8 വർഷത്തോളം ഭർതൃവീട്ടിൽ പീഡനം, വിവാഹമോചിതയായ മകളെ ബാൻഡ് മേളത്തോടെ ആനയിച്ച് കുടുംബം
Mail This Article
കാലം മാറിയതോടെ വിവാഹമോചനത്തെ പറ്റിയുള്ള ആളുകളുടെ കാഴ്ചപ്പാടിലും മാറ്റം വന്നിട്ടുണ്ട്. എന്നാലും പലയിടങ്ങളിലും വിവാഹമോചിതരായി എത്തുന്ന മക്കളെ തിരികെ അയക്കാൻ നിർബന്ധിപ്പിക്കുന്നവരും നിരവധിയുണ്ട്. വിവാഹമോചനം നേടിയ മകളെ ഭർത്താവിന്റെ വീട്ടിൽ നിന്ന് ആഘോഷപൂർവം ആനയിച്ച് കൊണ്ടുവരുന്ന ഒരു കുടുംബത്തിന്റെ വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നുള്ളതാണ് കാഴ്ച.
ബിഎസ്എൻഎല്ലിലെ ജീവനക്കാരനായിരുന്ന അനില്‍ കുമാറും കുടുംബവുമാണ് വിവാഹമോചിതയായ മകള്‍ ഉർവിയെ ആഘോഷപൂർവം വീട്ടിലേക്ക് സ്വീകരിച്ചത്. ബാന്റ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്വീകരണം. വിവാഹ സമയത്ത് ഉര്‍വി ധരിച്ച ദുപ്പട്ട ഭർത്താവിന്റെ വീടിന്റെ ഗെയ്റ്റിന് മുകളിൽ തൂക്കിയിട്ടതിന് ശേഷമാണ് മകളെ കുടുംബം ആഘോഷമായി തിരികെ കൊണ്ടുവന്നത്.
വിവാഹമോചിതയായ മകളെ ആഘോഷപൂർവം സ്വീകരിക്കുന്ന കുടുംബത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നിരവധി പേരാണ് ഉർവിയുടെ അച്ഛനും മറ്റു കുടുംബാംഗങ്ങൾക്കും അഭിനന്ദനം അറിയിക്കുന്നത്.
2016ലാണ് ഉർവിയും ആഷിഷും തമ്മിലുള്ള വിവാഹം നടന്നത്. 8 വർഷത്തോളം ഭർത്താവിന്റെ വീട്ടിൽ ഉർവിക്ക് പീഡനം അനുഭവിക്കേണ്ടി വന്നുവെന്നാണ് റിപ്പോർട്ടുകൾ. പിന്നാലെയാണ് യുവതി ഭർത്താവിൽ നിന്ന് വിവാഹമോചനം വാങ്ങുന്നത്.