ലണ്ടൻ നഗരത്തെ ഞെട്ടിച്ച് അന്ന് ബസ്സിന്റെ ഡ്രൈവിങ് സീറ്റിലേക്ക് അവൾ കയറി; ആദ്യ വനിതാ ഡ്രൈവറായി ജിൽ വിനർ
Mail This Article
ലണ്ടൻ നഗരത്തിന്റെ തിരക്കേറിയ വീഥികളിലൂടെ യാത്രക്കാരെയും വഹിച്ച് നീങ്ങിയിരുന്ന ഒരു ബസ്സിന്റെ ഡ്രൈവിങ് സീറ്റിലേക്ക് ഒരു ദിവസം ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒരു പെൺകുട്ടി കയറിയിരുന്നു. ബസ്സിൽ ഉണ്ടായിരുന്നവർ പോലും അത്ഭുതപ്പെട്ട നിമിഷം. ഈ പറഞ്ഞുവരുന്നത് ഇപ്പോഴത്തെ കഥയൊന്നുമല്ല 50 വർഷം മുൻപ് ലണ്ടൻ നഗരത്തിൽ ഒരു വനിത സൃഷ്ടിച്ച ചരിത്രത്തെ കുറിച്ചാണ്. ലണ്ടൻ പാസഞ്ചർ ബസുകളുടെ ആദ്യ വനിതാ ഡ്രൈവറായി ജിൽ വിനർ മാറി.
ഇന്നത്തെ ഒരു എട്ടുവയസ്സുകാരിയോട് വലുതാകുമ്പോൾ എന്തായിത്തീരണമെന്ന് ചോദിച്ചാൽ അവളുടെ ഉത്തരങ്ങളിൽ ചിലപ്പോൾ ഒരു ബസ് ഡ്രൈവർ ആകണമെന്ന് കേട്ടാലും നമ്മളാരും ആശ്ചര്യപ്പെടില്ല. എന്നാൽ സ്ത്രീകൾക്ക് പാസഞ്ചർ ബസ്സുകൾ ഓടിക്കാൻ അനുവാദമില്ലാതിരുന്ന കാലത്ത് ജിൽ വിനറുടെ ബാല്യകാല സ്വപ്നം വിലക്കപ്പെട്ടു. പിന്നീട് 1974 മേയ് അവസാനം, ജിൽ ഒരു ലണ്ടൻ ബസിന്റെ സ്റ്റിയറിങ് തിരിച്ച ആദ്യ വനിതയായി മാറി. ഏകദേശം 20 വർഷത്തെ അവളുടെ പാരമ്പര്യവും കരിയറും ഇപ്പോൾ ലണ്ടൻ ട്രാൻസ്പോർട്ട് മ്യൂസിയം ആഘോഷിക്കുകയാണ്.
കുട്ടിക്കാലം മുതൽ ബസ് ഡ്രൈവറാകണമെന്നായിരുന്നു ജിൽ വിനിന്റെ സ്വപ്നം. 1974നു മുൻപ് ചില സ്ത്രീകൾ ട്രാൻസ്പോർട്ട് ബസ് ഓടിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ജിൽ ആണ് യാത്രക്കാരുമായി സർവീസ് നടത്തുന്ന ബസ്സിന്റെ ആദ്യ വനിതാ ഡ്രൈവറായത്. തെക്ക്-പടിഞ്ഞാറൻ ലണ്ടനിലെ നോർബിറ്റൺ ഗാരേജിലായിരുന്നു ജിൽ സേവനമനുഷ്ഠിച്ചിരുന്നത്, 1993 വരെ അവർ അവിടെ ബസ് ഡ്രൈവറായി ജോലി ചെയ്തു.
ഡ്രൈവറായി ജിൽ വന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ 30 സ്ത്രീകൾ ബസുകൾ ഓടിക്കാൻ അപേക്ഷിച്ചെന്നാണ് വിവരം. തുടർന്ന് 1980-ൽ ലണ്ടൻ ട്രാൻസ്പോർട്ട്, ബസ് ഡ്രൈവർമാരാകാൻ സ്ത്രീകളെ സജീവമായി റിക്രൂട്ട് ചെയ്യാൻ തുടങ്ങി. ഇന്ന്, ലണ്ടനിലേക്കുള്ള ട്രാൻസ്‌പോർട്ടിന്റെ എല്ലാ മേഖലകളിലും നിരവധി സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെന്നും ഒപ്പം സംഘടനയുടെ എല്ലാ തലങ്ങളിലും സ്ത്രീകൾക്കു പ്രാതിനിധ്യവുമുണ്ടെന്നും ജില്ലിന്റെ വിജയം ആഘോഷിക്കുന്ന ലണ്ടൻ ട്രാൻസ്പോർട്ട് മ്യൂസിയം പറഞ്ഞു.
1996ൽ വിന്നർ അന്തരിച്ചു. ഇപ്പോൾ അവരുടെ ജീവിതം നിരവധി സ്ത്രീകൾക്ക് പ്രചോദനമാകുന്നതിനാൽ കൂടിയാണ് ലണ്ടൻ ട്രാൻസ്പോർട്ട് മ്യൂസിയം അവരുടെ ജീവിതം ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ലണ്ടൻ പോലെ വളരെ വികസിതവും പുരോഗമനപരവുമായ ഒരു നഗരത്തിൽ പോലും സ്ത്രീ ഡ്രൈവർമാർ കുറവാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.യാത്രക്കാരിൽ അധികവും സ്ത്രീകളായിട്ട് പോലും എന്നും പൊതുഗതാഗതത്തിൽ സ്ത്രീകൾക്ക് അനുപാതികമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും താരതമ്യേന കുറച്ച് സ്ത്രീകൾ മാത്രമാണ് ബസ് ഡ്രൈവർമാർ ആകുന്നുള്ളൂ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സമൂഹത്തിന്റെ മനോഭാവം മാറുന്നതിനും സ്ത്രീകൾ കൂടുതൽ ഈ മേഖലകളിലേക്ക് കടന്നു വരാനും വേണ്ടിയാണ് മ്യൂസിയം ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.