ADVERTISEMENT

ആർത്തവം ഇന്ന് ഒളിഞ്ഞും മറഞ്ഞും സ്ത്രീകൾക്കിടയിൽ മാത്രം ചർച്ചയായി ഒരുങ്ങി നിൽക്കുന്ന കാര്യമല്ല. ആർത്തവത്തെക്കുറിച്ചും ആർത്തവ ശുചിത്വത്തെക്കുറിച്ചും അവബോധമുള്ളവരുടെയും തുറന്നു സംസാരിക്കുന്നവരുടെയും എണ്ണം നാൾക്കുനാൾ വർധിക്കുന്നുണ്ട്. ആർത്തവകാലത്തെ ബുദ്ധിമുട്ടുകളിൽ നിന്നും സ്ത്രീകൾക്ക് വലിയതോതിൽ ആശ്വാസമേകിയ വിപ്ലവകരമായ കണ്ടെത്തലായിരുന്നു മെൻസ്ട്രൽ കപ്പുകൾ. എന്നാൽ ഇപ്പോഴും മെൻസ്ട്രൽ കപ്പുകൾ നൽകുന്ന സൗകര്യത്തെക്കുറിച്ചും അതിന്റെ ഉപയോഗ രീതിയെക്കുറിച്ചും അറിയാത്തവരാണ് ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളും പെൺകുട്ടികളും. ഈ സാഹചര്യത്തിൽ സാധാരണക്കാരായ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് മെൻസ്ട്രൽ കപ്പുകളുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കിയും സ്വന്തമായി മെൻസ്ട്രൽ കപ്പ് ബ്രാൻഡിന് രൂപം നൽകിയും ആയിരക്കണക്കിന് സ്ത്രീകൾക്ക് ടെൻഷൻ ഫ്രീ ആർത്തവ കാലം ഉറപ്പു നൽകുകയാണ് ഇറാ ഗുഹ എന്ന വനിത. ആർത്തവ ശുചിത്വത്തിനുവേണ്ടിയുള്ള ഇറയുടെ പ്രയത്നത്തിന്റെയും ആസാൻ മെൻസ്ട്രുവൽ കപ്പുകൾ പുറത്തിറക്കിയതിന്റെയും പിന്നിലെ കഥ ഇങ്ങനെ.

asancup-1
Image Credit∙ @CartierAwards/ X

ബെംഗളൂരു സ്വദേശിയായ ഇറ സ്കൂൾ പഠനകാലത്ത് സ്പോർട്സിൽ സജീവമായിരുന്നു.  ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾക്കായി പലയിടങ്ങളിലും പോകേണ്ടി വന്ന സാഹചര്യത്തിൽ ഉപയോഗിച്ച പാഡ് നിർമാർജനം ചെയ്യാനുള്ള സംവിധാനങ്ങളില്ലാതെ ഏറെ വിഷമിച്ചിരുന്ന അവസ്ഥയിലൂടെ ഇറയ്ക്ക് കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ഉന്നത പഠനത്തിനായി യുകെയിലേക്ക് പോയ അവസരത്തിലാണ് മെൻസ്ട്രൽ കപ്പുകൾ ഉപയോഗിച്ച് തുടങ്ങിയത്. എന്നാൽ അപ്പോഴും ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകൾക്കും ഇതേക്കുറിച്ച് അവബോധം ഇല്ലാത്ത സാഹചര്യത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.  ഒരിക്കൽ അവധിക്ക് നാട്ടിലെത്തിയ സമയത്ത് വീട്ടിൽ സഹായത്തിന് എത്തിയിരുന്ന സ്ത്രീ സാനിറ്ററി പാഡ് ഉപയോഗിച്ചത് മൂലമുള്ള അലർജി കാരണം ജോലിക്ക് എത്താൻ സാധിക്കില്ല എന്ന് അറിയിച്ചു. സാധാരണക്കാരായ സ്ത്രീകൾ ആർത്തവകാലത്ത് എത്രത്തോളം ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നു പോകുന്നത് എന്ന ചിന്തയാണ് ഇറയുടെ മനസ്സിലേക്ക് എത്തിയത്. പിറ്റേന്ന് അവർക്ക് മെൻസ്ട്രൽ കപ്പിനെ പറ്റി വളരെ വിശദമായിത്തന്നെ ഇറ പറഞ്ഞുകൊടുത്തു. പുതിയതായി വാങ്ങി കയ്യിൽ കരുതിയ കപ്പ് അവർക്ക് നൽകുകയും ചെയ്തു. കപ്പ് ഉപയോഗിച്ച് തുടങ്ങിയ ശേഷം ആർത്തവ കാലം ഏറ്റവും ലളിതമായി കടന്നുപോകുന്നു എന്നായിരുന്നു അവർ നൽകിയ റിവ്യൂ.

