ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പകർത്തുന്നത് പലർക്കും ഇന്ന് ഹരമാണ്. വ്യത്യസ്തതകൾ നിറഞ്ഞ സെൽഫികൾ പകർത്തുന്നതിനു വേണ്ടി എന്ത് സാഹസികതയ്ക്കും മുതിരുന്നവരുണ്ട്. അത്തരം ശ്രമത്തിനിടെ ഒരു യുവതിക്ക് സ്വന്തം ജീവൻ നഷ്ടമാകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. പാഞ്ഞുവരുന്ന ട്രെയിനിനു മുന്നിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ തട്ടി യുവതി മരിച്ചു. 

മെക്സിക്കോയിലാണു സംഭവം. ഹിഡാൽഗോയിക്ക് സമീപമുള്ള റെയിൽവേ ട്രാക്കിലൂടെ ആവി എൻജിൻ ഘടിപ്പിച്ച എംപ്രസ്  എന്ന ട്രെയിൻ കടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പകർത്താൻ കൂടി നിൽക്കുന്ന ആളുകളെ വിഡിയോയിൽ കാണാം. അപകടത്തിൽപ്പെട്ട യുവതി മകനൊപ്പമാണ് ചിത്രങ്ങൾ പകർത്താൻ എത്തിയത്. ട്രാക്കിൽ നിന്നും ഏതാനും ഇഞ്ചുകൾ മാത്രം അകലെയായിരുന്നു ഇവർ നിന്നിരുന്നത്.  ട്രെയിൻ എത്തുന്നത് കണ്ടതോടെ അതിനൊപ്പമുള്ള ചിത്രം പകർത്താനായി യുവതി ഒരു ചുവട് മുന്നിലേക്ക് കയറി നിന്നു.

ട്രെയിനിനു പുറംതിരിഞ്ഞ് നിന്ന് സെൽഫി എടുക്കാനായിരുന്നു ശ്രമം. ട്രാക്കിൽ നിന്നും വിട്ടു നിന്നതിനാൽ അപകടം ഉണ്ടാവില്ല എന്നാണ് ഇവർ കരുതിയത്. എന്നാൽ അതിവേഗതയിൽ വന്ന എൻജിന്റെ ഒരു വശം യുവതിയുടെ തലയ്ക്ക് പിന്നിലായി ശക്തിയായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ താഴെ വീണ യുവതിയെ സമീപത്ത് നിന്നയാൾ സഹായിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒപ്പം ഉണ്ടായിരുന്ന കുട്ടിയും ട്രാക്കിനു സമീപത്തേക്ക് നീങ്ങി നിന്നിരുന്നെങ്കിലും ട്രെയിൻ എത്തുന്നത് കണ്ട് അല്‍പം പിന്നിലേക്ക് മാറിയതിനാലാണ് രക്ഷപ്പെട്ടത്.

ട്രെയിൻ കാണാൻ കൂടി നിന്ന ചിലരാകട്ടെ അപകടം നടന്ന ശേഷവും സംഭവം കാമറയിൽ പകർത്തുന്നതിന്റെ തിരക്കിലുമായിരുന്നു. അടിയന്തര സർവീസിൽ വിളിച്ച് വൈദ്യസഹായം തേടിയെങ്കിലും അപ്പോഴേക്കും യുവതിയുടെ മരണം സംഭവിച്ചു കഴിഞ്ഞു. ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സ്വന്തം ജീവൻ പണയംവച്ച് ഒരു ചിത്രം പകർത്താൻ ശ്രമിക്കുന്നതിലെ ബുദ്ധിശൂന്യതയാണ് ആളുകൾ ചൂണ്ടിക്കാണിക്കുന്നത്. സ്വന്തം കുഞ്ഞിന്റെ ജീവൻ പോലും സംരക്ഷിക്കണമെന്ന ചിന്തയില്ലാതെയാണ് യുവതി പെരുമാറിയത് എന്നും ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്. ട്രാക്കിനു സമീപത്തു നിന്നും പിന്നിലേക്ക് മാറാൻ കുട്ടി കാണിച്ച വിവേകം പോലും യുവതിക്ക് ഇല്ലാതെ പോയതാണ് മരണത്തിലേക്കു നയിച്ചത് എന്നാണ് മറ്റൊരാളുടെ കമന്റ്.

സംഭവത്തിൽ പൊലീസിന്റെ സഹകരണത്തോടെ അന്വേഷണം നടത്തുമെന്ന് ട്രെയിൻ സർവീസ് നടത്തുന്ന കനേഡിയൻ പസഫിക് കാൻസാസ് സിറ്റി എന്ന കമ്പനി അറിയിച്ചു. കാനഡ, യുഎസ്, മെക്സിക്കോ എന്നീ രാജ്യങ്ങളിലൂടെ ഒറ്റ ട്രിപ്പ് നടത്തുന്നതിനായി എംപ്രസ് എന്ന വിന്റേജ് ട്രെയിൻ ഏപ്രിലിലാണ് പുറപ്പെട്ടത്. ട്രെയിനിന്റെ യാത്ര അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ്  അപകടം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ റെയിൽവേ ട്രാക്കിൽ നിന്നും 10 മീറ്ററെങ്കിലും അകലം പാലിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

English Summary:

Tragic Selfie Attempt: Young Woman Hit by Train in Mexico

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com