കസ്റ്റമേഴ്സിനെ ഷെയർ ചെയ്താൽ എന്താണ് തെറ്റ്? രാജ്ഞിമാരുടെ രാജ്ഞിയായി സന്ധ്യ; പോരാട്ടം നെഗറ്റിവിറ്റിക്കെതിരെ
Mail This Article
രോഗത്തിനും അവഗണനയ്ക്കുമെല്ലാം എത്രത്തോളം ഒരു സ്ത്രീയെ തളർത്താനാകും. എത്ര തളർത്തിയാലും അതിൽ നിന്നെല്ലാം കയറിവരാൻ അവൾക്കാവുന്നത് മനോധൈര്യത്തിന്റെ പിൻബലത്തിലാണ്. തോറ്റുപോകണ്ടേവളല്ല താൻ എന്ന് സ്വയം വിശ്വസിപ്പിച്ചു തുടങ്ങിയാൽ പിന്നെ ഒരു സ്ത്രീയെയും പിന്നിലേക്കു മാറ്റിനിർത്താനാവില്ല. സന്ധ്യ സി.രാധാകൃഷ്ണൻ നമ്മോടു പറയുന്നതും അതു തന്നെയാണ്. നമ്മൾ നമ്മളെത്തന്നെ ആദ്യം തിരിച്ചറിയണം, എങ്കിൽ മാത്രമേ മുന്നേറാൻ സാധിക്കൂ. ഇന്ന് നമ്മൾ നേരിടുന്നത് ഏറ്റവുമധികം നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്ന ഒരു സമൂഹത്തെയാണ്. അവിടെ വിജയിക്കുന്ന ഓരോ സ്ത്രീയും ധീരവനിതയാണ്. അങ്ങനെ സ്വന്തം ജീവിതം കൊണ്ട് ഉത്തരം പറയുന്ന ഒരു കൂട്ടം സ്ത്രീകളുടെ കൂട്ടായ്മയുടെ സാരഥിയും സംരംഭകയുമായ സന്ധ്യ സി.രാധാകൃഷ്ണന് നമ്മളോട് പങ്കുവയ്ക്കാനുള്ളത് ഒരു സ്ത്രീ കടന്നുപോകുന്ന അനേകം ദുർഘട പാതകളുടെ കഥയാണ്. കൊടുങ്ങല്ലൂർ സ്വദേശിനി സന്ധ്യ ഒരു ഓൺലൈൻ സംരംഭകയാണ്, എംബ്രോയ്ഡറി ആർട്ടിസ്റ്റും മോഡലും രണ്ടായിരത്തിലധികം വനിതാ സംരംഭകരെ ഒരുമിച്ചു കൊണ്ടുപോകുന്ന ക്വിൻസ് ബിസിനസ് ഗ്ലോബൽ എന്ന കൂട്ടായ്മയുടെ സ്ഥാപകയുമാണ്.
സ്വയം പര്യാപ്തയാവുകയെന്നാൽ ജീവിതത്തിൽ വിജയിക്കുക എന്നതാകുന്നു
ചെറുപ്പം മുതൽ ബോഡി ഷെയ്മിങ്ങിന്റെ ഭീകരമായ അവസ്ഥകളിലൂടെ കടന്നുപോന്ന ആളാണ് സന്ധ്യ. മെലിഞ്ഞ ശരീരമായതിനാൽ എല്ലാവർക്കും തന്റെ ശരീരത്തെക്കുറിച്ചു സംസാരിക്കാൻ മാത്രമേ തോന്നിയിരുന്നുള്ളുവെന്നും അത് മാനസികമായി ഏറെ തളർത്തിയിരുന്നതായും സന്ധ്യ പറയുന്നു. ചെറിയ പ്രായം മുതൽ അനുഭവിച്ചുവന്ന ആ വിഷമങ്ങൾ സ്വന്തമായി ജീവിതം ഉണ്ടായപ്പോഴാണ് മാറിയതെന്നും ഇന്ന് താൻ തന്നിൽ ഏറെ സന്തോഷവതിയാണെന്നും സന്ധ്യ. തനിക്ക് എന്തോ കുറവുണ്ടെന്നുള്ള ഒരു ചിന്ത സമൂഹം സന്ധ്യയുടെ മനസ്സിലേക്ക് അടിച്ചേൽപ്പിച്ചിരുന്നു; അൾസറേറ്റിവ് കോളൈറ്റസ് എന്ന രോഗബാധിതയാണ് താൻ എന്ന സത്യം സന്ധ്യയുടെ ജീവിതത്തിന്റെ വഴിത്തിരിവായി മാറി.