ഇതൊരു പുതിയ തുടക്കമായിരുന്നു. സമാനമായ സാഹചര്യങ്ങളിൽ കൂടി കടന്നുപോകുന്ന സ്ത്രീകളെയോ പെൺകുട്ടികളെയോ കണ്ടാൽ അവർക്ക് മെൻസ്ട്രൽ കപ്പുകളെക്കുറിച്ച് അവബോധം നൽകുന്നതിന് ഇറ സമയം കണ്ടെത്തി. അത്തരക്കാർക്ക് വിതരണം ചെയ്യാനായി കപ്പുകൾ വാങ്ങി സൂക്ഷിക്കാനും തുടങ്ങി. ഹാർവാർഡിലെ പഠനകാലത്ത് ഇറയുടെ ഈ ഉദ്യമത്തെക്കുറിച്ച് കേട്ടറിഞ്ഞ ഒരു പ്രൊഫസറാണ് സ്വന്തമായി ഒരു മെൻസ്ട്രവൽ കപ്പ് ഡിസൈൻ ചെയ്യാൻ നിർദ്ദേശിച്ചത്. അങ്ങനെ ഹാർവാർഡ് ഇന്നൊവേഷൻ ലാബിലെ ഒരു എൻജിനീയറുടെ സഹായത്തോടെ കപ്പുകൾ നിർമിച്ച് ആസാൻ എന്ന പേരിൽ  പുറത്തിറക്കി.

asan-cup
Image Credit∙ @CartierAwards/ X

നിർമിച്ച കപ്പുകൾ യുകെയിലെയും ഇന്ത്യയിലെയും സുഹൃത്തുക്കൾ വഴി  വിതരണം ചെയ്ത് പ്രതികരണങ്ങൾ അറിഞ്ഞു. എന്നാൽ ഇന്ത്യയിലെ സ്ത്രീകളിൽ ഭൂരിഭാഗം ആളുകളും മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നതിന് മാനസികമായി തയാറായിരുന്നില്ല. സാധാരണക്കാരായ സ്ത്രീകൾക്ക് അവരുടെ പ്രാദേശിക ഭാഷയിൽ കപ്പിനെക്കുറിച്ച് അവബോധം നൽകാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. ലോക്കൽ സോഷ്യൽ വർക്കർമാരുടെ സഹായത്തോടെ അവ വിതരണം ചെയ്തു. ആസാനിൽ നിന്നും വിറ്റുപോകുന്ന ഓരോ കപ്പിനും ആനുപാതികമായി എൻജിഒകളുടെ സഹകരണത്തോടെ ഗ്രാമപ്രദേശങ്ങളിൽ ഓരോ കപ്പുകൾ സൗജന്യമായി നൽകാനായിരുന്നു തീരുമാനം. കപ്പ് സൂക്ഷിക്കാനുള്ള പൗച്ചും പ്രാദേശിക ഭാഷയിൽ ഉപയോഗക്രമം വിശദീകരിക്കുന്ന കുറിപ്പും കപ്പിനൊപ്പം നൽകുന്നുണ്ട്. കർണാടക, കനകപുര എന്നിവിടങ്ങളിലെ 60 ഗ്രാമങ്ങളിലുള്ള സ്ത്രീകൾ ഇപ്പോൾ ആസാൻ കപ്പുകളാണ് ഉപയോഗിക്കുന്നത്. 15000 ത്തോളം കപ്പുകൾ വിതരണം ചെയ്തു കഴിഞ്ഞു.

2500 പാഡുകളോ ടാമ്പൂണുകളോ ഉപയോഗിക്കുന്നതിന് സമമാണ് ഒരു ആസാൻ മെൻസ്ട്രുവൽ കപ്പ്. ആറുമാസകാലത്തേക്ക് പാഡുകൾ വാങ്ങുന്ന പണമുണ്ടെങ്കിൽ ഒരു മെൻസ്ട്രൽ കപ്പ് വാങ്ങാം. എന്നാൽ ഇത് പിന്നീടുള്ള പത്തുവർഷം ഉപയോഗിക്കാം എന്നതാണ് മേന്മ. 12 മണിക്കൂറുകൾ കപ്പുകൾ പുറത്തെടുക്കാതെ ഉപയോഗിക്കാനാവും. മെഡിക്കൽ ഗ്രേഡ് സിലിക്കണിൽ നിർമിച്ചിരിക്കുന്നതിനാൽ ആരോഗ്യ സുരക്ഷയും ആസാൻ മെൻസ്ട്രുവൽ കപ്പുകൾ  ഉറപ്പു നൽകുന്നു. സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നതിലൂടെയുള്ള പരിസ്ഥിതി മലിനീകരണവും കുറയ്ക്കാനാവും എന്നതും എടുത്തു പറയേണ്ട മേന്മയാണ്. ഇവയെല്ലാം മനസ്സിലാക്കി ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്ന സാധാരണക്കാരായ കൂടുതൽ സ്ത്രീകൾ ഇപ്പോൾ ആസാൻ മെൻസ്ട്രൽ കപ്പുകൾ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ആർത്തവ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യയിലെ ജനങ്ങൾക്കു കൃത്യമായ അവബോധം നൽകി പീരീഡ് പോവർട്ടി ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തിലേക്കാണ് ഇറയുടെ ഓരോ ചുവടുവയ്പ്പും.

English Summary:

Aazan Menstrual Cups: A Sustainable Solution to Menstrual Health in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com