ചായ മാത്രമല്ല പുസ്തകങ്ങളും കിട്ടും; വെറൈറ്റിയാണ് എഴുപത്തിനാലുകാരിയുടെ പുസ്തക ഹോട്ടൽ
Mail This Article
ചെറുപ്പത്തിൽ വായിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന, എന്നാൽ ആവശ്യമുള്ളപ്പോഴൊന്നും പുസ്തകങ്ങൾ ലഭിക്കാതിരുന്ന പെൺകുട്ടിയിൽ നിന്നും ഇന്ന് തന്റെ ഹോട്ടലിലെത്തുന്നവർക്ക് ആയിരക്കണക്കിന് പുസ്തകങ്ങൾ വായനയ്ക്കായി ഒരുക്കിയിരിക്കുകയാണ് ഒരു മുത്തശ്ശി. നാസിക്ക് സ്വദേശിനിയായ എഴുപത്തി നാലുകാരിയായ ഭീമാഭായി ജോന്ദലെയാണ് വളരെ വ്യത്യസ്തമായൊരു സംരംഭത്തിലൂടെ പുതുതലമുറയിലും വായനാശീലം വളർത്താൻ പ്രയത്നിക്കുന്നത്. 'അജ്ജിച്യ പുസ്തകാഞ്ച ഹോട്ടൽ’എന്ന പേരിൽ മുത്തശ്ശി നടത്തുന്ന ഭക്ഷണശാലയിൽ നല്ല രുചികരമായ ആഹാരത്തിനൊപ്പം നിങ്ങൾക്ക് വായിക്കാൻ നിറയെ പുസ്തകങ്ങളും ലഭിക്കും അതും സൗജന്യമായി.
ആജി എന്നറിയപ്പെടുന്ന ഭീമാഭായി 2010 മുതൽ ഹോട്ടൽ നടത്തുന്നു. മറാത്തി, ഹിന്ദി, ഇംഗ്ലീഷ് എന്നീ മൂന്ന് വ്യത്യസ്ത ഭാഷകളിലായി 5,000ത്തിലധികം പുസ്തകങ്ങൾ ഇവിടെയുണ്ട്. പെട്ടെന്നൊരു സന്ദർഭത്തിൽ ആജിയ്ക്ക് തോന്നിയതല്ല ഇതൊന്നും. അതിനുപിന്നിൽ അവർ അനുഭവിച്ച സങ്കടങ്ങളും ത്യാഗങ്ങളുമുണ്ട്. ഹോട്ടൽ ഇപ്പോൾ നിറങ്ങളാലും വിശാലമായ ഇരിപ്പിടങ്ങളാലും ഒരുക്കിയിട്ടുണ്ടെങ്കിലും മുമ്പ് അതൊരു ചായം മാത്രം നൽകുന്നൊരു താൽക്കാലിക സ്ഥലമായിരുന്നു.
ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഭീമാഭായിയുടെ വിവാഹം. ചെറുപ്പം മുതൽ പുസ്തകങ്ങളെ ആ കൊച്ചു പെൺകുട്ടി ഏറെ സ്നേഹിച്ചു. എന്നാൽ വിവാഹത്തോടെ അതെല്ലാം മാറിമറിഞ്ഞു. വിദ്യാഭ്യാസം നിലച്ചു. പതിനാലാമത്തെ വയസിൽ അമ്മയായി. ഒരു ചെറിയകുട്ടി മറ്റൊരു കുട്ടിയെ നോക്കേണ്ട അവസ്ഥ. മദ്യപാനിയായ ഭർത്താവ് യാതൊരു ഉത്തരവാദിത്തവുമില്ലാതെ അലഞ്ഞു നടന്നപ്പോൾ വീടു മാത്രമല്ല കൃഷിയിടങ്ങളും കൂടി ആ പ്രായത്തിൽ ഭീമാഭായിക്ക് നോക്കി നടത്തേണ്ടി വന്നു.