‘‘ഒരു മനുഷ്യന്റെ വില നിശ്ചയിക്കുന്നത് അയാളുടെ ശരീരപ്രകൃതിയോ ആരോഗ്യകാരണങ്ങളോ ഒന്നുമല്ല, അവരുടെ കഴിവാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ലോക്ഡൗൺ കാലത്താണ് എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്ന ആശയം മനസ്സിലുദിക്കുന്നത്. അതിനുമുമ്പ് വിവിധ കമ്പനികളിൽ മികച്ച സ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്നതാണ്. പക്ഷേ എല്ലായിടത്തും എന്റെ അപ്പിയറൻസ് ഒരു സംസാരവിഷയമായിരുന്നു. ചിലരുടെ ചോദ്യങ്ങളും നോട്ടങ്ങളും സഹിക്കാവുന്നതിനും അപ്പുറമായിരുന്നു പലപ്പോഴും. നമ്മൾ എത്രയൊക്കെ ആത്മവിശ്വാസത്തോടെ പ്രവർത്തിച്ചാലും ഇത്തരം പെരുമാറ്റങ്ങൾ വല്ലാതെ തളർത്തിക്കളയും. അങ്ങനെ ജോലിയുപേക്ഷിച്ച് ഒതുങ്ങിക്കൂടിയ സമയമായിരുന്നു ലോക്ഡൗൺ. ലോകത്തുള്ള സകലമാന ആളുകളും വീട്ടകങ്ങളിലേയ്ക്ക് ചുരുങ്ങിയ ആ കാലത്താണ് സത്യം പറഞ്ഞാൽ ഏറ്റവും കൂടുതൽ സംരംഭകർ പിറവിയെടുത്തത്. വീട്ടിലുന്നുകൊണ്ട് ചെറുതെങ്കിലും ഒരു വരുമാനം നേടണമെന്ന് ആളുകൾ ചിന്തിക്കുകയും അതിനുള്ള വഴികൾ തേടുകയുമെല്ലാം ചെയ്തുതുടങ്ങി. അങ്ങനെ ഞാനും സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു. ചെറുപ്പത്തിൽ അമ്മ കൈത്തുന്നൽ പഠിപ്പിച്ചുതന്നിരുന്നു. അറിയാവുന്ന ആ കഴിവ് തന്നെ ഒന്ന് പൊടിതട്ടിയെടുക്കാം എന്നു കരുതി. അങ്ങനെ യൂടുബിൽനിന്ന്, എംബ്രോയ്ഡറി ചെയ്യുന്നത് പഠിച്ചെടുത്തു.”
അവിടെ നിന്ന് പതിയെ എംബ്രോയ്ഡറി ഹൂപ്പ് ആർട്ടിലേക്ക് ചുവടുവച്ചു, ലോക്ഡൗണിന് രണ്ടു മാസം മുമ്പ് വരെ എച്ച്ആർ പഴ്സനൽ ആയി ജോലി ചെയ്തിരുന്ന സന്ധ്യ പിന്നീട് മുഴുവൻ സമയ എംബ്രോയ്ഡറി കലാകാരിയായി. അത് പിന്നീട് സ്വന്തം ബിസിനസിലേക്കുള്ള മുന്നേറ്റമായി മാറി. അങ്ങനെയാണ് സാൻഡീസ് ക്രാഫ്റ്റ് വേൾഡ് പിറവിയെടുക്കുന്നത്. എംബ്രോയിഡറി നൂല് കൊണ്ട് ചിത്രങ്ങൾ വരയ്ക്കുന്ന രീതിയാണ് ഇത്. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണമുള്ള ചിത്രങ്ങളാണ് സന്ധ്യ ഹാൻഡ് വർക്ക് ചെയ്തുകൊടുക്കുന്നത്. ജോലിയെന്നതിലുപരി സ്വയം സന്തോഷിപ്പിക്കുക എന്നതാണ് ഇതിലൂടെ സന്ധ്യ ലക്ഷ്യമിട്ടത്. കഠിനാധ്വാനത്തിനും ആത്മസമർപ്പണത്തിനും എപ്പോഴെങ്കിലും അംഗീകാരം ലഭിക്കുമെന്നതിന്റെ തെളിവാണ് സന്ധ്യയുടെ ഹാൻഡ്‌മേഡ് വർക്കുകൾക്ക് ലഭിച്ച ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും. സാൻഡീസ് ക്രാഫ്റ്റ് വേൾഡ് എന്ന ഓൺലൈൻ വ്യാപാരത്തിൽനിന്ന് ഇന്ന് കൊടുങ്ങല്ലൂരിൽ സാൻഡിസ് സോയ് എന്ന ഔട്ട്‌ലെറ്റിൽ എത്തിനിൽക്കുകയാണ് സന്ധ്യയുടെ സംരംഭകത്വം.
