഒരു ടീം മാത്രമേ മത്സരിക്കാൻ പാടുള്ളൂ. വിവിധ മേഖലകളിൽ കയ്യൊപ്പു ചാർത്തിയ സ്ത്രീകളെ ഓർമിക്കാനുള്ള അവസരമാണ് ക്വിസ് മത്സരത്തിലൂടെ ഒരുക്കുന്നത്. ചോദ്യങ്ങളെല്ലാം സ്ത്രീകളുമായി ബന്ധപ്പെട്ടതായിരിക്കും. വിജയികൾക്ക് 15,000 രൂപയാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10,000, 7,500 വീതം രൂപ ലഭിക്കും. 3 പേരടങ്ങുന്ന ടീമായി മത്സരത്തിൽ പങ്കെടുക്കാം. പ്രഫഷനൽ ക്വിസർ എ.ആർ. രഞ്ജിത്താണ് മത്സരം നയിക്കുക.
നേതൃപാടവവും മാർക്കറ്റിങ് കഴിവും നിങ്ങൾക്കുണ്ടെങ്കിൽ മടിക്കാതെ ബ്രാൻഡിങ് മത്സരത്തിന് തയാറാവാം. ‘മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നതിൽ എങ്ങനെ സ്ത്രീകളിൽ കുടുതൽ അവബോധം സൃഷ്ഷ്ടിക്കും’ എന്നതാണ് മൽസരം. ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 20,000 രൂപയാണ് സമ്മാനം. രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 15,000, 10,000 വീതം രൂപ ലഭിക്കും. 5 പേരടങ്ങുന്ന ടീമായി മത്സരത്തിൽ പങ്കെടുക്കാം.
പരമാവധി 8 പേരുടെ ടീമിനാണ് സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. 25,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയുമാണ്.
3 പേരടങ്ങുന്ന ടീമായാണ് ഡംഷരാട്സ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വനിതകളെ സംബന്ധിച്ചായിരിക്കും ചോദ്യങ്ങൾ. മത്സരത്തിൽ വിജയിക്കുന്ന ടീമിന് 15,000 രൂപയും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് യഥാക്രമം 10,000, 7,500 രൂപയുമാണ് സമ്മാനം.
കോളജുകളുടെ പേരിലാണ് മത്സരത്തിന് റജിസ്റ്റർ ചെയ്യേണ്ടത്. മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന കോളജിന് ഓവറോള്‍ ചാംപ്യൻഷിപ് ലഭിക്കും. മൽസരങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് ടിഎ നൽകും. മാർച്ച് 6 ന് കൊച്ചി, കാക്കനാട് ജെയിൻ കോളജ് ക്യാംപസിലാണ് മത്സരം. രാവിലെ 8.30ന് റജിസ്ട്രേഷൻ ആരംഭിക്കും. 6 മണി വരെയാണ് പരിപാടികൾ.
കൂടുതൽ വിവരങ്ങൾക്ക്: 91–7356720333
വെബ്സൈറ്റ്: www.manoramaonline.com/womensday