ADVERTISEMENT

ഉത്തർപ്രദേശിലെ ആദ്യത്തെ വനിതാ പിങ്ക്-ഇ റിക്ഷാ ഡ്രൈവറായ ആരതി (18), ബക്കിങ്ഹാം കൊട്ടാരത്തിലേക്കു ക്ഷണിക്കപ്പെടുന്നതുവരെ അധികമാർക്കും അറിയാത്ത സാധാരണ പെൺകുട്ടിയായിരുന്നു. എന്നാൽ ലണ്ടനിലെ പ്രശസ്തമായ അമൽ ക്ലൂണി വനിതാ ശാക്തികരണ പുരസ്കാരം തേടിയെത്തിയതോടെ ആരതി ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയിലെ സ്ത്രീ ശാക്തീകരണത്തിലെ മുഖ്യ കണ്ണിയായതിനാലാണ് ആരതി എന്ന പെൺകുട്ടിയെ ഈ പുരസ്കാരത്തിന് അർഹയാക്കിയത്. ഇന്ത്യയിലെ പിങ്ക് ഇ-റിക്ഷാ സംരംഭത്തിന്റെ പ്രധാന ഭാഗമാണ് ആരതി. 

കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇന്ത്യൻ ഗവൺമെന്റിന്റെ  പിങ്ക് ഇ-റിക്ഷ പദ്ധതിയിൽ ആരതി അംഗമാകുന്നത്. പിങ്ക് ഇ-റിക്ഷയിൽ പ്രവർത്തിച്ച് മറ്റ് പെൺകുട്ടികളെ പ്രചോദിപ്പിച്ചതിനാണ് ആരതിക്കു പുരസ്കാരം. ചെറുപ്രായത്തിൽ അമ്മയായ ആരതിക്ക് താൻ നേരിട്ടതുപോലെയുള്ള ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി പ്രവർത്തിക്കാനാണ് ആഗ്രഹം. ‘‘ഈ പുരസ്കാരം എന്നെ കൂടുതൽ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നു. അതിനൊപ്പം തന്നെ അഞ്ചുവയസ്സുള്ള എന്റെ മകളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കണം.’’– പുരസ്കാരം സ്വീകരിച്ചുകൊണ്ട് ആരതി പറഞ്ഞു. 

ലണ്ടനിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിന്റെ ഓർമയ്ക്കായി മകൾക്ക് വേണ്ടി ഒരു കേക്കും ‌ഷൂസും വാങ്ങിയാണ് ആരതി മടങ്ങിയത്. സംരക്ഷണം, പരിശീലനം, സ്വയംപര്യാപ്തത എന്നിവയിലൂടെ സ്ത്രീകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഉത്തർപ്രദേശ് സർക്കാർ 2020-ൽ ആരംഭിച്ച മിഷൻ ശക്തി പദ്ധതിയിലൂടെയാണ് ആരതി പരിശീലനം നേടിയത്. ഈ സ്കീമിന് കീഴിൽ, സ്ത്രീകൾക്ക് ഇലക്ട്രിക് റിക്ഷകൾ ഓടിക്കാനുള്ള പരിശീലനവും ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നൽകുന്നുണ്ട്. 

വെയിൽസ് രാജകുമാരനായിരിക്കെ ചാൾസ് രാജാവ് സ്ഥാപിച്ച പ്രിൻസ് ട്രസ്റ്റ് ഇന്റർനാഷണൽ, തൊഴിൽ, വിദ്യാഭ്യാസം, സംരംഭകത്വ പരിപാടികൾ എന്നിവയിലൂടെ 20 രാജ്യങ്ങളിലെ യുവാക്കളെ പിന്തുണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഈ ട്രസ്റ്റിന്റെ കീഴിലുള്ള അവാർഡാണ് അമൽ ക്ലൂണി വുമൻ എംപവർമെന്റ് അവാർഡ്. 

English Summary:

Aarti: From a Pink E-Rickshaw Driver to Buckingham Palace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com