കസ്റ്റമേഴ്സിനെ ഷെയർ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?
“വർക്ക് ചെയ്തുതുടങ്ങിയതോടെ നല്ല പ്രതികരണങ്ങളും ലഭിക്കാൻ തുടങ്ങി. സോഷ്യൽ മീഡിയ ആണല്ലോ പ്രധാനപ്പെട്ട മാർക്കറ്റ് പ്ലേയ്സ്. വർക്കുകൾ കൂടുതൽ ലഭിച്ചുതുടങ്ങിയപ്പോൾ ഞാൻ ആലോചിച്ചു, എന്നെപ്പോലെ ചെയ്യുന്ന മറ്റുള്ളവർ കൂടിയുണ്ടെങ്കിൽ അധികമായി വരുന്ന വർക്ക് അവർക്കുകൂടി ഷെയർ ചെയ്യാമല്ലോ എന്ന്. പക്ഷേ ഈയൊരാശയം ഞാൻ പങ്കുവച്ചപ്പോൾ മിക്കവരുടേയും അഭിപ്രായം അത് എന്നെ സാരമായി ബാധിക്കും എന്നായിരുന്നു. എനിക്ക് ലഭിക്കുന്ന കസ്റ്റമേഴ്സിനെ മറ്റൊരാൾക്ക് നൽകിയാൽ അത് എനിക്ക് നഷ്ടം വരുത്തുമെന്നായിരുന്നു അവരുടെ വാദം. ഞാൻ ചിന്തിച്ചത് ഇത്രമാത്രമായിരുന്നു– ചെറുതെങ്കിലും ഒരു വരുമാനം കണ്ടെത്താൻ ആഗ്രഹിക്കുന്ന എത്ര സ്ത്രീകളുണ്ട് നമുക്ക് ചുറ്റും. പക്ഷേ മുഖ്യധാരയിലേയ്ക്ക് കടന്നുവരാൻ പലർക്കുമാകുന്നില്ല. എനിക്ക് 10 വർക്ക് കിട്ടി അതുചെയ്തുകൊണ്ടിരിക്കുമ്പോൾ അടുത്ത വർക്ക് വന്നാൽ അത് എനിക്ക് ചെയ്യാൻ പറ്റിയെന്ന് വരില്ല. അപ്പോൾ അത് മറ്റൊൾക്ക് നൽകാം. അതിലൂടെ അവർക്കും ഒരു വരുമാനമാർഗ്ഗം ലഭിക്കും. എന്നാൽ എന്റെ ഈ ആശയത്തോട് ആരും യോജിക്കാൻ തയാറായില്ല.
നമ്മൾ വളരുന്നതിനൊപ്പം മറ്റുള്ളവർ കൂടി വളരുന്നതിൽ എന്താണ് തെറ്റ്. എതിർപ്പുകൾ ഉണ്ടായിട്ടും ആ ആശയവുമായി മുന്നോട്ട് പോകാൻ ഞാൻ തീരുമാനിച്ചു. സോഷ്യൽ മീഡിയയിൽ എന്നെ അറിയാവുന്ന ഒരു 5000 പേർ ഉണ്ടാവും. എന്നെപ്പോലെ കഴിവുകളുള്ള മറ്റുള്ളവർ കൂടി ഒരുമിച്ച് ചേർന്നാൽ അത് ലക്ഷക്കണക്കിന് പേരിലേക്ക് എത്തിച്ചേരുമെന്ന വിശ്വാസം ഉണ്ടായതു കൊണ്ടാണ് ഇങ്ങനെയൊരു ആശയം മുന്നോട്ട് വയ്ക്കാൻ എന്നെ പ്രേരിപ്പിച്ചത്. അങ്ങനെ ഒരു വാട്സാപ് ഗ്രൂപ്പ് തുടങ്ങി. ആ കൂട്ടായ്മ ഇന്ന് ലോകമെമ്പാടുമുള്ള മലയാളി വനിത സംരംഭകരുടെ വലിയൊരു ടീമാണ്.