മക്കൾ വളർന്നു വരുന്നതോടെ അവരെ സ്‌കൂളിൽ അയക്കാൻ താൻ ആഗ്രഹിച്ചുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം അത് നടന്നില്ലെന്ന് ഭീമാഭായി പറയുന്നു. കുടുംബത്തെ പോറ്റാൻ ഒരു മാർഗവുമില്ലാതെ ഭീമാഭായി വിവിധ ആളുകളുടെ വയലുകളിൽ മണിക്കൂറുകളോളം പണിയെടുത്തു. മകൻ സ്വന്തം നിലയിൽ പഠനം ആരംഭിക്കുകയും 2008-ൽ കുടുംബം നഗരത്തിലേക്ക് താമസം മാറുകയും ചെയ്തു. ഇതിനിടെ ഭീമാഭായിയുടെ മകൻ പ്രവീൺ ഒരു പബ്ലിഷിങ് കമ്പനി തുടങ്ങിയെങ്കിലും കുറച്ചുനാളുകൾക്കുശേഷം പൂട്ടേണ്ടിവന്നു. കമ്പനിയിൽ കുറേ മറാത്തി ഭാഷാ പുസ്തകങ്ങളുടെ സ്റ്റോക്ക് ഉണ്ടായിരുന്നു. കൃഷിയെ ആശ്രയിച്ചായിരുന്നു അതുവരെ ആ കുടുംബം കഴിഞ്ഞിരുന്നത്. മകനും മകളുമടങ്ങുന്ന ഭീമാഭായിയുടെ കുടംബം അങ്ങനെ വരുമാനത്തിനായി ഒരു ചെറിയ ചായക്കട തുടങ്ങി. വായനയിൽ താൽപ്പര്യമുണ്ടെങ്കിലും ഒരിക്കലും അവസരം ലഭിക്കാത്ത ഒരു സ്ത്രീ എന്ന നിലയിൽ, ആളുകൾക്കിടയിൽ വായനാ ശീലമുണ്ടാകാനായി ഭീമാഭായി തീരുമാനിച്ചു. പബ്ലിഷിങ് കമ്പനിയിൽ നിന്നും ലഭിച്ച മറാത്തി പുസ്തകങ്ങൾ അവിടെ വായനയ്ക്കായി സജ്ജീകരിച്ചു.
പുസ്തകങ്ങൾ നമ്മുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണ്. ഏത് സാഹചര്യത്തിലും അവർ നിങ്ങളുടെ കൂട്ടാളികളാണ്. ഭക്ഷണശാലയിലെ ഒരു സ്റ്റാൻഡിൽ വെറും 25 പുസ്തകങ്ങളുമായിട്ടാണ് തങ്ങൾ ആരംഭിച്ചതെന്നും ഭക്ഷണം പാകം ചെയ്യുമ്പോൾ ഒരു പുസ്തകമെടുത്ത് വായിക്കാൻ തങ്ങൾ ആളുകളെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയെന്നും അവർ പറയുന്നു. ഭക്ഷണം അവരുടെ മേശയിൽ എത്തുമ്പോഴേക്കും അവർ പുസ്തകത്തിന്റെ രണ്ടാം അധ്യായത്തിൽ എത്തിയിരിക്കുമെന്ന് ഭീമാഭായി. ആ അമ്മയുടെ വളരെ വ്യത്യസ്തമാർന്ന ഉദ്യമത്തെ എല്ലാവരും അഭിനന്ദിക്കാനും തുടങ്ങിയതോടെ പുസ്തകങ്ങളുള്ള ചായക്കട കൂടുതൽ ആളുകളിലേയ്ക്ക് എത്താനാരംഭിച്ചു. കേവലം 25 പുസ്തകങ്ങളുമായി തുടങ്ങിയ പുസ്തക ശേഖരം ഇന്ന് 5000 പുസ്തകങ്ങളായി വളർന്നുനിൽക്കുകയാണ്. ഭക്ഷണശാലയിലെ പുസ്തകങ്ങൾക്ക് പുറമേ, വനിതാ ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ പ്രത്യേക അവസരങ്ങളിൽ ആളുകൾക്കിടയിൽ വായനാ ശീലം ആരംഭിക്കുന്നതിന് സൗജന്യ പുസ്തകങ്ങളും ഭീമാഭായി നൽകുന്നുണ്ട്. ഒപ്പം ആശുപത്രികളിലേയ്ക്കും സമ്മാനമായി പുസ്തകങ്ങൾ നൽകുന്നു.