പഠനത്തോടൊപ്പം വീടുകളിൽ ജോലി, ആ സ്വപ്നം തേടി ബൽജിത്; ഇന്ന് ലോകത്തെ ഉയരമുള്ള കൊടുമുടിക്ക് മുകളിൽ
Mail This Article
പഠനത്തൊടൊപ്പം വീടുകളിൽ ജോലിക്ക് പോയി, കോവിഡ് കാലത്ത് ഓൺലൈൻ ഫിറ്റ്നെസ് ക്ലാസുകൾ നടത്തി. ഇതെല്ലാം ബൽജിത് കൗർ എന്ന യുവതി ചെയ്തത് ഉയരങ്ങളിലേക്കുള്ള യാത്രയ്ക്ക് വേണ്ടിയായിരുന്നു. ഹിമാചൽ പ്രദേശ് സ്വദേശിനിയായ ബൽജിത് കൗറിന്റെ കഥ എവർക്കും പ്രചോദനമാകുന്നതാണ്. 30 ദിവസത്തിനുള്ളിൽ അന്നപൂർണ, കാഞ്ചൻജംഗ, എവറസ്റ്റ്, ലോത്സെ എന്നിവ കീഴടക്കുന്ന ആദ്യ ഇന്ത്യൻ വനിത, ഓക്സിജൻ ഇല്ലാതെ 8000 മീറ്റർ ഉയരമുള്ള കൊടുമുടികൾ കീഴടക്കിയ വനിത, അങ്ങനെ വെറും 30 വയസിനിടെ ബൽജിത്ത് സ്വന്തമാക്കിയത് നിരവധി നേട്ടങ്ങളാണ്.
കുട്ടിക്കാലം മുതൽ ബൽജിത്തിന് പർവ്വതങ്ങളോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. ഗ്രാമത്തിനടുത്തുള്ള ചെറിയ കുന്നുകൾ കയറിയാണ് ആദ്യ യാത്രകൾ തുടങ്ങിയത്. 20 വയസ്സുള്ളപ്പോൾ ഒരു എൻസിസി ക്യാമ്പിനിടെയായിരുന്നു ജീവിതത്തെ തന്നെ മാറ്റിമറിയ്ക്കാൻ പോന്ന ഇഷ്ടം ബൽജിത്ത് തിരിച്ചറിഞ്ഞത്. തന്റെ ലക്ഷ്യം പർവതാരോഹണമാണെന്ന് തിരിച്ചറിഞ്ഞ അവർ അതിനായി പരിശ്രമിക്കാൻ തുടങ്ങി. നാട്ടിൽ വേണ്ടത്ര ഉയരമുള്ള പർവ്വതങ്ങൾ ഇല്ലാത്തത് അവരിലെ പർവതാരോഹകയിൽ നിരാശ നിറച്ചു ഒപ്പം വീട്ടിലെ സാമ്പത്തിക സ്ഥിതിയും.
കോളജ് പഠനകാലത്ത് വീട്ടുജോലികൾ ചെയ്താണ് ബിൽജിത്ത് വരുമാനം കണ്ടെത്തിയത്. പർവതാരോഹണമെന്ന സ്വപ്നം പിന്തുടരാൻ ലോക്ക്ഡൗൺ സമയത്ത് ഓൺലൈനിൽ ഫിറ്റ്നസ് ക്ലാസുകളും അവർ എടുത്തിരുന്നു. മകളുടെ ആത്മാർഥമായ പരിശ്രമം കണ്ട അമ്മ സ്വന്തം ആഭരണങ്ങൾ വിറ്റ് ബൽജിത്തിന്റെ സ്വപ്നത്തിനായി ഒപ്പം നിന്നു.
എല്ലാ ശ്രമങ്ങളും ഫലം കണ്ടു. ഒരു മാസം കൊണ്ട് ബൽജിത്ത് 8000 മീറ്റർ ഉയരമുള്ള അന്നപൂർണ്ണ, കാഞ്ചൻജംഗ, എവറസ്റ്റ്, ലോത്സെ എന്നിവ കീഴടക്കി. ലോത്സെ പോലെ അതികഠിനമായ പർവ്വതം പോലും ഓക്സിജന്റെ സഹായമില്ലാതെയാണ് താൻ കയറിയിറങ്ങിയതെന്ന് ബൽജിത്ത് അവകാശപ്പെടുന്നു. ഏതായാലും മനസിൽ നിശ്ചയിച്ചുറപ്പിച്ച് ഒരു കാര്യത്തിനായിൻ ഇറങ്ങിത്തിരിച്ചാൽ അത് സാധിക്കാനാകുമെന്ന് ഈ വനിത തെളിയിച്ചിരിക്കുകയാണ്.