രാജ്ഞിമാരുടെ രാജ്ഞി; സംരംഭകയും സ്ഥാപകയും സഹയാത്രികയും
ഓരോരുത്തരും അവരവരുരോയ ബിസിനസുകളിൽ മികവ് തെളിയിച്ചവർ, സംരംഭത്തിലേക്കു ചുവട് വയ്ക്കുന്നവരെ കൈ പിടിച്ചു കയറ്റുന്നവർ, പരസ്പരം സഹകരിച്ച് ഒരു നെറ്റ്‍വർക്കായി പ്രവർത്തിക്കുന്നവർ, അങ്ങനെ ഒരു വലിയ സ്ത്രീ സംരംഭക കൂട്ടായ്മയായി മാറികൊണ്ടിരിക്കുകയാണ് ക്യൂബിജി അഥവാ ക്യൂൻസ് ബിസിനസ് ഗ്ലോബൽ എന്ന ഓൺലൈൻ കൂട്ടായ്മ. ഇവിടെ വലിയ സംരംഭകർ, ചെറിയ സംരംഭകർ എന്നൊന്നുമില്ല, എല്ലാവരും തുല്യരാണ്. 2000 ൽപരം പേർ ഈ കൂട്ടായ്മയുടെ ഭാഗമായിട്ടുണ്ട്. അതിൽ തന്നെ, പല തരം ജോലികൾ ചെയ്യുന്നവർ. ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളുമായി നേരിട്ടുള്ള വ്യവഹാരം ആയതിനാൽ തന്നെ എല്ലാവർക്കും അർഹിക്കുന്ന രീതിയിലുള്ള അംഗീകാരങ്ങൾ ലഭിക്കുന്നുവെന്നതാണ് ഈ കൂട്ടായ്മയുടെ വിജയം. ഗ്രൂപ്പിന് നിലവിൽ 52,000-ത്തിലധികം ഉപഭോക്താക്കളുണ്ട്, വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നും പ്രായ വിഭാഗങ്ങളിൽനിന്നും വ്യത്യസ്ത ഉൽപന്നങ്ങളും സേവനങ്ങളും നൽകുന്ന ക്യുബിജി ഇന്ന് ഒരു സോഷ്യൽ മീഡിയ മാർക്കറ്റാണ്. കോവിഡ് 19 ആരംഭിച്ചതിന് ശേഷം സ്വന്തം ജീവിതരീതി കണ്ടെത്തിയ നിരവധി സ്ത്രീകളുണ്ട്.
വീട്ടിലിരുന്നുകൊണ്ട് തന്നെ സ്ത്രീകൾക്ക് സമ്പാദിക്കാനും അവരിൽ സമ്പാദ്യശീലം വളർത്താനും സന്ധ്യ മുൻകൈ എടുത്ത് ആരംഭിച്ച കൂട്ടായ്മ ഇന്ന് ആയിരക്കണക്കിന് സ്ത്രീകൾക്ക് അവരുടെ ജീവിതവിജയത്തിന്റെ സാക്ഷ്യമായി മാറിയിരിക്കുകയാണ്. പ്രായമായ അമ്മമാർ മുതൽ ചെറിയ പെൺകുട്ടികൾ വരെ ഈ ഗ്രൂപ്പിലുണ്ട്. ഓൺലൈൻ വ്യാപാരത്തിന്റെ ആദ്യാക്ഷരങ്ങൾ അറിയാത്ത, തങ്ങളുടെ ഉൽപന്നങ്ങളെ എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കുമെന്ന് പരിചയമില്ലാത്തവർക്കൊക്കെ ക്യൂബിജി ഒരു കൈത്താങ്ങാണ്. ഓരോ സ്ത്രീയും അവളുടെ ലോകത്തെ രാജ്ഞിയാണ്. തങ്ങളിലെ കഴിവുകളെ തിരിച്ചറിഞ്ഞ് അതിനെ മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നവിധം വിനിയോഗിക്കാനുമായാൽ നിങ്ങൾ വിജയിച്ചു. ക്യൂബിജി സമൂഹത്തിന് കാണിച്ചുനൽകുന്നത് ആ വിജയകഥയാണ്. സന്ധ്യയ്ക്കൊപ്പം മറ്റ് നാല് സംരംഭകരും കൂടി ചേർന്നാണ് ഇന്ന് ഈ കൂട്ടായ്മയുടെ എല്ലാകാര്യങ്ങളും ചെയ്യുന്നത്.
സ്ത്രീശാക്തീകരണം വെറും വാക്കുകളിൽ ഒതുങ്ങരുത്
‘‘സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കണമെന്ന് പറയുമ്പോൾ പലപ്പോഴും അത് മറ്റൊരർഥത്തിലാണ് സമൂഹം കാണാൻ ശ്രമിക്കുന്നത്. തുല്യത എന്ന് പറഞ്ഞാൽ പുരുഷനേക്കാൾ മുകളിൽ സ്ഥാനം ലഭിക്കണമെന്നോ പുരുഷനെ അടക്കി ഭരിക്കുന്ന സ്ത്രീയെന്നോ അല്ല അർഥമാക്കുന്നത്. ഒരു സ്ത്രീ സ്വതന്ത്രയാകുന്നത് സാമ്പത്തികമായി കൈവരിക്കുന്ന സമത്വത്തിൽ കൂടിയാണ്. മോശം മാത്രം കാണാൻ ശ്രമിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിച്ചു പോകുന്നത്. ഇന്നും എവിടെയെങ്കിലും ചെല്ലുമ്പോൾ ആദ്യം ഞാൻ നേരിടുന്ന ചോദ്യം എന്റെ ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ച് തന്നെയാണ്. നിരന്തര ബോഡിഷെയിമിങ്ങിനെയും അൾസറേറ്റീവ് കൊള്ളൈറ്റിസ് എന്ന അപൂർവ രോഗത്തെയും അതിജീവിച്ച എനിക്ക് ഇന്നും ഇത്തരം ആളുകളെ നേരിടേണ്ടി വരുന്നത് നമ്മുടെ സമൂഹം ഒരിക്കലും മാറാൻ പോകുന്നില്ല എന്ന സത്യം നിലനിൽക്കുന്നത് കൊണ്ടാണ്. ഒരാൾ വണ്ണം വയ്ക്കുന്നതോ ക്ഷീണിക്കുന്നതോ ഒക്കെ നിങ്ങൾക്ക് അറിയാത്ത പല കാരണങ്ങൾ കൊണ്ടാകാം. ഒരാളുടെ ശാരീരിക ഘടന വച്ച് ആരെയും കളിയാക്കാൻ ശ്രമിക്കരുത്. അതുപോലെ മറ്റുള്ളവരല്ല, നമ്മൾ നമ്മളെ അംഗീകരിച്ചെങ്കിൽ മാത്രമേ ഈ സമൂഹവും നമ്മളെ അംഗീകരിക്കൂ. കുറവുകളെ കഴിവുകൾ കൊണ്ട് മറികടക്കാൻ കഴിയണം. അവിടെയാണ് നമ്മുടെ വിജയം. മറ്റുള്ളവർ പറയുന്നത് കേട്ട് ഒന്നും ചെയ്യാതെ സങ്കടപ്പെട്ടും സ്വയം പഴിച്ചും ഇരുന്നിരുന്നെങ്കിൽ ഞാൻ ഇന്നീ നിലയിൽ എത്തില്ലായിരുന്നു. നമ്മൾ സ്ത്രീകൾ ഒരിക്കലും മറ്റുള്ളവരുടെ പരിഗണനകൾക്കായി കാത്തിരിക്കേണ്ടതില്ല. നമ്മുടെ മുൻഗണനകളെ തിരിച്ചറിഞ്ഞ് അതിനായി പരിശ്രമിക്കുക. സാമ്പത്തികമായി സ്വാതന്ത്ര്യം നേടുമ്പോൾ ലോകം നമ്മളെ അംഗീകരിച്ചുകൊള്ളും. ’’